അത്തിപ്പറ്റ ഉസ്താദിന് അന്ത്യചുംബനം നല്‍കി മുനവ്വറലി തങ്ങളുടെ സ്മരണ
#പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഒരു വിശ്വാസി എങ്ങനെ ആയിരിക്കണമെന്നതിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു മഹാനായ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ല്യാര്‍ എന്ന അത്തിപ്പറ്റ ഉസ്താദ്. മറ്റുള്ളവര്‍ക്ക് സ്വാന്ത്വനവും സന്തോഷവും നല്‍കുന്ന അനുഗ്രഹീത സാന്നിധ്യമാണ് അദ്ദേഹത്തിന്റേത്.ഭൗതിക താല്പര്യങ്ങളോട് സന്ധി ചെയ്യാത്ത,സമ്പൂര്‍ണമായും ശരീഅ,ത്തിനു വേണ്ടി നിലകൊണ്ട പ്രശോഭിത വ്യക്തിത്വമായിരുന്നു അദ്ദേഹം.ഭൗതികമായ താല്പര്യങ്ങളും മറ്റും പണ്ഡിതന്മാരെ പോലും സ്വാധീനിക്കുന്ന ഇക്കാലത്ത് തീര്‍ത്തും വ്യത്യസ്തനായി,ജീവിതത്തില്‍ അങ്ങേയറ്റം ലാളിത്യം കൈമുതലാക്കി തന്റെ കൂടെയുള്ളവരെ അള്ളാഹുവിലേക്ക് അടുപ്പിച്ചു നിര്‍ത്താന്‍ അഹോരാത്രം പരിശ്രമിക്കുകയായിരുന്നു ആ മഹാനായ സൂഫിവര്യന്‍.
അദ്ദേഹം ഉലമാഇനെ, ഉമറാഇനെ,അഹ്ലുല്‍ ബൈത്തിനെ, അതിലെ കുഞ്ഞുങ്ങളെ പോലും ആദരവോടെ നോക്കി കണ്ടു.ഞങ്ങളുടെയൊക്കെ കുഞ്ഞുനാളില്‍ ഞങ്ങളെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കുന്ന,ഞങ്ങളുടെ കൈപിടിച്ചു മുത്തുന്ന ഉസ്താദിനെ കണ്ട് അമ്പരന്നിട്ടുണ്ട്.പട്ടിക്കാട് ജാമി'അന്നൂരിയ പോലുള്ള സമസ്തയുടെ വലിയ സമ്മേളനങ്ങളില്‍,സ്റ്റേജിന്റെ ഏറ്റവും പിറകുവശത്ത് ദിക്‌റുകളില്‍ മാത്രം ബദ്ധശ്രദ്ധനായിരിക്കുന്ന ഉസ്താദിനെയായിരുന്നു എന്നും കാണാന്‍ കഴിഞ്ഞിരുന്നത്.എന്റെ പിതാവ്,കുടുംബാംഗങ്ങള്‍,പിതൃസഹോദന്മാര്‍ തുടങ്ങി എല്ലാവരുമായും ആഴത്തിലുള്ള ആത്മീയബന്ധം അദ്ദേഹം സ്ഥാപിച്ചിരുന്നു.
2006 കാലത്ത്,മുസ്ലിം ലീഗിന് രാഷ്ട്രീയപരമായ പരാജയം സംഭവിച്ച ഘട്ടത്തില്‍,കോട്ടക്കലില്‍ വെച്ച് പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റി കൂടി രണ്ടു ദിവസങ്ങളിലായി നടന്ന ചര്‍ച്ചയുടെ സന്ദര്‍ഭം.അന്ന് ഉസ്താദിനെ പാണക്കാട്ടെക്ക് ക്ഷണിച്ചു ദു'ആ ചെയ്യാനഭ്യര്‍ത്ഥിച്ചു. 'സമുദായം ഞങ്ങളുടെ കൂടെയുണ്ട്.പക്ഷെ ഞങ്ങള്‍ക്ക് തോല്‍വി സംഭവിച്ചു പോയി. അത് കൊണ്ട് വിജയത്തിന് വേണ്ടി ദു'ആ ചെയ്യണം. ഈ ദു'ആയില്‍ അതിനുള്ള ഫത്ഹ് ഉണ്ടാവണം'. എന്നായിരുന്നു വസിയ്യത്ത്.അത് കേട്ട അദ്ദേഹം നിര്‍ബന്ധബുദ്ധ്യാ ആദ്യം പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് ദു'ആ ചെയ്യാനഭ്യര്‍ത്ഥിക്കുകയും ശേഷം അദ്ദേഹം ദു'ആ ചെയ്യുകയും ചെയ്യുകയുണ്ടായി. അത്രമേല്‍ അവര്‍ പരസ്പര ബഹുമാനം വെച്ച് പുലര്‍ത്തിയവരായിരുന്നു എന്ന് സാരം.അത് കണ്ടാണ് ഞങ്ങളും വളര്‍ന്നത്.
