മലബാര്‍ കാണാന്‍ മുഴയന്‍ താറാവെത്തി
ചങ്ങരംകുളം: കാണാന്‍ താറാവിനെക്കാള്‍ കൗതുകമുള്ള മുഴയന്‍ താറാവ് ഭാരതപ്പുഴയോരത്തെത്തി. കേരളത്തില്‍ അപൂര്‍വമായി കണ്ടുവരുന്നതും താറാവു വര്‍ഗത്തിലെ വലിപ്പമേറിയ പക്ഷികളില്‍ ഒരിനവുമായ മുഴയന്‍ താറാവിനെ ഭാരതപ്പുഴയോടു ചേര്‍ന്ന ചതുപ്പ് നിലത്തില്‍ നേച്ചര്‍ ഫോട്ടോഗ്രാഫര്‍ ഷിനോ ജേക്കബാണ് കണ്ടെത്തിയത്.
കോമ്പ് ഡക്ക് എന്ന് ഇംഗ്ലീഷ് പേരുള്ള ഈ പക്ഷിയുടെ പുറംഭാഗം കറുപ്പു നിറവും അടിഭാഗം വെള്ളയുമാണ്. ഈ പക്ഷികളില്‍ ആണിനു കൊക്കിനു മുകളില്‍ മുഴയുള്ളതുകൊണ്ടാണ് മുഴയന്‍ താറാവ് എന്നു വിളിക്കുന്നത്.
കേരളത്തില്‍ തൃശൂര്‍ കോള്‍നിലങ്ങളിലും പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലയിലെ ഡാമുകളിലും ഈ പക്ഷികളെ മുന്‍പു കണ്ടെത്തിയിരുന്നു. മലപ്പുറം-പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ആദ്യമായാണ് ഇവയെ കണ്ടെത്തുന്നത്.
കേരളത്തിനു പുറത്ത് കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇവ കൂടുകൂട്ടി മുട്ട വിരിയിക്കാറുണ്ടെങ്കിലും കേരളത്തില്‍ ഇവയുടെ പ്രജനനം കണ്ടെത്തിയിട്ടില്ല. ജലാശയങ്ങളിലെ സസ്യഭാഗങ്ങളും ചെറുജീവികളും ഈ പക്ഷിയുടെ ഭക്ഷണമാണ്. മനുഷ്യസാമീപ്യം വളരെ കുറവുള്ള പ്രദേശത്തു ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന പക്ഷിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."