തോട്ടം ശമ്പള പരിഷ്‌കരണം: പത്താം പി.എല്‍.സി യോഗത്തിലും തീരുമാനമില്ല
ഷഫീഖ് മുണ്ടക്കൈ#
കല്‍പ്പറ്റ: സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ പ്രതീക്ഷ അസ്ഥാനത്താക്കി ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്ത പത്താമത്തെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി(പി.എല്‍.സി) യോഗവും തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ 2017 ഡിസംബറില്‍ കാലാവധി കഴിഞ്ഞ സേവന വേതന വ്യവസ്ഥ പുതുക്കാതെ ഒരുവര്‍ഷം പിന്നിട്ടു.
ഇന്നലെ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലും തൊഴിലാളികള്‍ക്ക് അനുകൂല തീരുമാനമുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. എന്നാല്‍ നേരത്തെയുള്ള, അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍ പരമാവധി അഞ്ചു രൂപ വര്‍ധിപ്പിക്കാമെന്ന നിലപാടില്‍ മാനേജ്‌മെന്റുകള്‍ അയവുവരുത്തിയിട്ടുണ്ട്. കൂലി വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ അംഗീകരിച്ച മാനേജ്‌മെന്റുകള്‍ 30 രൂപയുടെ വര്‍ധനവ് വരെ വരുത്താമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇത് തൊഴിലാളികള്‍ക്ക് സ്വീകാര്യമല്ല. മിനിമം വേതനം 600 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. വരുന്ന ജനുവരി 10ന് മുന്‍പ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മാനേജ്‌മെന്റുകള്‍ക്കും ട്രേഡ് യൂനിയനുകള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി കൂട്ടിയ തുകയേക്കാള്‍ കൂടുതലാണ് നിലവില്‍ മാനേജ്‌മെന്റ് അംഗീകരിച്ച തുക. ഇത് അംഗീകരിച്ച് മുന്നോട്ടുപോകലാകും ട്രേഡ് യൂനിയനുകളുടേതുള്‍പ്പെടെയുള്ളവരുടെ ഒടുവിലത്തെ തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ മിനിമം വേതനം 600 രൂപയെന്ന തൊഴിലാളികളുടെ ആവശ്യം യാഥാര്‍ഥ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി ഉടമകള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ നേരത്തെ എടുത്തിരുന്നു. . എന്നാല്‍ ഉടമകള്‍ക്ക് അനുകൂലമായ ശുപാര്‍ശകളില്‍ പെട്ടെന്ന് തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ തൊഴിലാളികളുടെ സംരക്ഷണത്തിന് അടിയന്തര ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജനുവരി 10നകവും ശമ്പള പരിഷ്‌കരണം യാഥാര്‍ഥ്യമായില്ലെങ്കില്‍ സംസ്ഥാനത്തെ തോട്ടം മേഖല വീണ്ടും സമരത്തിലേക്കായിരിക്കും നീങ്ങുകയെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."