ഇരട്ടക്കൊലപാതകം: പ്രതി റിമാന്‍ഡില്‍
അടിമാലി (ഇടുക്കി): പള്ളിവാസലിനു സമീപം രണ്ടാം മൈലില്‍ അമ്മയേയും മകളേയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു.
രണ്ടാംമൈലില്‍ വാടകയ്ക്കു താമസിച്ചു വന്നിരുന്ന രാജമ്മ (62), മകള്‍ ഗീത (36) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മരിച്ച ഗീതയുടെ കാമുകനുമായ മധുര ആറപാളയം ബത്താനിപുരം സ്വദേശി പ്രഭു കൃഷ്ണമൂര്‍ത്തി(32) യെയാണ് ദേവികുളം കോടതി റിമാന്‍ഡ് ചെയ്തത്. ഇയാള്‍ മരപ്പണിക്കാരനാണ്. പ്രഭുവും ഗീതയും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളാണ് കൊലയ്ക്കു കാരണമെന്ന് പൊലിസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെ ഗീതയുടെ വീട്ടിലെത്തിയ പ്രഭു ഗീതയുമായി വാക്കേറ്റമുണ്ടാക്കുകയും ബഹളം കൂട്ടുകയും ചെയ്തു. തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ പണി സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന ഉളി ഉപയോഗിച്ച് ഗീതയെ കുത്തുകയായിരുന്നു. തലയ്ക്കും മാറിനും പുറത്തും കഴുത്തിനും കുത്തേറ്റു. ഇതിനിടെ തടസം പിടിക്കാനെത്തിയ ഗീതയുടെ മാതാവ് രാജമ്മയ്ക്കും കുത്തേറ്റു. ഭയന്ന പ്രതി പുറത്തേക്കോടി രക്ഷപ്പെട്ടു. ഇതിനിടെ സ്ഥലത്തെത്തിയ ഗീതയുടെ ഭര്‍ത്താവ് സതീശനാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയേയും ഭാര്യാ മാതാവിനേയും കണ്ടത്. തുടര്‍ന്ന് മൂന്നാര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതി രാത്രി 10 മണിയോടെ വെള്ളത്തൂവല്‍ പൊലിസില്‍ കീഴടങ്ങി.
ഇരട്ടക്കൊലപാതകം നടന്ന വീട്ടിലും പരിസരത്തും ഇടുക്കി ജില്ലാ പൊലിസ് മേധാവി കെ.വി വേണുഗോപാല്‍, മൂന്നാര്‍ ഡിവൈ.എസ്.പി അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ജനരോഷം ഭയന്ന് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."