ശിവഗിരി തീര്‍ഥാടകരെ വരവേല്‍ക്കാന്‍ അരുവിപ്പുറത്ത് വിപുലമായ ഒരുക്കങ്ങള്‍
നെയ്യാറ്റിന്‍കര: 86-ാമത് ശിവഗിരി തീര്‍ഥാടനം ഡിസംബര്‍ 30 , 31 ദിവസങ്ങളില്‍ നടക്കാനിരിക്കെ ശിവഗിരിയില്‍ നിന്നുള്ള തീര്‍ഥാടകരെ വരവേല്‍ക്കാന്‍ അരുവിപ്പുറത്ത് വിപുലമായ ഒരുക്കങ്ങള്‍ സജ്ജമാക്കി. ഇതോടനുബന്ധിച്ച് അരുവിപ്പുറത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അലോചന യോഗം നടന്നു. മുന്‍ വര്‍ഷങ്ങളെ പോലെ ഇത്തവണയും ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരണയായി. തീര്‍ഥാടന ദിവസങ്ങളില്‍ അരുവിപ്പുറത്തും പരിസരത്തും വനിത പൊലിസ് ഉള്‍പ്പെടെ 350 പൊലിസുകാരെ വിന്യസിക്കും. കൂടാതെ പൊലിസ് , എക്‌സൈസ് കണ്‍ട്രോള്‍ റൂമുകളും തുറന്ന് പ്രവര്‍ത്തിക്കും.
പൊലിസ് സ്‌ക്വഡുകളുടെ സജീവ സാന്നിധ്യവും ഫയര്‍ ഫോഴ്‌സ് ആംബുലന്‍സുകളുടെ സേവനവും തീര്‍ഥാടനവസാനം വരെയുമുണ്ടാകും. ഇതോടൊപ്പം ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സുകളുടെ സേവനവും അലോപ്പതി , ആയൂര്‍വേദ , ഹോമിയോ വകുപ്പുകളുടെ ഡിസ്‌പെന്‍സറികളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ക്വഡുകള്‍ സ്ഥലത്ത് തങ്ങളുടെ സാനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ ലംഘിക്കാതിരിക്കാന്‍ ശുചിത്വമിഷന്‍ അധികൃതരും സന്നിഹിതരായിരിക്കും.ഈ ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വിസുകള്‍ നടത്തും.ഗതാഗതം സുഗമമാക്കുന്നതിന് വണ്‍വേ സംവിധാന നിയന്ത്രണവും ഏര്‍പ്പെടുത്തും.
കുടി വെളളം സുലഭമായി ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ സേവനവും വൈദ്യുതി തടസ്സപ്പെടാതിരിക്കാന്‍ ഇലക്ട്രിസിറ്റി വകുപ്പിന്റെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഗുരുക്ഷേത്രം സ്ഥിതി ചെയ്യുന്ന കൊടിതൂക്കിമല കുമാരഗിരിയിലും പ്രത്യേക സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. അരുവിപ്പുറവും പരിസരവും സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. കെ.ആന്‍സലന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഐ.ബി.സതീഷ് എം.എല്‍.എ , ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ , നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ മോഹനകുമാര്‍ , തീര്‍ഥാടന മീഡിയ കമ്മിറ്റി ചീഫ് കോഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് സംസാരിച്ചു. ജനപ്രതിനിധികള്‍ , വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."