പര്‍ദ്ദ നിരോധനം; കോളജ് അധികൃതരുടെ നടപടി മനുഷ്യാവകാശ ലംഘനം
കാസര്‍കോട്: പടന്നക്കാട് സി.കെ നായര്‍ മെമ്മോറിയല്‍ കോളജില്‍ പര്‍ദ്ദ ധരിച്ചു വന്ന വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്നു പുറത്താക്കിയ നടപടി അപലനീയവും മനുഷ്യാവകാശ ലംഘനവുമാണെന്നു മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍ എന്നിവര്‍ പറഞ്ഞു.
യൂനിഫോം നിര്‍ബന്ധമില്ലാത്ത ബുധനാഴ്ച വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കിയ കോളജ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനികള്‍ പര്‍ദ്ദ ധരിച്ചു വന്നപ്പോള്‍ ക്ലാസില്‍ നിന്നു പുറത്താക്കിയതിലൂടെ ഭരണഘടന അനുവദിച്ചു തന്ന ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള മൗലികമായ അവകാശങ്ങളെയാണു നിഷേധിച്ചതെന്നും ഇവര്‍ പറഞ്ഞു. ഇത്തരം നടപടികളിലൂടെ ഫാസിസ്റ്റ് പ്രീണനമാണ് കോളജ് അധികൃതര്‍ നടത്തുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു.
മത സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടു പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇത്തരം പ്രവണതകള്‍ തുടരുകയാണെങ്കില്‍ വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇക്കാര്യത്തില്‍ ഇടതു യുവജന സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."