HOME
DETAILS

ഹര്‍ത്താലിനോട് വിടപറയുന്ന കേരളം

  
backup
December 21 2018 | 18:12 PM

harthal-editorial-22-12-2018

 

കേരളത്തില്‍ ഇനിയൊരു ഹര്‍ത്താല്‍ പാടില്ലെന്ന ഉറച്ച നിലപാടിലെത്തി നില്‍ക്കുകയാണ് വ്യാപാരികളും വ്യവസായികളും വിനോദസഞ്ചാര, ഗതാഗത മേഖലകളിലുള്ളവരുമടക്കം സമ്പദ്ഘടനയുടെ പ്രധാന ചാലകശക്തികളായ സമൂഹങ്ങള്‍. ഹര്‍ത്താല്‍ പരമ്പര കേരളത്തെ തുടര്‍ച്ചയായി നിശ്ചലമാക്കി സമ്പദ്ഘടനയ്ക്കു സാരമായ പരുക്കേല്‍പ്പിച്ചൊരു ഘട്ടത്തിലാണ് കോഴിക്കോട്ടും കൊച്ചിയിലും യോഗം ചേര്‍ന്ന് അവര്‍ ഈ തീരുമാനത്തിലെത്തിയത്. ഇനി ആരെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ കടകള്‍ അടച്ചിടില്ലെന്നും വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും സിനിമാ തിയറ്ററുകളുമൊക്കെ പ്രവര്‍ത്തിക്കുമെന്നുമാണ് അവരുടെ തീരുമാനം. ബലംപ്രയോഗിച്ച് പ്രവര്‍ത്തനം മുടക്കിയാല്‍ അതിനെ നിയമവഴിയിലടക്കം നേരിടുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളൊക്കെ നിസ്സഹകരിച്ചാല്‍ പിന്നെ ഹര്‍ത്താല്‍ ഏതു പാര്‍ട്ടി പ്രഖ്യാപിച്ചാലും അതു പരാജയപ്പെടുമെന്നുറപ്പാണ്.
ഹര്‍ത്താലടക്കം പലതരം സമരങ്ങളിലൂടെ വിദേശാധിപത്യത്തില്‍നിന്ന് മോചനം നേടിയൊരു നാട്ടില്‍ ഇപ്പോള്‍ ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റവുമധികം വെറുക്കപ്പെടുന്ന സമരമുറയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ഇതില്‍നിന്ന് വ്യക്തം. വകതിരിവില്ലാതെ ഈ സമരമുറ എടുത്തു പ്രയോഗിച്ച് തുടര്‍ച്ചയായി ജനങ്ങളെ ദ്രോഹിച്ച രാഷ്ട്രീയ കക്ഷികള്‍ തന്നെയാണ് കാര്യങ്ങള്‍ ഈ നിലയില്‍ എത്തിച്ചത്. ജനാധിപത്യ വ്യവസ്ഥയിലെ സമരമാര്‍ഗങ്ങളില്‍ ഏറ്റവും അവസാനമായി അനിവാര്യ ഘട്ടങ്ങളില്‍ മാത്രം പ്രയോഗിക്കേണ്ട സമരമുറയായ ഹര്‍ത്താലും നിര്‍ബന്ധപൂര്‍വം നാടിനെ നിശ്ചലമാക്കിക്കൊണ്ടു നടത്തുന്ന ബന്ദും തമ്മില്‍ ഏറെ അന്തരമുണ്ട്. ഹര്‍ത്താല്‍ ആഹ്വാനം അത് അംഗീകരിക്കുന്നവര്‍ക്കു മാത്രം പാലിക്കാനുള്ളതാണ്. നിര്‍ബന്ധിച്ചു പാലിപ്പിക്കല്‍ ഹര്‍ത്താലിന്റെ രീതിയല്ല. അതുകൊണ്ടാണ് ബന്ദ് വിലക്കിയ കേരള ഹൈക്കോടതി ഹര്‍ത്താലിനു വിലക്കേര്‍പെടുത്താതിരുന്നത്. ഈ സമരമുറ പ്രയോഗിക്കേണ്ടിവരുന്ന അത്യപൂര്‍വ സാഹചര്യമുണ്ടായാല്‍ അതെടുത്തു പ്രയോഗിക്കാനുള്ള അവകാശം നിഷേധിക്കാതെ ജനാധിപത്യ മര്യാദ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു കോടതി.
