മറക്കാനാവാത്ത ചിത്രമായി ആ പിതാവും ഈ മാതാവും
ആ രണ്ടു വാര്‍ത്തകളും കണ്ണ് ഈറനണിയിക്കുന്നതായിരുന്നു.
വാര്‍ത്ത വായിച്ചു കണ്ണു ന നഞ്ഞെങ്കിലും രണ്ടും ഒരേ വികാരം കൊണ്ടായിരുന്നില്ല.
ഒന്നാമത്തേത് മക്കള്‍ മാഹാത്മ്യത്തിന്റെ അഭിമാനവും ആഹ്ലാദവും നല്‍കുന്ന വാര്‍ത്തയായിരുന്നു. രണ്ടാമത്തേത് അങ്ങനെയായിരുന്നില്ല. എന്തൊക്കെയാണെങ്കിലും മക്കള്‍ ഇങ്ങനെ പെരുമാറാമോയെന്ന നെടുവീര്‍പ്പോടെ മനസ്സിന്റെ അടിത്തട്ടില്‍ നിന്നുയര്‍ന്ന ചോദ്യമാണ് രണ്ടാമത്തേ വാര്‍ത്ത വായിച്ചപ്പോള്‍ കണ്ണു നിറയാന്‍ കാരണം.
മക്കള്‍ മാഹാത്മ്യത്തെക്കുറിച്ചുള്ള വാര്‍ത്ത വാട്‌സ് ആപ്പ് സന്ദേശമായാണ് കണ്‍മുന്നിലെത്തിയത്. അതിങ്ങനെയാണ്:
സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കോടതിയില്‍ വിചിത്രമായൊരു കേസെത്തി. നൂറുവയസ്സുള്ള പിതാവിന്റെ സംരക്ഷണത്തെച്ചൊല്ലിയായിരുന്നു കേസ്. മാതാപിതാക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കവും കേസും നമ്മുടെ നാട്ടില്‍ വാര്‍ത്തയല്ലല്ലോ. അതിനാല്‍ ഈ കേസിനെക്കുറിച്ചു കേള്‍ക്കുമ്പോഴും അതിലെന്തിരിക്കുന്നുവെന്ന ചോദ്യം ആരുടെയും മനസ്സില്‍ ഉയരാം.
എന്നാല്‍, ഇവിടെ കേസ് 'എനിക്കു വയ്യ, സഹോദരനോ സഹോദരിയോ ഏറ്റെടുക്കട്ടെ' എന്നതല്ല. മറിച്ച്, 'വയോവൃദ്ധനായ പിതാവിനെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനുമുള്ള അവകാശം എനിക്കും കിട്ടണം' എന്നതിനെച്ചൊല്ലി മക്കള്‍ക്കിടയില്‍ ഉയര്‍ന്ന തര്‍ക്കമായിരുന്നു കേസായി മാറിയത്.
പിതാവിന്റെ സംരക്ഷണാവകാശം ആവശ്യപ്പെട്ടു കോടതിയിലെത്തിയ മക്കള്‍ ചെറുപ്പക്കാരൊന്നുമല്ല, അവരും വൃദ്ധരാണ്. ഒരാള്‍ക്ക് എണ്‍പതിനോടടുത്തും മറ്റേയാള്‍ക്ക് അതില്‍ കുറച്ചു മാത്രം താഴെയുമാണു പ്രായം. സ്വാഭാവികമായും ഈ പ്രായത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാം. അവരും സംരക്ഷണം ആവശ്യമുള്ളവരാണ്. എന്നിട്ടും ആ മക്കള്‍ വാശിയിലായിരുന്നു, പ്രായാധിക്യമുള്ള പിതാവിന്റെ ജീവിതസായാഹ്നത്തില്‍ പരിചരണവുമായി താന്‍ ഒപ്പമുണ്ടായേ തീരൂ.
പിതാവ് കഴിഞ്ഞ നാലു പതിറ്റാണ്ടായി മൂത്തമകനൊപ്പമാണു താമസം. അത്ര കാലവും പിതാവിനെ ദത്തശ്രദ്ധനായി പരിചരിക്കുകയായിരുന്നു ജ്യേഷ്ഠസഹോദരനെന്നതില്‍ അനുജന് സംശയമൊന്നുമില്ലായിരുന്നു. നമ്മുടെ നാട്ടില്‍ പതിവായി കേള്‍ക്കുന്ന പോലെ വയസ്സായ പിതാവിനോടു മകനും കുടുംബവും ക്രൂരമായി പെരുമാറുന്നുവെന്ന പരാതിയൊന്നും സഊദിയിലെ ആ പിതാവിന്റെ രണ്ടാമത്തെ മകനോ അയല്‍വാസികള്‍ക്കോ ഉണ്ടായിരുന്നില്ല. ഏറ്റവും ശ്രദ്ധയോടെയുള്ള പരിചരണമാണു കിട്ടുന്നതെന്നു പരാതിക്കാരനും സമ്മതിക്കുന്നു. അതിനുള്ള പ്രതിഫലം സര്‍വശക്തനില്‍ നിന്നു മൂത്തമകനു കിട്ടുമെന്നതിലും രണ്ടാമത്തെ മകനു സംശയമുണ്ടായിരുന്നില്ല.
