മ്യൂസിയത്തില്‍ പുതുതായി നിര്‍മിച്ച ഇ-ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു
തിരുവനന്തപുരം: നിത്യേന നിരവധി സന്ദര്‍ശകരെത്തുന്ന തിരുവനന്തപുരം മ്യൂസിയത്തില്‍ സ്ഥാപിച്ച രണ്ട് ഇ-ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഇവിടെയെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഇ ടോയ്‌ലറ്റ് നിര്‍മാതാക്കളായ ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് മ്യൂസിയത്തില്‍ രണ്ട് ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. ഭിന്നശേഷിയുള്ളവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ പറ്റിയ രീതിയിലുള്ള സംവിധാനങ്ങള്‍ ഈ ടോയ്‌ലറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്.
ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് പുതുതായി 'ഇക്കോസിസ് ' എന്ന പേരില്‍ വികസിപ്പിച്ചെടുത്ത സോളാര്‍ തെരുവ് വിളക്കും മ്യൂസിയത്തില്‍ സ്ഥാപിച്ചു. ഇന്നലെ നടന്ന പരിപാടിയില്‍ മ്യൂസിയം ഡയറക്ടര്‍ കെ. ഗംഗാധരന്‍ ഇ ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ഭിന്നശേഷിയുള്ളവര്‍ക്ക് ഉപയോഗിക്കാനായി പ്രത്യേക റാമ്പ് സംവിധാനം ടോയ്‌ലറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഇവര്‍ക്ക് എളുപ്പത്തില്‍ ടോയ്‌ലറ്റിലേക്ക് പ്രവേശിക്കാനാകും. മ്യൂസിയത്തിലെ പൂന്തോട്ടത്തിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. സ്വയം വ്യത്തിയാക്കുന്ന സംവിധാനമാണ് ഇ ടോയ്‌ലറ്റുകള്‍ക്കുള്ളത്.
ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് കേരളത്തില്‍ ഇതിനകം 534 ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മാത്രം സ്‌കൂളുകളില്‍ ഉള്‍പ്പെടെ 83 ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കപ്പെടുന്ന തെരുവു വിളക്കുകളുടെ എല്ലാ പരിമിതികളും മറികടക്കാന്‍ ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് വികസിപ്പിച്ചെടുത്ത 'ഇക്കോസിസ്' സോളാര്‍ തെരുവു വിളക്കുകള്‍ക്ക് കഴിയുമെന്ന് ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് ഡയറക്ടര്‍ എസ്.നാരായണ സ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."