പ്രസിഡന്റ് വിവാദത്തില്‍; പള്ളിക്കലില്‍ പഞ്ചായത്ത് ഭരണം സ്തംഭനത്തിലേക്ക്
എന്‍.എം കോയ പള്ളിക്കല്‍
പള്ളിക്കല്‍: പ്രസിഡന്റും പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്ന പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഭരണം സ്തംഭനത്തിലേക്ക്. പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യാര്‍ഥം വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി വരുത്തുന്നതിനായി ഇന്നലെ വിളിച്ചുചേര്‍ത്ത യോഗം ക്വാറം തികയാതെ പിരിച്ചുവിടേണ്ടിവന്നു. 22 അംഗ ഭരണസമിതിയില്‍ മുസ്‌ലിം ലീഗില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രസിഡന്റ് മിഥുനയും നാല് എല്‍.ഡി.എഫ് അംഗങ്ങളും ഉള്‍പ്പെടെ അഞ്ചു പേര്‍ മാത്രമാണ് പങ്കെടുത്തത്. ഭരണപക്ഷ അംഗങ്ങള്‍ പൂര്‍ണമായും പ്രതിപക്ഷ അംഗങ്ങളില്‍ ചിലരും യോഗം ബഹിഷ്‌കരിച്ചു. മുസ്‌ലിം ലീഗ് ഒന്‍പത്, സതന്ത്രന്‍ ഒന്ന്, കോണ്‍ഗ്രസ് രണ്ട്, സി.പി.എം രണ്ട്, എല്‍.ഡി.എഫ് സ്വതന്ത്രര്‍ എട്ട് എന്നിങ്ങനെയാണ് ഭരണസമിതി. ഒരു സ്വതന്ത്രന്റെയും രണ്ടു കോണ്‍ഗ്രസ് അംഗങ്ങളുടെയും പിന്തുണയോടെ മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പി. മിഥുന പ്രസിഡന്റായുള്ള യു.ഡി.എഫാണ് നിലവില്‍ പഞ്ചായത്ത് ഭരിക്കുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ചട്ടുകമായെന്ന ആരോപണവും പാര്‍ട്ടി വിലക്കിയിട്ടും മന്ത്രി കെ.ടി ജലീലുമൊത്തു വേദി പങ്കിട്ടതും കാരണം പ്രസിഡന്റ് മിഥുനയെ കഴിഞ്ഞ ദിവസം ലീഗില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഭരണപക്ഷത്തിന്റെ നിലപാടിനെതിരേ ഇവര്‍ പലപ്പോഴായി പ്രവര്‍ത്തിച്ചിരുന്നതായി ആരോപണമുണ്ട്. 2019-20 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി തയാറാക്കുന്നതിനായി സ്റ്റിയറിങ് കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തയാറായിരുന്നില്ലെന്നും ആരോപണമുയര്‍ന്നു. ഓരോ വാര്‍ഡിലേക്കും ആവശ്യമായ പദ്ധതികള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പദ്ധതി രേഖ ബുധനാഴ്ച രാവിലെ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ മുസ്തഫ അവതരിപ്പിക്കുകയും യു.ഡി.എഫ് അംഗങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിപക്ഷ അംഗങ്ങള്‍ പദ്ധതിയില്‍ ഭേദഗതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച പ്രസിഡന്റ് അന്ന് ഉച്ചയ്ക്കു ശേഷം യോഗം ചേര്‍ന്നു തീരുമാനമെടുക്കാമെന്നറിയിച്ചെങ്കിലും യോഗം അലങ്കോലപ്പെട്ടു. തുടര്‍ന്നാണ് ഇന്നലെ യോഗം ചേരാന്‍ തീരുമാനിച്ചത്. ഈ യോഗമാണ് ക്വാറം തികയാതെ പിരിച്ചുവിട്ടത്. അംഗീകാരം നേടിയ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യാനുള്ള നീക്കം അംഗീകരിക്കില്ലെന്നും യോഗത്തിന് ഔദ്യാഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറയുന്നു. അടിയന്തര യോഗത്തിന് എല്ലാ അംഗങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി മെസേജയച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. എന്നാല്‍, ഇന്നലെ യോഗം ചേരുമ്പോള്‍ പ്രതിപക്ഷ അംഗങ്ങളെല്ലാം സ്ഥലത്തുണ്ടായിരുന്നെങ്കിലും എം. ഖാലിദ്, കെ. മോഹന്‍ദാസ്, ജന്‍സാബി, വഹീദ പാതിപ്പറമ്പന്‍ എന്നീ നാലു പേര്‍ മാത്രമാണ് പങ്കെടുത്തത്. മറ്റു പ്രതിപക്ഷാംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. പ്രസിഡന്റിനോടു രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായി പറയുന്നുണ്ടെങ്കിലും അവര്‍ തയാറായിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലവില്‍ എസ്.സി വനിതാ സംവരണമാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തും മറ്റൊരു എസ്.സി വനിതാ അംഗം ഇല്ലാത്ത സാഹചര്യത്തില്‍ മറ്റാരുടെയും പിന്തുണയില്ലാതെ മിഥുനയ്ക്കു തുടരാനാകും. അവിശ്വാസം കൊണ്ടുവന്നു പുറത്താക്കാന്‍ മറ്റേതെങ്കിലും വാര്‍ഡില്‍നിന്ന് അംഗങ്ങള്‍ രാജിവച്ച് എസ്.സി വനിത ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."