നീതി തേടുന്ന മഹല്ലുകള്‍
ഇറങ്ങിവരുന്ന സ്ഥലം, താവളം എന്നൊക്കെയാണ് മഹല്ല്-മഹല്ലത്ത് എന്നീ പദങ്ങളുടെ തര്‍ജമ. ഇപ്പോഴും ലോകത്ത് നിലനില്‍ക്കുന്ന സംഘടനാരീതികളില്‍ ഫലപ്രദവും മികച്ചതുമായ സംഘടനാ സംവിധാനം മഹല്ല് ഘടനയാണ്. ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലം മുതല്‍ പൂര്‍വ പ്രവാചകരുടെ പ്രവര്‍ത്തനരീതി നിര്‍ണിത കോളനികളെയോ സമൂഹങ്ങളെയോ കേന്ദ്രീകരിച്ചായിരുന്നു. വിശുദ്ധ മദീനയില്‍ നബി(സ്വ) സ്ഥാപിച്ച മഹല്ലാണ് ആധുനിക മഹല്ലുകളുടെ പിതാവ്. ഈ ഘടനയില്‍നിന്ന് അധികമൊന്നും മാറ്റം വരുത്താതെയാണ് ഇപ്പോഴും ലോകത്ത് എല്ലായിടത്തും മുസ്‌ലിം വ്യവഹാരങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത്. ഒരു നിയന്ത്രിത വൃത്തത്തില്‍ മുസ്‌ലിം സമാജത്തിന്റെ ചിന്താപരവും സാമൂഹ്യവുമായ ഇടപെടലുകള്‍ക്കിടം ഒരുക്കി നിയോഗങ്ങള്‍ നിര്‍വഹിക്കാന്‍ അവരെ പ്രാപ്തമാക്കുന്നതും മുഖ്യധാരാ സാന്നിധ്യം ഉറപ്പുവരുത്തുന്നതും ശാസ്ത്രീയവും പരിഷ്‌കൃതവുമായ ജനാധിപത്യ ഭരണ സംവിധാനത്തിലൂടെയാണ്.
കേരളത്തിലെ ഇസ്‌ലാമിക ചലനങ്ങള്‍
നബി(സ്വ)യുടെ കാലത്തോ അതിന് തൊട്ടടുത്തോ പ്രവാചകാനുചരര്‍ കേരളത്തിലെത്തിയിരുന്നു. സ്വഹാബിമാരും പിന്‍ഗാമികളും നേതൃപരമായ പങ്കുവഹിച്ച പള്ളികള്‍ കേന്ദ്രീകരിച്ചാണ് കേരളത്തിലെ പ്രഥമ മഹല്ലുകള്‍ നിലവില്‍ വന്നത്. 1) കൊടുങ്ങല്ലൂര്‍-ഖാസി മാലിക് ബ്‌നു ദീനാര്‍, 2) പന്തലായനി ഉത്തരകൊല്ലം-ഖാസി ഹസ്സന്‍ ഇബ്‌നുദീനാര്‍, 3) മാടായി-ഖാസി അബ്ദുറഹിമാന്‍. 4) ബഡ്ക്കല്‍-ഖാസി ഇബ്‌റാഹീം, 5) മംഗലാപുരം-ഖാസി മൂസ, (6) കാസര്‍കോട്-ഖാസി മുഹമ്മദ്, 7) ശ്രീകണ്ഠപുരം(ജര്‍ഫദുന്‍)-ഖാസി മാലിക്ബ്‌നു ദീനാറിന്റെ മകന്‍ പേര് ലഭ്യമല്ല, 8) ധര്‍മപട്ടണം- ഖാസി ഹുസൈന്‍, 9) പന്തലായിനി-ഖാസി മുഹമ്മദ്, 10) ചാലിയം-ഖാസി തഖിയുദ്ദീന്‍.
