ജില്ലയില്‍ ചെറുകിട വ്യവസായം 'ശരശയ്യയില്‍ '
കാസര്‍കോട്: ജില്ലയിലെ ചെറുകിട വ്യവസായ മേഖല 'ശരശയ്യ'യില്‍. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ അവഗണന തുടരുന്നതിനിടെ വിദേശ മൂലധന നിക്ഷേപം എത്താതായതും ചെറുകിട വ്യവസായ മേഖലയുടെ പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. തൊട്ടടുത്ത കണ്ണൂര്‍ ജില്ലവരെ വ്യവസായ വികസനത്തിനുള്ള വിദേശ സഹായമെത്തുമ്പോള്‍ ടൂറിസമുള്‍പ്പെടെ വ്യവസായ സാധ്യതകള്‍ നിരവധിയുള്ള കാസര്‍കോട് പൂര്‍ണമായും അവഗണിക്കപ്പെടുകയാണ്.
ചെറുകിട വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ചട്ടഞ്ചാലില്‍ തുടങ്ങിയ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് പ്ലോട്ടില്‍ വ്യവസായം തുടങ്ങിയവരില്‍ പലരും വ്യവസായം അവസാനിപ്പിച്ചു കഴിഞ്ഞു. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് പ്ലോട്ടിനു ചുറ്റുമതിലും ഗേറ്റുമില്ലാതെ കിടക്കുകയാണ്. ഇതുമൂലം ഇവിടെ സാമൂഹ്യ വിരുദ്ധരുടെ ശല്യവുമുണ്ട്. ഇതേ സ്ഥലത്തു വ്യവസായ വളര്‍ച്ചക്കു വേണ്ടി തന്നെ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത ഏക്കര്‍ കണക്കിനു ഭൂമിയില്‍ വ്യവസായവും തുടങ്ങുകയോ ചെറുകിട വ്യവസായകള്‍ക്കു കൈമാറുകയോ ചെയ്തിട്ടില്ല. ഈ ഭൂമിയില്‍ വ്യവസായം തുടങ്ങാനുളള പ്രാഥമിക നടപടികള്‍ പോലും ഇപ്പോഴും ജില്ലാ പഞ്ചായത്ത് ആരംഭിച്ചിട്ടില്ല.
കാസര്‍കോട് സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പട്ടയം ലഭിക്കാത്ത വ്യവസായികള്‍ ദുരിതത്തിലുമാണ്. പട്ടയം ലഭിക്കാത്തതു കാരണം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഒരു വായ്പയും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ചെറുകിട വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനും വൈവിധ്യവല്‍ക്കരണത്തിനും പണം അനിവാര്യമാണ്. എന്നാല്‍ ബാങ്കുകള്‍ വായ്പ അനുവദിക്കാന്‍ തയാറാകാത്തതോടെ പല വ്യവസായ സംരംഭകരും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്.
കാഞ്ഞങ്ങാട് മിനി വ്യവസായ കേന്ദ്രത്തില്‍ മുഴുവന്‍ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ വ്യവസായികള്‍ക്കും പട്ടയം ലഭിക്കാത്തതു കാരണം വികസന പ്രവര്‍ത്തനങ്ങളൊന്നും നടപ്പാക്കാന്‍ കഴിയുന്നില്ല.
കാര്‍ഷിക മേഖലയ്ക്കു നല്‍കുന്ന പരിഗണന പോലും ജില്ലയിലെ വ്യവസായികള്‍ക്കു ബാങ്കിങ് മേഖല നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന സെക്യൂരിറ്റി തുകയില്ലാതെ വ്യവസായ സംരംഭകര്‍ക്കു വായ്പ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജില്ലയില്‍ മാത്രം നടപ്പിലായില്ല. മുദ്രാ ബാങ്കിങ് സംവിധാനം ഉണ്ടെന്നു പറയുമ്പോഴും ജില്ലയില്‍ ആര്‍ക്കും തന്നെ അതു ലഭിച്ചതായി ജില്ലയിലെ ചെറുകിട വ്യവസായികള്‍ക്ക് അറിയില്ല. അനന്തപുരം ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് പ്ലോട്ടില്‍ വ്യവസായം തുടങ്ങാന്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിത്തുടങ്ങിയെങ്കിലും ഇപ്പോഴും തുടങ്ങിയേടത്തു തന്നെയാണ്. ഏക്കറുകള്‍ വിസ്തൃതിയുള്ള ഐ.ഡി.പിയിലെ സ്ഥലം സംരംഭകര്‍ക്കു വിതരണം ചെയ്തു തുടങ്ങിയിട്ടില്ല.
ഇതിനെല്ലാം പുറമെ ചെറുകിട വ്യവസായികള്‍ വൈദ്യുതി മേഖലയിലും വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. വ്യവസായ എസ്റ്റേറ്റുകള്‍ക്കു പോലും പ്രത്യേക പവര്‍ ഗ്രിഡില്ലാത്ത ജില്ലയാണു കാസര്‍കോട്. നിസാര കാര്യങ്ങള്‍ക്കു പോലും വൈദ്യുതി പോകുന്നതു മണിക്കൂറുകളോളമാണ്.
ഈ സമയം ചെറുകിട വ്യവസായ മേഖല പൂര്‍ണമായും നിശ്ചലമാവുന്ന അവസ്ഥയുണ്ട്. വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി അനുവദിച്ചു കിട്ടുന്നില്ല. മൈലാട്ടി ഡീസല്‍ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചതിനു ശേഷം വൈദ്യുതി ഉല്‍പാദന മേഖലയില്‍ പുതിയ പദ്ധതികളൊന്നും ജില്ലയില്‍ നിലവില്‍ വന്നിട്ടില്ല.
വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും വ്യവസായികളെ നയിക്കുന്നത് നഷ്ടത്തിലേക്കാണ്. വ്യാവസായിക വളര്‍ച്ചക്കു വേണ്ടി ഒരു കൈത്താങ്ങും നല്‍കാത്ത അവസ്ഥയാണു ജില്ലയില്‍ നിലനില്‍ക്കുന്നത്.
വ്യവസായ രംഗത്തെ മാറ്റങ്ങള്‍ മനസിലാക്കുന്നതിനും മറ്റുമായി നടത്തുന്ന ക്ലാസുകളും ശില്‍പശാലകളും ജില്ലയില്‍ നടക്കുന്നതു പലപ്പോഴും പേരിനു മാത്രമാണ്.
ഒരു വര്‍ഷമായി ഇത്തരം പരിപാടികളൊന്നും ജില്ലയില്‍ നടന്നിട്ടുമില്ല. കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയില്‍ കേരളത്തില്‍ നിന്ന് സംരംഭകരില്ലാത്ത ഏകജില്ലയും കാസര്‍കോടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."