ഉപരാഷ്ട്രപതി പദത്തില്‍ റെക്കോര്‍ഡുമായി ഹാമിദ് അന്‍സാരി
ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍കാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചതിന്റെ റെക്കോര്‍ഡുമായാണ് ഹാമിദ് അന്‍സാരി പടിയിറങ്ങുന്നത്. 2007 ഓഗസ്റ്റ് 11ന് ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത അന്‍സാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് 2012 ഓഗസ്റ്റ് 11ന് ഉപരാഷ്ട്രപതിയായി രണ്ടാം തവണയും അധികാരമേറ്റു. ഇതോടെ ഉപരാഷ്ട്രപദവിയില്‍ ഏറ്റവും കൂടുതല്‍ കാലമിരുന്നതിന്റെ ക്രെഡിറ്റും അദ്ദേഹത്തിന് സ്വന്തം. 3653 ദിവസമാണ് അദ്ദേഹം ഉപരാഷ്ടപതി സ്ഥാനത്തിരുന്നത്.
1952 മെയ് 13 മുതല്‍ 1962 മെയ് 12 വരെ രണ്ടുതവണ സ്ഥാനം വഹിച്ച പ്രഥമ ഉപരാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്‍ 3652 ദിവസമാണ് അധികാരത്തിലിരുന്നത്. ഹാമിദ് അന്‍സാരിക്ക് മൂന്ന് അധിവര്‍ഷങ്ങളുടെ ആനുകൂല്യം ലഭിച്ചപ്പോള്‍(2008, 2012, 2016) രാധാകൃഷ്ണന് ലഭിച്ചത് 1956, 1960 എന്നീ രണ്ട് അധിവര്‍ഷങ്ങള്‍ മാത്രം.
മുഹമ്മദ് ഹിദായത്തുല്ലയുടെ അഞ്ചുവര്‍ഷ കാലയളവായ 1979 ഓഗസ്റ്റ് 31 മുതല്‍ 1984 ഓഗസ്റ്റ് 30 വരെ രണ്ട് അധിവര്‍ഷങ്ങള്‍(1980, 1984) വന്നതിനാല്‍ 1827 ദിവസം അധികാരത്തിലിരുന്ന് മൂന്നാം സ്ഥാനം അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ ഡോ സാക്കിര്‍ ഹുസൈന്‍, ജി.എസ്. പഥക്, ബി.ഡി ജെട്ടി എന്നിവര്‍ 1826 ദിവസമാണ് ഈ സ്ഥാനത്തിരുന്നത്.
അഞ്ചുവര്‍ഷം തികയുന്നതിന് മുന്‍പ് ഡോ. ശങ്കര്‍ദയാല്‍ ശര്‍മയും കെ.ആര്‍ നാരായണനും രാഷ്ട്രപതിയായി. ഉപരാഷ്ട്രപതി സ്ഥാനത്തിരിക്കെ കൃഷ്ണ കാന്ത് അന്തരിച്ചു. ഭൈറോണ്‍ സിങ് ഷെഖാവത്ത് രാജിവയ്ക്കുകയും ചെയ്തു.
ഉപരാഷ്ട്രപതി സ്ഥാനത്ത് ഏറ്റവും കുറവുകാലമിരുന്നത് വി.വി ഗിരിയാണ്. 1967 മെയ് 13 മുതല്‍ 1969 ജൂലൈ 20 വരെ 799 ദിവസമാണ് അദ്ദേഹം അധികാരത്തിലിരുന്നത്. ഇതില്‍ അവസാനത്തെ 78 ദിവസം(1969 മെയ് 3 മുതല്‍ 1969 ജൂലൈ 20 വരെ) താല്‍ക്കാലിക രാഷ്ട്രപതിയും പിന്നീട് 1969 ഓഗസ്റ്റ് 24ന് രാഷ്ട്രപതിയുമായി. 1974 ഓഗസ്റ്റ് 24 വരെ അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തിരുന്നു. അഞ്ചുവര്‍ഷത്തില്‍ താഴെ ഉപരാഷ്ട്രപതിയായ മറ്റൊരാള്‍ ആര്‍. വെങ്കട്ടരാമനാണ്. 1984 ഓഗസ്റ്റ് 31ന് അധികാരത്തിലേറിയ അദ്ദേഹം 1987 ജൂലൈ 24ന് അധികാരമൊഴിയുമ്പോള്‍ അദ്ദേഹം പിന്നിട്ടത് 1058 ദിവസങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."