കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
മീനങ്ങാടി: സ്വകാര്യ വ്യക്തികള്‍ കൈയേറിയ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യം ശക്തം. ഭൂമി തിരിച്ചുപിടിക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടപടി എടുക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൈയേറ്റഭൂമി തിരിച്ചുപിടിച്ച് ബോര്‍ഡ് സ്ഥാപിച്ചു.
സ്റ്റേഡിയത്തിന്റെ 65 സെന്റോളം ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കൈയേറിയിരിക്കുന്നത്. കൈയേറ്റം നടന്നതായി സാമൂഹ്യപ്രവര്‍ത്തകന്റെ പരാതിയില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
എന്നാല്‍ വര്‍ഷങ്ങളായി പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണ് വ്യാജ പ്രമാണങ്ങള്‍ നിര്‍മിച്ച് ഭൂമി തട്ടിയെടുത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 1980ല്‍ പ്ലാന്റര്‍ എച്ച്.എസ് ശിവകണ്ഠപ്പ, പിതാവായ ശ്രീകണ്ഠ ഗൗഡറുടെ ഓര്‍മ്മക്കായാണ് പഞ്ചായത്ത് സ്റ്റേഡിയത്തിന് ഭൂമി വാങ്ങാന്‍ പണം നല്‍കിയത്. തുടര്‍ന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി 1981 ഫെബ്രുവരി ആറിന് വസ്തു വില്പന കരാര്‍ ഉണ്ടാക്കി വാങ്ങിയ ഭൂമിയിലാണ് കൈയേറ്റം നടന്നിരിക്കുന്നത്.
ഇതുകൂടാതെയുള്ള പഞ്ചായത്ത് ഭൂമിയിലും അനധികൃത കൈയേറ്റം നടന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ചുവച്ച് സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന നിലപാടാണ് ഭരണസമിതി സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
സമരത്തിന് ഡി.സി.സി സെക്രട്ടറി കെ.ഇ വിനയന്, മണ്ഡലം പ്രസിഡന്റ് ബേബി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി ജോണ്സണ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി സാജു, ശോഭന സുബ്രമണ്യന്‍, ഉഷ, വി.എം വിശ്വനാഥന്, വി.ആര് ശിവന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."