എന്നാല്‍, കോടതി ഈ അവകാശം വകവച്ചു കൊടുത്തത് അതര്‍ഹിക്കാത്തൊരു രാഷ്ട്രീയ സമൂഹത്തിനാണെന്നു വ്യക്തമാവാന്‍ അധികകാലം വേണ്ടിവന്നില്ല. നിസാര കാര്യങ്ങളുടെ ഹര്‍ത്താലെന്ന പേരില്‍ പ്രഖ്യാപനം നടത്തി ഫലത്തില്‍ അക്രമാസക്ത ബന്ദ് തന്നെയാണ് രാഷ്ട്രീയ കക്ഷികള്‍ സംസ്ഥാനത്തു നടത്തിപ്പോരുന്നത്. ഈ വര്‍ഷം ഇതുവരെ സംസ്ഥാനതലത്തിലും പ്രാദേശിക തലങ്ങളിലുമൊക്കെയായി 97 ഹര്‍ത്താലുകളാണ് കേരളത്തില്‍ നടന്നത്. പ്രളയക്കെടുതിയില്‍ നട്ടെല്ലൊടിഞ്ഞൊരു സംസ്ഥാനത്തിന് ഒരുവിധത്തിലും താങ്ങാവുന്നതല്ല ഇത്. വെറുതെ ജനജീവിതം നിശ്ചലമാവുക മാത്രമല്ല ഹര്‍ത്താലില്‍ സംഭവിക്കുന്നത്. കനത്ത സാമ്പത്തിക നഷ്ടമാണ് ഓരോ ഹര്‍ത്താലും സംസ്ഥാനത്തിനു സമ്മാനിക്കുന്നത്.
ഹര്‍ത്താല്‍ ദുരിതത്തില്‍ പൊറുതിമുട്ടിക്കഴിയുന്ന ജനത്തിനു മേല്‍ ശബരിമലയുടെയും മറ്റും പേരില്‍ സംഘ്പരിവാര്‍ സംഘടനകള്‍ വിവേകമില്ലാതെ പ്രഖ്യാപിച്ച ഹര്‍ത്താലുകളാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഇപ്പോള്‍ വ്യാപാരി, വ്യവസായി സമൂഹത്തെ പ്രേരിപ്പിച്ചത്. ഈ വര്‍ഷം നടന്ന 97 ഹര്‍ത്താലുകളില്‍ 33 എണ്ണവും നടത്തിയത് സംഘ്പരിവാറാണ്. ഇതിലൊന്നും തന്നെ സുപ്രധാന ജനകീയ പ്രശ്‌നങ്ങളുടെ പേരില്‍ നടത്തിയതായിരുന്നില്ല. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരില്‍ ഒരു ജനതയുടെ ജീവിതം മൊത്തത്തില്‍ നിശ്ചലമാക്കുന്നതിനെതിരേ സമൂഹം രംഗത്തുവരുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല.
വ്യാപാര, വ്യവസായ മേഖലകളിലെ പ്രധാന സംഘടനകളെല്ലാം ഹര്‍ത്താലിനോടു നിസ്സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചെറിയൊരു ഭിന്നസ്വരം ഉയര്‍ന്നത് സി.പി.എം അനുകൂല വ്യാപാരി വ്യവസായി സമിതിയില്‍നിന്ന് മാത്രമാണ്. എന്നാല്‍ ഹര്‍ത്താലിനെതിരായ പൊതുവികാരത്തെ അവര്‍ എതിര്‍ത്തിട്ടില്ലെന്നതും വ്യക്തമാണ്. മാനുഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ത്താലുകളോടു സഹകരിക്കണമെന്ന അഭിപ്രായം അവര്‍ ഉയര്‍ത്തിയെങ്കിലും തീരുമാനങ്ങളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ഹര്‍ത്താലിനെതിരേ നിലപാടു സ്വീകരിച്ച മേഖലകളിലുള്ളവരെല്ലാം