പിതൃസംരക്ഷണത്തിനു ദൈവത്തില്‍ നിന്നുള്ള പ്രതിഫലത്തിനു തനിക്ക് അര്‍ഹതയില്ലാതെ പോകുമല്ലോയെന്ന ദുഃഖമായിരുന്നു രണ്ടാമത്തെ മകന്. നാല്‍പ്പതു വര്‍ഷത്തെ സശ്രദ്ധപരിചരണത്തിലൂടെ മൂത്തസഹോദരന്‍ നിറവേറ്റിയ മകന്റെ കര്‍ത്തവ്യം ഇനിയുള്ള കാലത്തു തനിക്കും നിറവേറ്റാന്‍ കഴിയണമെന്ന തീവ്രാഭിലാഷമാണ് ആ നല്ല മനുഷ്യനെ നീതിപീഠത്തിന്റെ മുന്നിലെത്തിച്ചത്.
കോടതിയില്‍ ശക്തമായ വാദപ്രതിവാദം നടന്നു. ഒരു കാരണവശാലും പിതാവിന്റെ സംരക്ഷണം താന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അതു തന്റെ കടമയാണെന്നും മൂത്തമകന്‍ വാദിച്ചു. ജ്യേഷ്ഠന്‍ കഴിഞ്ഞ 40 വര്‍ഷമായി പിതാവിന്റെ സംരക്ഷണം ഏറ്റെടുത്തു നടത്തിയതിനാല്‍ ഇനിയുള്ള കാലം ആ അവകാശം തനിക്കു വിട്ടുതരണമെന്ന് അനുജനും വാദിച്ചു.
ന്യായാധിപന് തീരുമാനത്തിലെത്താന്‍ കഴിയാത്ത അവസ്ഥയായി. എങ്കിലും, താരതമ്യേന ഇരുവിഭാഗത്തിനും യോജിക്കാവുന്ന പരിഹാരമെന്ന നിലയില്‍ ഭാവിയില്‍ നിശ്ചിതകാലം വച്ചു രണ്ടു മക്കളും പിതാവിനെ മാറി മാറി സംരക്ഷിക്കുകയെന്ന നിര്‍ദേശം കോടതി മുന്നോട്ടു വച്ചു. പക്ഷേ, ആ നിര്‍ദേശം അംഗീകരിക്കാന്‍ ഇരു സഹോദരന്മാരും തയ്യാറായില്ല.
അപ്പോള്‍ ന്യായാധിപന്‍ പിതാവിനോട് ഇങ്ങനെ ചോദിച്ചു, 'ആരുടെ കൂടെ താമസിക്കാനാണു താങ്കള്‍ക്കിഷ്ടം.'
പിതാവ് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. 'എനിക്ക് രണ്ടു മക്കളും തുല്യരാണ്, അവരെ വേര്‍തിരിച്ചു കാണാനാകില്ല.'
ജഡ്ജി വീണ്ടും ആശയക്കുഴപ്പത്തിലായി. എങ്കിലും ഒരു തീരുമാനത്തിലെത്തി. നാല്‍പ്പതു വര്‍ഷമായല്ലോ പിതാവ് മൂത്തമകനൊപ്പം കഴിയുന്നത്. മൂത്തമകനാണെങ്കില്‍ പ്രായം എണ്‍പതിനോടടുത്തിരിക്കുകയും ചെയ്തിരിക്കുന്നു. മനസ്സുണ്ടെങ്കിലും പിതാവിനെ വേണ്ടപോലെ പരിചരിക്കാന്‍ പ്രായാധിക്യം അനുവദിക്കണമെന്നില്ല. മാത്രമല്ല, പിതൃസംരക്ഷണാവകാശം മക്കള്‍ക്കെല്ലാം തുല്യവുമാണ്. അതിനാല്‍, ഇനിയുള്ള കാലം പിതാവിന്റെ സംരക്ഷണം ഇളയ മകനു വിട്ടുനല്‍കുന്നുവെന്നായിരുന്നു കോടതി വിധി.
ഈ വിധി കേട്ട വൃദ്ധനായ മൂത്തമകന്‍ പൊട്ടിക്കരഞ്ഞുപോയി. ''എന്നെ സ്വര്‍ഗത്തിന്റെ വാതില്‍ക്കല്‍ നിന്നും തട്ടിത്തെറിപ്പിക്കുകയാണോ. സ്വര്‍ഗത്തിലേക്കുള്ള എന്റെ വഴി നിങ്ങള്‍ അടച്ചു കളയുകയാണല്ലോ.''
