പ്രാര്‍ഥനകള്‍ വിഫലം; സനയുടെ മരണം വിശ്വസിക്കാനാകാതെ നാട്ടുകാര്‍
രാജപുരം: സനയെ തിരികെ കിട്ടണേയെന്ന നാട്ടുകാരുടെ ഉള്ളുരുകിയ പ്രാര്‍ഥനകള്‍ വിഫലം. നാലു വയസുകാരിയുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ നാട്ടുകാര്‍. ഒരാഴ്ചയായി ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനയും പ്രയത്‌നവുമായിരുന്നു വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ കാണാതായ സന ഫാത്തിമ എന്ന മൂന്നുവയസുകാരി.
കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത വിതുമ്പലോടെയാണു നാട്ടുകാര്‍ കേട്ടത്. തീരദേശ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ ഉച്ചയ്ക്കാണ് പവിത്രംകയം ഭാഗത്തു വച്ച് സനയുടെ മൃതദേഹം കണ്ടത്. പുഴയിലേക്കു താഴ്ന്നുകിടന്ന മരക്കൊമ്പില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം.
സനയെ കണ്ടെത്താന്‍ കൈമെയ് മറന്ന് ഒരാഴ്ചയായി പൊലിസ്, ഫയര്‍ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ തുടരുകയായിരുന്നു. ദുരന്ത നിവാരണസേനയും തിരച്ചില്‍ നടത്തിയിരുന്നു. തീരദേശസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നീന്തല്‍താരം എം.ടി.പി സൈഫുദ്ധീന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നാലുദിവസം തിരച്ചില്‍ നടത്തിയിരുന്നു. പി. കരുണാകരന്‍ എം.പി, കലക്ടര്‍ കെ. ജീവന്‍ബാബു, എസ്.പി കെ.ജി സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍ തുടങ്ങിയവര്‍ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങള്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."