മല കയറാന്‍ പല നാട്ടില്‍ നിന്നായി 45 യുവതികള്‍; അനുവദിക്കില്ലെന്ന് കെ.പി ശശികല
ചെന്നൈ/പത്തനംതിട്ട: ശബരിമല ചവിട്ടാന്‍ വേണ്ടി 45 യുവതികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പുറപ്പെട്ടു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടത്. കേരള പൊലിസിന്റെ സുരക്ഷയില്‍ സ്വകാര്യ വാനിലാണ് യാത്ര. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് തീരുമാനം.
പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പൊലിസ് സുരക്ഷയില്‍ ശബരിമലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മനിതി സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.
'യുവതികളെ മല കയറാന്‍ അനുവദിക്കില്ല'
ശബരിമലയിലെത്തുന്ന 45 യുവതികളെയും മലകയറാന്‍ അനുവദിക്കില്ലെന്ന് കെ.പി ശശികല. ഇതുവരെ എത്തിയവരെ പോലെ മല കയറാതെ മനിതി സംഘവും മടങ്ങുമെന്ന് ശശികല പറഞ്ഞു.
നാമ ജപ പ്രതിഷേധത്തിലൂടെ ഇവരെ തടയുമെന്നും ആരും മല കയറില്ലെന്നും ശശി കല പറഞ്ഞു. യുവതികള്‍ മല കയറാതിരിക്കാനുള്ള മാര്‍ഗം അയ്യപ്പന് തന്നെ കണ്ടെത്തും. ചിലപ്പോള്‍ അവര്‍ക്ക് തന്നെ സദ്ബുദ്ധി തോന്നി മടങ്ങി പോകാം. ചിലപ്പോള്‍ പൊലിസിനായിരിക്കും അങ്ങനെ തോന്നുക. എന്തായാലും യുവതികള്‍ മല കയറില്ലെന്നും ശശികല പറഞ്ഞു.
എത്തുന്നത് പല സ്ഥലങ്ങളില്‍ നിന്നായി
പല സംഘങ്ങളായി കോട്ടയത്ത് എത്തിച്ചേര്‍ന്ന ശേഷം ഒരുമിച്ച് മല കയറാനാണ് മനിതി സംഘടനയുടെ തീരുമാനം. ഒഡീഷ, ഛത്തീസ്ഗഡ്, കര്‍ണാടക, ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളുടെ സംഘം കോട്ടയത്തേക്ക് തിരിച്ചുകഴിഞ്ഞു.
എന്തുവന്നാലും മല കയറുമെന്ന നിലപാടാണ് മനിതി സംഘടന പ്രതിനിധികള്‍ പങ്കുവയ്ക്കുന്നത്. ഇവരെ മലകയറാന്‍ അനുവദിക്കില്ലെന്ന നിലപാട് തന്നെയാണ് ഹിന്ദു ഐക്യ വേദിയടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പങ്കുവയ്ക്കുന്നതും. തൃപ്തി ദേശായിയുടെ സംഘത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെയുള്ള നാമ ജപ പ്രതിഷേധം പോലെയുള്ള പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."