നമ്മുടെ നാട്ടിലെ ഓരോ മകനും മകളും കണ്ണു തുറന്നു വായിക്കേണ്ടതാണ് ഈ വാര്‍ത്ത. മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ മതപരമായ ബാധ്യതയാണെന്നും അതിനു പരലോകത്തു പ്രതിഫലം കിട്ടുമെന്നും അനുശാസിക്കുന്നവയാണ് മിക്ക മതങ്ങളും. എന്നിട്ടും എത്രപേര്‍ ആ ലക്ഷ്യത്തോടെയെങ്കിലും മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്നുവെന്നു നാം ചിന്തിക്കേണ്ടതാണ്. ഏറ്റെടുക്കുന്നില്ലെന്നു മാത്രമല്ല, തികച്ചും നിന്ദയോടെ പെരുമാറുന്നവരാണ് മിക്ക മക്കളും. അത്തരക്കാരുടെ കണ്ണു തുറപ്പിക്കാന്‍ ഈ വാര്‍ത്ത വഴിയൊരുക്കുമെന്നതില്‍ സംശയമില്ല.
വാട്‌സ് ആപ്പില്‍ ഈ വാര്‍ത്ത വായിച്ച് അധികനേരം കഴിയുന്നതിനിടയിലാണു മറ്റൊരു വാര്‍ത്തയില്‍ കണ്ണുടക്കിയത്. പത്രവാര്‍ത്തയായിരുന്നു അത്. അതും കേരളത്തില്‍ നിന്ന്, മലബാറില്‍ നിന്നുള്ളത്. മാതാവിനോടുള്ള പക തീര്‍ക്കാന്‍ ജീവിച്ചിരിക്കുന്ന അവരുടെ കുഴിമാടം തീര്‍ക്കുകയും അതിനു മുകളില്‍ സ്മാരകശില സ്ഥാപിക്കുകയും അതിനടുത്ത് അതു തന്റെ മാതാവിന്റെ ശവകുടീരമാണെന്ന് എഴുതിവയ്ക്കുകയും ചെയ്തു ആ മകന്‍.
ഇത്രയും ക്രൂരമായ നടപടി മാതാവിനെതിരേ ആ മകന്‍ കൈക്കൊണ്ടത് വെറും പത്തു സെന്റ് സ്ഥലത്തെ ചൊല്ലിയാണ്. മാതാവ് തന്റെ പേരിലുള്ള സ്വത്തില്‍ പത്തു സെന്റ് അനുജന് രജിസ്റ്റര്‍ ചെയ്തു നല്‍കി. നേരത്തേ തന്നെ സഹോദരനുമായി സ്വത്തുതര്‍ക്കമുള്ള അയാള്‍ക്ക് അതു തീരെ സഹിച്ചില്ല. 'ഞാനെന്റെ പ്രതിഷേധം പ്രകടിപ്പിച്ചതാണെ'ന്നാണ് ഇതു സംബന്ധിച്ച പരാതിയില്‍ വിളിച്ചു വരുത്തിയ വനിതാകമ്മിഷനോട് ആ മകന്‍ പറഞ്ഞത്.
പത്തു സെന്റ് ഭൂമിക്കുവേണ്ടി ഈ രീതിയില്‍ പെരുമാറിയ മകന്‍ വലിയൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എന്‍ജിനീയറാണ്. മാതാവിനെ സ്വാധീനിച്ചു സ്വത്തു തട്ടിയെടുത്തുവെന്ന് അയാള്‍ ആരോപിക്കുന്ന സഹോദരന്‍ വിദേശത്തു നല്ല ജോലിയിലാണ്. രണ്ടുപേര്‍ക്കും ജീവിതം സുരക്ഷിതം. സ്വത്ത് അവര്‍ക്കിരുവര്‍ക്കും വലിയ ജീവിതപ്രശ്‌നമാവേണ്ടതില്ല.
എന്നിട്ടും പത്തുസെന്റു സ്ഥലത്തിനുവേണ്ടി പത്തുമാസം തങ്ങളെ ഗര്‍ഭത്തില്‍ ചുമന്ന, പിറവിക്കുശേഷം വര്‍ഷങ്ങളോളം സ്‌നേഹം പകര്‍ന്നു പോറ്റിവളര്‍ത്തിയ മാതാവിനെ കൈവെടിയാനും ജീവിച്ചിരിക്കെ അവര്‍ക്കു കുഴിമാടം തീര്‍ത്തു പ്രദര്‍ശിപ്പിക്കാനും അതിലൊരാള്‍ തയ്യാറായി എന്നതു കണ്ണു നിറയ്ക്കുന്ന വാര്‍ത്തയല്ലേ.
ജീവിതത്തിന്റെ സായന്തനത്തില്‍, ആരോഗ്യം ക്ഷയിച്ച അവസ്ഥയില്‍, രോഗങ്ങള്‍ അലട്ടുന്ന പരിതസ്ഥിതിയില്‍ ആ മാതാവ് മകനില്‍നിന്നുണ്ടായ ആ അവഹേളനത്തിനെതിരേ പരാതിയുമായി വനിതാ കമ്മിഷനെ സമീപിച്ചുവെങ്കില്‍ അവരുടെ മനസ്സില്‍ ആ സംഭവം എത്രമാത്രം കനലുകോരിയിട്ടിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."