പള്ളികളോടനുബന്ധിച്ച് മുസ്‌ലിം കോളനികളെ ഉന്നത സംസ്‌കാരങ്ങള്‍ സമ്പന്നമാക്കി. ഐക്യബോധം,പാരസ്പര്യം, സ്വയാശ്രയത്വം, വിദ്യാഭ്യാസവിചാരം, വിശുദ്ധി തുടങ്ങിയവ അതില്‍ പ്രധാനമാണ്. ഈ ഘടകങ്ങള്‍ അനുസരിച്ച് എതിര്‍പ്പുകള്‍ ഇല്ലാതെ മികച്ചൊരു ഇടം നേടാന്‍ ഇസ്‌ലാമിന് കേരളത്തില്‍ സാധ്യമായി. 1498ല്‍ വാസ്‌കോഡ ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങുന്നത് വരെയുള്ള എട്ടര നൂറ്റാണ്ട് കാലം സുവര്‍ണകാലമായി വിലയിരുത്തപ്പെടാം.
പോരാട്ടകാലം
പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടിഷുകാര്‍ എന്നീ നാലു വൈദേശികരുടെ അധിനിവേഷം ഏറ്റവുമധികം പ്രയാസപ്പെടുത്തിയത് മുസ്‌ലിംകളെയാണ്. വെള്ളക്കാരും പറങ്കികളും മുസ്‌ലിംകളെ പ്രത്യക്ഷ ശത്രുവായി കാണുകയും ഇസ്‌ലാമിന്റെ നാശത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. നാലരനൂറ്റാണ്ട് മുസ്‌ലിംകളെ സംബന്ധിച്ച് പോരാട്ടങ്ങളുടെ കാലമായി. വിദ്യാഭ്യാസ-സാമ്പത്തിക അപചയങ്ങള്‍ക്ക് മുസ്‌ലിംകള്‍ ഇരയായി. എങ്കിലും സത്വ....ബോധം നഷ്ടപ്പെടാതെ മതപക്ഷത്ത് നിലയുറപ്പിക്കാനും ഒരു ജനത എന്ന നിലക്ക് പൊരുതി മുന്നേറാനും അവരെ പ്രാപ്തമാക്കിയ മുഖ്യഘടകം പള്ളികള്‍ കേന്ദ്രീകരിച്ച് മഹല്ല് സംവിധാനം തന്നെയായിരുന്നു.
മറ്റൊരു വെല്ലുവിളി
1920കളില്‍ പ്രത്യക്ഷപ്പെട്ട മതനവീകരണ പ്രസ്ഥാനങ്ങള്‍ മുസ്‌ലിം ആഭ്യന്തര ശൈഥില്യത്തിന് കളമൊരുക്കി. പ്രഥമ ചേരിതിരിവുണ്ടായത് 18ാം നൂറ്റാണ്ടിലാണെന്ന് വില്യം ലോഗണ്‍ പറയുന്നുണ്ട്. മുസ്‌ലിംകള്‍ അധികവും സുന്നി വിശ്വാസികളാണ്. മലയാളി മാപ്പിളമാര്‍ക്കിടയില്‍ പേര്‍ഷ്യക്കാരനായ ഒരു മുഹമ്മദിന്റെ ആഗമനത്തോടെ മതപരമായ ചേരിതിരിവുകളുണ്ടായി.(മലബാര്‍ മാന്വല്‍ പുറം .212 ) ഈ ചേരിതിരിവ് കേരളത്തില്‍ ചലനം സൃഷ്ടിച്ചില്ല.