ആ ജീവിതം തന്നെ ആത്മീയമായ ഔന്നത്യത്തിന്റേതായിരുന്നു. ഒപ്പം അതുല്യമായ വിദ്യദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും അദ്ദേഹം സാധ്യമാക്കി എന്നതാണ് ആ ജീവിതത്തിന്റെ വ്യതിരക്തത.ചെന്നെത്തിയ ഇടങ്ങളിലെല്ലാം നിശബ്ദമായ ഒരു വിദ്യാഭ്യാസ വിപ്ലവം തന്നെ അദ്ദേഹത്തിലൂടെ നമുക്ക് കാണാന്‍ സാധിച്ചു.
അല്‍ ഐനിലെ സ്‌കൂളും,കാടാമ്പുഴയിലെ ഗ്രേസ് വാലി അടക്കമുള്ള സ്ഥാപനങ്ങളും,അവസാനമായി തുടങ്ങിയ ഫത്'ഹുല്‍ ഫത്ഹ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്ച്വല്‍ എഡ്യൂക്കേഷന്‍) തുടങ്ങി ഉദാഹരണങ്ങളേറെ.ഫത്ഹുല്‍ ഫത്ഹിന്റെ ചുമതല വിനീതനായ എന്നെ ഏല്‍പ്പിക്കുമ്പോള്‍ അത് ഉസ്താദ് ഏല്പിച്ച മഹത്തായ ഒരു ദൗത്യമായാണ് ഞാന്‍ കണ്ടത്.പക്ഷെ ഇന്നുവരെ അതിന്റെ ആവശ്യങ്ങള്‍ക്കായി ആരെയെങ്കിലും വിളിക്കാനോ വിളിപ്പിക്കാനോ അദ്ദേഹം ആവശ്യപ്പെടുകയോ നിര്‍ബന്ധിക്കുകയോ ചെയ്തില്ല.ഉസ്താദിന്റെ 'മുഹിബ്ബീങ്ങള്‍'തന്നെ അതിനു ധാരാളമായിരുന്നു.ഫത്ഹുല്‍ ഫത്ഹിന്റെ ചുമതല അദ്ദേഹം എന്നെ ഏല്പിച്ചത് ചാരിദാര്‍ത്ഥ്യജനകമായ സാമൂഹിക ഉത്തരവാദിത്വമായി കാണുകയാണ്.
യുവജന യാത്രയുടെ അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോള്‍, ആലപ്പുഴയിലൂടെയുള്ള യാത്രാമധ്യെയാണ് ആ വിയോഗ വാര്‍ത്ത കേള്‍ക്കുന്നത്. മറ്റൊന്നും ആലോചിച്ചില്ല. ഉടനെ തന്നെ യാത്ര നിര്‍ത്തി വെക്കുകയും ആ പരലോക മോക്ഷത്തിനായി ദുആ ചെയ്യുകയും ചെയ്തു. സഹപ്രവര്‍ത്തകരായ പി കെ ഫിറോസ്, ഫൈസല്‍ ബാഫഖി തങ്ങള്‍, അഹമ്മദ് സാജു, സൈനുല്‍ ആബിദ് എന്നിവര്‍ക്കൊപ്പം ജനാസ സന്ദര്‍ശിക്കുകയും മയ്യത്ത് നമസ്‌കരിക്കുകയും ചെയ്തു.
കാലത്തിന്റെ മറുതീരത്തേക്ക് ആ അനര്‍ഘ ജീവിതവും യാത്രയായിരിക്കുന്നു..
യാത്ര പെട്ടൊന്ന് നിര്‍ത്തിവെച്ചത് മൂലം പ്രവര്‍ത്തകര്‍ക്ക് ചില വിഷമങ്ങള്‍ നേരിട്ടിരിക്കാം. പക്ഷേ, നമ്മെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരാള്‍ ഇനി നമുക്കിടയില്‍ ഇല്ല എന്നതാണ്. അത്രയേറെ ബഹുമാന്യനും, ജനങ്ങള്‍ക്ക് സ്വീകാര്യനും നിസ്വാര്‍ത്ഥനുമായിരുന്നു അദ്ദേഹം. അള്ളാഹുവിലേക്ക് കൂടുതല്‍ കൂടുതല്‍ തന്റെ ജീവിതത്തെ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യം മാത്രം ഭൗതിക ജീവിതത്തിന്റെ പൊരുളായി കണ്ടിരുന്ന ഒരു അത്ഭുത പ്രതിഭയായിരുന്നു അവര്‍. ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ കിടക്കുന്ന ആ മുഖത്ത് അവസാനമായി എനിക്ക് നല്‍കാന്‍ സാധിച്ച ആ ചുംബനം ഞാനെന്റെ സൗഭാഗ്യമായി കരുതുകയാണ്. അതിലൂടെ എനിക്ക് ലഭ്യമായ ആത്മീയനിര്‍വൃതി, ഈ ജീവിതാന്ത്യം വരെ നില നില്‍ക്കട്ടെയെന്ന് സര്‍വ്വശക്ത നോട് പ്രാര്‍ത്ഥിക്കുകയാണ്.
ഫെയ്സ്ബുക്കില്‍ കുറിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."