വൈജ്ഞാനിക നവോത്ഥാനത്തില്‍ അറബി ഭാഷയുടെ പങ്ക് നിസ്തുലം: മന്ത്രി
കഴക്കൂട്ടം: വൈജ്ഞാനിക നവോന്ഥാനത്തിന് മധ്യകാലഘട്ടത്തില്‍ അറബി ഭാഷ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു.
ശാസ്ത്ര,സാമൂഹിക, സാമ്പത്തിക രംഗത്തും അറബി ഭാഷയില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് നവോത്ഥാന കാലഘട്ടത്തില്‍ യൂറോപ്പിന് വഴികാട്ടിയായത്.
അന്താരാഷ്ട്ര അറബി ഭാഷദിനാചരണത്തിന്റെ ഭാഗമായി കേരള സര്‍വകലാശാല അറബി വിഭാഗം റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിംങ് അബ്ദുല്ലാ ബിന്‍ അബ്ദുല്‍ അസീസ് സെന്ററുമായി സഹകരിച്ച് കാര്യവട്ടം സര്‍വകലാശാലയില്‍ നടത്തിയ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തകഴിയുടെ ചെമ്മീന്‍ മുതല്‍ എം.ടിയുടെ നാല് കെട്ടുവരെയുള്ള നിരവധി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത് കേരളവും അറബ് രാജ്യങ്ങളും സൂക്ഷിച്ച് വന്നിരുന്ന സൗഹൃദങ്ങളുടെ സാംസ്‌കാരിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. മഹാദേവന്‍ പിള്ള, ന്യൂഡല്‍ഹിയിലെ സൗദി എംബസിയിലെ അക്കാദമിക് കോര്‍ഡിനേറ്റര്‍ ഡോ. അഹ്മദ് സുബൈര്‍ ഫാറൂഖി, മൂസ അബ്ദുല്‍ലത്തീഫ് അല്‍ ഹജ്ജാബ്, യു.എ.ഇ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അബ്ദുല്ല അല്‍ കഹതാനി, ഡോ. ബി. മൊയ്തീന്‍കുട്ടി, ഡോ. താജുദ്ദീന്‍ മന്നാനി, ഡോ. എം. ത്വാഹ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."