കേരളത്തിലാദ്യമായി പള്ളികള്‍ കൈയേറിയതും പൂട്ടിച്ചതും മതനവീകരണ പ്രസ്ഥാനക്കാരാണ്. ഇസ്‌ലാം വിശ്വാസികള്‍ സ്ഥാപിച്ച പള്ളികളും വഖ്ഫ് സ്വത്തുക്കളും സര്‍ക്കാരിന്റെയും ചില വൈദേശിക ശക്തികളുടെയും സഹായത്തോടെ പിടിച്ചടക്കിയ മതവിരുദ്ധ നിലപാട് മുസ്‌ലിം സംഘശക്തിയില്‍ വിള്ളല്‍ വീഴ്ത്തി. വാഖ്ഫിന്റെ ഉദ്ദേശ്യലക്ഷ്യത്തിന്നെതിരില്‍ പിടിച്ചടക്കിയ നൂറുകണക്കായ പള്ളികള്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക് നഷ്ടമായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിട്ട ഈ വലിയ വെല്ലുവിളി നേരിടാന്‍ 1926 ജൂണ്‍ 26ന് സാത്വികരായ പണ്ഡിതര്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ഒത്തുചേര്‍ന്നു. സമസ്ത കേരള ജംയ്യത്തുല്‍ ഉലമാ രൂപീകരിച്ചു. മുസ്‌ലിംകളുടെ വിശ്വാസ-ആരാധനാ സംരക്ഷണം, അവകാശ സംരക്ഷണം, ധര്‍മനിര്‍വഹണം തുടങ്ങിയ മൗലിക ലക്ഷ്യങ്ങളുമായി രംഗത്തുവന്ന സംഘടനയ്ക്ക് പ്രതീക്ഷയില്‍ കവിഞ്ഞ സ്വീകാര്യത ലഭ്യമായി. 6000 ത്തിലധികം മുസ്‌ലിം വീടുകളുള്ള മഹല്ല് (കൊല്ലൂര്‍വിള കൊല്ലം) നാല് വീടുകള്‍ മാത്രമുള്ള മഹല്ല് (കേണിച്ചിറ വയനാട്) അടക്കം സംസ്ഥാനത്ത് ആയിരത്തിലധികം മഹല്ലുകളുണ്ട്. മൂന്നു ലക്ഷത്തിലധികം വഖ്ഫ് സ്വത്ത് വഹകള്‍ ഉണ്ടെന്നാണ് ഒരു കണക്ക്. കുര്‍ഗ്, ദക്ഷിണകന്നഡ, തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപുകള്‍, അന്തമാന്‍ തുടങ്ങിയ സ്ഥലങ്ങളിലായി സമസ്തയുടെ നിയന്ത്രണത്തില്‍ രണ്ടായിരത്തോളം മഹല്ലുകളും പ്രവര്‍ത്തിക്കുന്നു. പള്ളികള്‍, മദ്‌റസകള്‍, അനാഥാലയങ്ങള്‍, അറബിക് കോളജുകള്‍, നിരവധി ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവിധ മഹല്ല് കമ്മിറ്റികള്‍ നടത്തിവരുന്നു.
1989ലെ തര്‍ക്കം
അച്ചടക്കലംഘനം, സാമ്പത്തിക അശുദ്ധി, ഗുരുനിന്ദ, രാഷ്ട്രീയ പക്ഷപാതിത്വം തുടങ്ങിയ കാരണങ്ങളാല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആറു പേരെ സമസ്തയില്‍നിന്ന് 1989ല്‍ മാറ്റിനിര്‍ത്തി. പ്രസ്ഥാനത്തിന് യോചിക്കാത്തതും സമുദായത്തിന് ഭാവിയില്‍ വിപരീതഫലം ഉളവാക്കുന്നതുമായ സമീപനങ്ങളാണ് ഈ ആറു പേരില്‍ ഉണ്ടായിരുന്നത്. അപരാധങ്ങള്‍, തെറ്റ് തിരുത്താന്‍ ശ്രമിക്കുന്നതിനു പകരം അധികം തെറ്റിലേക്ക് നീങ്ങാന്‍ സംഘടന രൂപീകരിച്ച് മതമൈതാനം മലിനമാക്കാനാണ് നിര്‍ഭാഗ്യവശാല്‍ ഈ ആറംഗസംഘവും സഹയാത്രികരും തയ്യാറായത്. തുടര്‍ന്നുണ്ടായ കേരളത്തിലെ ദുഃഖകരമായ സംഭവ വികാസങ്ങള്‍ വിവരണാതീതമാണ്. പുരാതന അറബി ഗോത്രങ്ങളില്‍നിന്ന് കടംകൊണ്ട അപരിഷ്‌കൃത രീതികളും മതവിരുദ്ധ സമീപനങ്ങളും കാരണം മുസ്‌ലിം ഇന്ത്യ നിരന്തരം ബലാല്‍ക്കാരം ചെയ്യപ്പെട്ടു.