തന്നെ ആ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ ഒരു പാര്‍ട്ടിക്കും ഇവിടെയൊരു ഹര്‍ത്താല്‍ നടത്തി പൂര്‍ണ വിജയമാക്കാനാവില്ലെന്നത് ഉറപ്പാണ്. ഹര്‍ത്താല്‍ വിഷയത്തോടു യോജിപ്പുള്ളതുകൊണ്ടല്ല, മറിച്ച് അക്രമം ഭയന്നാണ് ഭൂരിപക്ഷം ആളുകളും കട തുറക്കാനും വാഹനം നിരത്തിലിറക്കാനും ജോലിക്കു പോകാനുമൊക്കെ മടിക്കുന്നത്. അക്രമങ്ങളെ നേരിടാന്‍ ഒരു കൂട്ടായ്മ ഉണ്ടെങ്കില്‍ അവര്‍ പിന്നെ ഭീഷണികളെ ഭയപ്പെടില്ല. അത്തരമൊരു സാഹചര്യമാണിപ്പോള്‍ രൂപപ്പെട്ടു വരുന്നത്. ജനങ്ങളുടെ ചെലവില്‍ പുലരുന്ന രാഷ്ട്രീയകക്ഷികള്‍ക്ക് ഈ ജനകീയ കൂട്ടായ്മയോടു യുദ്ധം പ്രഖ്യാപിച്ചു മുന്നോട്ടു പോകാനാവില്ല.
ഈ യാഥാര്‍ഥ്യങ്ങളെല്ലാം ഇവിടയുള്ള രാഷ്ട്രീയ കക്ഷികള്‍ തിരിച്ചറിയേണ്ടതുണ്ട്. അനാവശ്യ ഹര്‍ത്താലുകളെങ്കിലും ഒഴിവാക്കാന്‍ അവര്‍ തയാറാകണം. ഇതിനെക്കുറിച്ച് രാഷ്ട്രീയ കക്ഷികള്‍ കൂടിയാലോചന നടത്തണം. ഹര്‍ത്താല്‍ പോലുള്ള ജനദ്രോഹ സമരങ്ങള്‍ക്കു പകരം കാലത്തിനു ചേരുന്ന സര്‍ഗാത്മക സമരരീതികള്‍ സ്വീകരിച്ച് അതില്‍ ജനങ്ങളെ അണിനിരത്തുന്നതിനെക്കുറിച്ച് അവര്‍ ഗൗരവപൂര്‍വം തന്നെ ആലോചിക്കണം.
ജനജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്ന ഒരു വിഷയത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കേണ്ടി വന്നാല്‍ തന്നെ, അതു ശരിയായ ഹര്‍ത്താലായി ഒട്ടും ബലപ്രയോഗമില്ലാതെ നടത്താനുള്ള ജനാധിപത്യ മര്യാദയും രാഷ്ട്രീയ കക്ഷികള്‍ കാണിക്കണം. ഹര്‍ത്താലിന്റെ മുദ്രാവാക്യത്തോടു യോജിപ്പുള്ള ആരെങ്കിലും സ്വമേധയാ സ്ഥാപനങ്ങള്‍ തുറക്കാതിരിക്കുകയോ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താല്‍ അതിനെ ആരും എതിര്‍ക്കില്ല. അതവരുടെ സ്വാതന്ത്ര്യമായി തന്നെ സമൂഹം കണക്കാക്കും. എന്നാല്‍, ബലംപ്രയോഗിച്ച് ആരെയെങ്കിലും ഒരു സമരത്തില്‍ പങ്കാളിയാക്കുന്നത് തികഞ്ഞ ഫാസിസവും മനുഷ്യാവകാശ ലംഘനവുമാണ്. ഇതുവരെ ശീലിച്ച അത്തരം രീതികളില്‍നിന്ന് രാഷ്ട്രീയ കക്ഷികള്‍ പിന്മാറുക തന്നെ വേണം. ഇനിയും അവര്‍ അതിനു വിസമ്മതിച്ചാല്‍ അവരെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ വ്യാപാരി, വ്യവസായി സമൂഹത്തോടൊപ്പം നാട്ടിലെ ജനാധിപത്യ വിശ്വാസികളെല്ലാം മുന്നോട്ടുവരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago