തിരൂര്‍ നഗരസഭാ അധികൃതര്‍ക്കെതിരേ വീണ്ടും ആഞ്ഞടിച്ച് എം.എല്‍.എ
തിരൂര്‍: മൂന്നു വര്‍ഷക്കാലം സമയം കിട്ടിയിട്ടും ഒരു മൂത്രപ്പുര പോലും സ്ഥാപിക്കാന്‍ കഴിയാത്ത തിരൂര്‍ നഗരസഭാ അധികൃതര്‍ക്ക് ഇനിയുള്ള രണ്ടു വര്‍ഷത്തിനുള്ളില്‍ മലമറിക്കാനാകില്ലെന്ന് സി. മമ്മൂട്ടി എം.എ.എല്‍.എ. മെട്രോമാന്‍ ഇ. ശ്രീധരനെ അംബാസഡറായി പ്രഖ്യാപിച്ചതല്ലാതെ കാര്യമായ പദ്ധതികളൊന്നും നടപ്പാക്കി വിജയിപ്പിക്കാനാകാത്ത നഗരസഭാ അധികൃതര്‍ താന്‍ കൊണ്ടുവരുന്ന വികസന പദ്ധതികളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും എം.എല്‍.എ ആരോപിച്ചു. അമിനിറ്റി സെന്ററും തിരൂര്‍-പൊന്നാനി പുഴയോര സൗന്ദര്യവല്‍ക്കരണവും മറ്റ് പദ്ധതികളും ഇതിന് ഉദാഹരണങ്ങളാണെന്നും എം.എല്‍.എ പറഞ്ഞു. തിരൂര്‍ താഴെപ്പാലം പാലം അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ വിജ്ഞാപനമിറക്കാനുള്ള രേഖകളില്‍ അപാകതയുണ്ടാക്കി നടപടികളില്‍ കാലതാമസമുണ്ടാക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ രഹസ്യനീക്കമുണ്ടായതായി തനിക്ക് സംശയമുണ്ട്. തിരൂര്‍ റെയില്‍വെ മേല്‍പ്പാലം അപ്രോച്ച് റോഡിനായി 2.90 ലക്ഷം രൂപയുടെ പ്രൊജക്ട് കഴിഞ്ഞ ആഴ്ചയാണ് സമര്‍പ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളം ഇതിന്റെ ഡിസൈന്‍ ലഭിക്കുന്നതിനായി സമയം പാഴാക്കി. ഈ തുക അനുവദിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്.
മുത്തൂര്‍ റെയില്‍വെ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡിന് 22 കോടി രൂപ വേണ്ടി വരും. 2017-18 ബജറ്റില്‍ ധനകാര്യമന്ത്രി തോമസ് ഐസക് കിഫ്ബിയില്‍നിന്ന് 50 കോടി വാഗ്ദാനം ചെയ്തിരുന്നു. ഈ തുക കിട്ടിയാല്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാവും. എന്നാല്‍ കഴിഞ്ഞ ദിവസം ധനമന്ത്രിയെ കണ്ടപ്പോള്‍ ഫണ്ട് ലഭിക്കില്ലന്ന നിരാശാജനകമായ മറുപടിയാണ് ലഭിച്ചതെന്നും എം.എല്‍.എ പറഞ്ഞു. തിരൂരിന്റെ വികസനത്തിന് നഗരസഭ പദ്ധതി തയാറാക്കി നല്‍കിയാല്‍ പൂര്‍ണമായും സഹകരിക്കും. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലന്നും താന്‍ നിയോജക മണ്ഡലത്തിലില്ലെന്ന ആരോപണത്തിന് കഴിഞ്ഞ ഏഴുവര്‍ഷത്തെ വികസന നേട്ടങ്ങളാണ് മറുപടിയെന്നും എം.എല്‍.എ പറഞ്ഞു. തിരൂരില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനും പ്രഭാതസവാരിക്കായുള്ള നടപ്പാതയ്ക്കുമായി നഗരസഭ സ്ഥലം കണ്ടെത്തി തന്നാല്‍ പദ്ധതി തുക താന്‍ അനുവദിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."