സിനിമാ രംഗത്തെ സ്ത്രീ സുരക്ഷ: റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സ്ത്രീസുരക്ഷയെ സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. നിയമസഭയില്‍ എം. സ്വരാജ് എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജസ്റ്റിസ് ഹേമ ചെയര്‍പേഴ്‌സണായുള്ള വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭ്യമായശേഷം ഈ രംഗത്ത് ആവശ്യമായ ഇടപെടലുകള്‍ നടത്തും. സിനിമാ നിര്‍മാണം, വിതരണം, പ്രദര്‍ശനം, തുടങ്ങിയ മേഖലകളിലെ പ്രതിനിധികളും വിദഗ്ധ അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും, അടങ്ങുന്ന സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി നിയമനിര്‍മാണം നടത്തുന്ന കാര്യവും സജീവ പരിഗണനയിലാണ്. ചലച്ചിത്ര നിര്‍മാണത്തെ വ്യവസായമായി കണക്കാക്കാന്‍ ആ രംഗത്തെ എല്ലാ വിഭാഗവുമായും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. മിനിമം വേതനം കാലോചിതമായി പുതുക്കി നിശ്ചയിക്കുന്നതിന് ഉപദേശക സമിതിയെ തൊഴില്‍ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എ.കെ ബാലന്‍ വ്യക്തമാക്കി. സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും എം. സ്വരാജ് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."