ജനറല്‍ നഴ്‌സിങ്: 80 കോളജുകള്‍ക്ക് അനുമതിയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം നഴ്‌സിങ് കോളജുകളും പ്രവര്‍ത്തിക്കുന്നത് നിലവാരമില്ലാതെയെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍. ഈ മാസം നാലിന് പ്രസിദ്ധീകരിച്ച പുതുക്കിയ പട്ടികയില്‍ മാനദണ്ഡം പാലിക്കാത്ത 80 കോളജുകള്‍ക്ക് ജനറല്‍ നഴ്‌സിങ് (ജി.എന്‍.എം) കോഴ്‌സ് നടത്തുന്നതിനുള്ള അനുമതി നിഷേധിച്ചു. 82 കോളജുകള്‍ക്ക് ഡിഗ്രി കോഴ്‌സിനും അനുമതിയില്ല.
ഇത്തവണ സംസ്ഥാനത്ത് 39 കോളജുകള്‍ക്ക് മാത്രമാണ് ജനറല്‍ നഴ്‌സിങ് കോഴ്‌സ് നടത്താന്‍ അനുമതിയുള്ളത്. കഴിഞ്ഞ വര്‍ഷം 119 കോളജുകള്‍ക്ക് ജനറല്‍ നഴ്‌സിങ്ങിന് അനുമതി ഉണ്ടായിരുന്നു. പല കോളജുകളും വിദ്യാര്‍ഥി-അധ്യാപക അനുപാതം കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയതായി നഴ്‌സിങ് കൗണ്‍സില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇത്തവണ ജനറല്‍ നഴ്‌സിങ്ങിന് അനുമതി ലഭിച്ച കോളജുകളില്‍ ഒന്‍പതെണ്ണം സര്‍ക്കാര്‍ മേഖലയിലുള്ളതാണ്. കഴിഞ്ഞ ജൂണ്‍ 23ന് പ്രസിദ്ധീകരിച്ച ആദ്യ പട്ടികയില്‍ രണ്ട് സര്‍ക്കാര്‍ കോളജുകള്‍ക്ക് മാത്രമാണ് ജി.എന്‍.എം കോഴ്‌സിന് അനുമതി ഉണ്ടായിരുന്നത്. പുതുക്കിയ പട്ടികയില്‍ ഏഴു കോളജുകള്‍ കൂടി ഇടംനേടി. നേരത്തെ അനുമതി ലഭിച്ച മഞ്ചേരി, തിരുവനന്തപുരം എന്നിവയ്ക്ക് പുറമേ ഇടുക്കി, കോഴിക്കോട്, പാലക്കാട്, ശാസ്താംകോട്ട, പത്തനംതിട്ട, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് തുടങ്ങിയയിടങ്ങളിലെ സര്‍ക്കാര്‍ കോളജുകള്‍ക്കാണ് പുതുതായി അനുമതി ലഭിച്ചത്. ആലപ്പുഴ ഗവ. കോളജിന് ഇത്തവണയും അനുമതിയില്ല. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലുള്ള തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ നഴ്‌സിങ് കോളജുകള്‍ക്ക് മാത്രമാണ് ബി.എസ്‌സി കോഴ്‌സ് നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ 23ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ കേരളത്തിലെ ഒരു ഗവ. കോളജ് പോലും ഇടംനേടിയിരുന്നില്ല. രണ്ടു കോളജുകളിലായി ആകെ 160 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ഗവ. നഴ്‌സിങ് കോളജുകള്‍ക്ക് പുതുക്കിയ പട്ടികയിലും ഇടംനേടാനായില്ല. നേരത്തെ ഇറക്കിയ പട്ടികയില്‍ 17 സ്വകാര്യ കോളജുകള്‍ക്കാണ് ബി.എസ്‌സിക്ക് അനുതി നല്‍കിയിരുന്നത്. എന്നാല്‍, പുതുക്കിയ പട്ടികയില്‍ 24 കോളജുകള്‍ക്ക് കൂടി അധികമായി അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ പുതിയ അധ്യയന വര്‍ഷത്തില്‍ ഡിഗ്രി നഴ്‌സിങ് നടത്താന്‍ അനുമതി ലഭിച്ച സ്വകാര്യ കോളജുകളുടെ എണ്ണം 41 ആയി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 123 കോളജുകള്‍ക്ക് ബി.എസ്‌സി കോഴ്‌സ് നടത്താന്‍ അനുമതി ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."