ചേളാരി-മുണ്ടിയന്‍മാട് റോഡ് നവീകരണം വൈകുന്നു
തേഞ്ഞിപ്പലം: ചേളാരി- മുണ്ടിയന്‍മാട് റോഡ് നവീകരണം വൈകുന്നത് യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു. റോഡ് പൊട്ടിപൊളിഞ്ഞ് വലുതും ചെറുതുമായ കുഴികള്‍ രൂപാന്തരപ്പെട്ട് മഴവെള്ളം കെട്ടിനില്‍ക്കുന്നത് കാല്‍നടയാത്രക്കാരെ കുഴക്കുകയാണ്. ചേളാരിയില്‍ നിന്നു മുണ്ടിയന്‍മാട്, പൂതേരി വളപ്പ്, ചമ്മല്‍പാടം, പോളി ടെക്‌നിക് എന്നിവിടങ്ങളിലേക്ക് സാധാരണക്കാരും വിദ്യാര്‍ഥികളും ആശ്രയിക്കുന്ന റോഡാണിത്.
റോഡിന്റെ ശോചനീയാവസ്ഥ കാരണം രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പോലും പ്രദേശത്തുകാര്‍ പ്രയാസപ്പെടുകയാണ്. ജില്ലാ കലക്ടര്‍, ചേളാരി ഐ.ഒ.സി അധികൃതര്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവരുടെ മുമ്പിലെല്ലാം പരാതിപ്പെട്ടിരുന്നെങ്കിലും പരിഹാരമായിട്ടില്ല. ഇതിന് വേണ്ടി പ്രാദേശിക, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്തി ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചിരുുന്നു. ഐ.ഒ.സി വാഹനങ്ങള്‍ കടത്തിവിടുന്നതാണ് ഈ പഞ്ചായത്ത് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ ഇടപെടുകയും പ്ലാന്റിലെ വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയയിലേക്ക് കടത്തി വിടാന്‍ പ്ലാന്റിനകത്തുകൂടെ തന്നെ പുതിയ റോഡ് നിര്‍മിക്കുകയും ചെയ്തു.അതേ സമയം ചേളാരി -മുണ്ടിയന്‍മാട് റോഡ് നവീകരിക്കാന്‍ ഇതുവരെ നടപടിയൊന്നുമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."