അച്ചടക്കം
ഏതൊരു മഹല്ലിനും സുപ്രധാനമായ നാല് സുരക്ഷാ കവചങ്ങളുണ്ട്. 1) ആധാരങ്ങള്‍, 2) ഭരണഘടന, 3)ജനറല്‍ബോഡി, 4) കീഴ്‌വഴക്കവും പാരമ്പര്യവും. ഈ നാല് ഘടകങ്ങളും വെല്ലുവിളിച്ച് ഏതാനും ചില കുറ്റവാളികളെയോ രാഷ്ട്രീയക്കാരെയോ സ്വാധീനിച്ച് പള്ളി മദ്‌റസകളില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുക കാല്‍നൂറ്റാണ്ടായി തുടരുകയാണ്.
നിസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും ഏര്‍പ്പെട്ടവരെ പോലും മാരകായുധങ്ങളുമായി വന്നു പള്ളിയുടെ മഹത്വം മാനിക്കാതെ അക്രമിച്ചുപരുക്കേല്‍പ്പിച്ച് പൂട്ടിക്കുന്നതും തുടരുകയാണ്. കക്കോവ്, മുടിക്കോട്, തരുവണ ഉദാഹരണങ്ങള്‍ മാത്രം. മസ്ജിദ് സംസ്‌കാരം തകര്‍ക്കുകയും മുസ്‌ലിം ഉമ്മത്തിനെ പകയിലും വിദ്വേഷത്തിലും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന പ്രവണത ശക്തിപ്പെടുകയാണ്. ഇങ്ങനെ ചിലത് പൂട്ടിക്കുന്നു. ചിലത് പിടിച്ചടക്കുന്നു. ഇത് രണ്ടും ഇസ്‌ലാമിക വീക്ഷണത്തില്‍ വലിയ അപരാധമാണെന്ന് പറയേണ്ടതില്ലല്ലോ?
നീതി തേടുന്ന ആരാധനാലയങ്ങള്‍
മതസ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ സുരക്ഷ ഒരുക്കേണ്ടവര്‍ ലോ ആന്റ് ഓര്‍ഡര്‍ പറഞ്ഞ് അടച്ചുപൂട്ടുന്നതും നിയമവാഴ്ച ഉറപ്പാക്കാന്‍ ബാധ്യതയുള്ള പൊലിസ് പക്ഷം ചേരുന്നതും അപൂര്‍വമല്ല.
ചില ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്യുന്നതാവരുത് നിയമപാലനം. മഹല്ലുകള്‍ സംരക്ഷിക്കാന്‍ ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ജാഗ്രതയും സഹകരണവും അനിവാര്യമാണ്. രാഷ്ട്രീയ ബലാബലത്തിന്റെ കളരിയല്ല പള്ളികള്‍. പഞ്ചായത്തിലോ പാര്‍ലമെന്റിലോ സീറ്റുറപ്പിക്കാനുള്ളതുമല്ല പള്ളികള്‍. പള്ളിയുടെ വിശുദ്ധി കളങ്കപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. പള്ളികളില്‍ കോലാഹലം ഉയര്‍ന്നാല്‍ പ്രകൃതിപോലും പ്രതികരിക്കുമെന്ന പ്രവാചക പാഠം മറന്നാണ് വിദ്രോഹശക്തികള്‍ മഹല്ലുകള്‍ വേട്ടയാടാന്‍ കോപ്പുകൂട്ടുന്നത്.
അഞ്ച് യോഗ്യതയാണ് പള്ളി പരിപാലനത്തിന് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവച്ചത്. സത്യവിശ്വാസം, പരലോക വിശ്വാസം, നിസ്‌കാരം നിലനിര്‍ത്തല്‍, സകാത്ത് കൊടുത്തുവീട്ടല്‍, അല്ലാഹുവിനെയല്ലാതെ ഭയക്കാതിരിക്കല്‍. വിശ്വാസ ശുദ്ധി, സാമ്പത്തിക ശുദ്ധി, ആരാധനാശുദ്ധി, പരലോക വിചാരം ഇതൊക്കെയുള്ളവരാണ് പള്ളികള്‍ നടത്തേണ്ടത്. അല്ലാഹുവിന്റെ ഭവനങ്ങളാണെന്ന ബോധം നഷ്ടപ്പെടരുത്. മഹല്ലുകള്‍ എന്ന മുസ്‌ലിമിന്റെ അഭിമാനശേഷിപ്പു തകര്‍ക്കാനും സമുദായ പൈതൃകം നശിപ്പിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരേ പൊതുമനസ്സാക്ഷി ഉണരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."