വനിതാ മതിലിനെതിരായ നീക്കം ചരിത്രപരമായ തലകുത്തി വീഴ്ച
തിരുവനന്തപുരം: എന്‍.എസ്.എസിനെ വീണ്ടും കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടേത് ആര്‍.എസ്.എസ്- ബി.ജെ.പി വര്‍ഗീയസമരങ്ങള്‍ക്ക് തീപകരാനുള്ള നടപടിയെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെ കോടിയേരി ആരോപിച്ചു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അനുഭവിക്കുമെന്നാണ് ശാപം. തെരഞ്ഞെടുപ്പുകളില്‍ പുലര്‍ത്തിപ്പോന്ന സമദൂരം ശരിദൂരമാക്കി കമ്യൂണിസ്റ്റ് വിരുദ്ധരെ സഹായിക്കുമെന്ന സന്ദേശമാണ് എന്‍.എസ്.എസ് നേതാവ് നല്‍കുന്നത്. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനുള്ള ആഹ്വാനം എന്‍.എസ്.എസ് പാരമ്പര്യത്തിന് നിരക്കുന്നതല്ല. മന്നത്തിന്റെയും ചട്ടമ്പിസ്വാമിയുടെയും ആശയമാണ് വനിതാ മതിലില്‍ തെളിയുന്നത്. മതിലില്‍ വിള്ളല്‍വീഴ്ത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്ന എന്‍.എസ്.എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനുള്ള സുകുമാരന്‍ നായരുടെ ആഹ്വാനം എന്‍.എസ്.എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല. ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിന് എന്‍.എസ്.എസ് നേതൃത്വം തയാറാകണം. പ്രധാനമന്ത്രിയും അമിത്ഷായും തന്നെ ഏല്‍പ്പിച്ച പ്രധാനപ്പെട്ട മൂന്ന് ദൗത്യത്തിലൊന്ന് ഇതിനകം നിറവേറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വെളിപ്പെടുത്തിയിരുന്നു. എന്‍.എസ്.എസിനെ ഹിന്ദുത്വത്തിന്റെ അറവുശാലയില്‍ എത്തിച്ചുവെന്നതാണോ ഈ ദൗത്യമെന്നും കോടിയേരി ചോദിച്ചു.
വനിതാ മതിലുമായി ബന്ധപ്പെട്ട് കെ.സി.ബി.സിക്ക് ഉണ്ടായത് തെറ്റിദ്ധാരണയാണെന്നും കോടിയേരി ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എന്‍.എസ്.എസ് ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിക്കാനുള്ള തീരുമാനം ഇന്നും നാളെയും നടക്കുന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ ഉണ്ടാകുമെന്ന സൂചന കൂടിയാണ് കോടിയേരിയുടെ വിമര്‍ശനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."