കാത്തിരിപ്പിന് വിട; ജാനുവിനും കുടുംബത്തിനും സ്‌നേഹവീടായി
നിലമ്പൂര്‍: പറക്കമുറ്റാത്ത അഞ്ചുമക്കളെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് ജാനുവിനും ബാലനും ഇനി ചക്കപ്പാലിയിലെ സ്വന്തം വീടിന്റെ സ്വസ്ഥമായി ഉറങ്ങാം. സ്വന്തമായി തലചായ്ക്കാനൊരു കൂരയില്ലാതെ അഞ്ചു മക്കളെയും വെവ്വേറെ വീടുകളില്‍ പ്രസവിച്ച് വളര്‍ത്തിയ മൂന്നു പതിറ്റാണ്ടു നീണ്ട വേവലാതി നിറഞ്ഞ ജീവിതത്തിനാണ് അറുതിയായത്.
മുന്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് സൗജന്യമായി നല്‍കിയ രണ്ടരസെന്റ് സ്ഥലത്ത് ഐ.ടി.ഡി.പി ഫണ്ടുപയോഗിച്ച് പണിത കൊച്ചുവീട്ടിലേക്ക് ഇന്നലെ ജാനുവും കുടുംബവും താമസം മാറ്റി. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ ബന്ധുവീടുകളില്‍ മാറിമാറി താമസിക്കുന്ന വല്ലപ്പുഴ കോളനിയിലെ ആദിവാസി യുവതി പൂളക്കല്‍ ജാനു (30) തന്റെ ജീവിത ദുരിതം നഗരസഭാ ചെയര്‍മാനായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ നേരിട്ടറിയിക്കുകയായിരുന്നു.
സ്വന്തമായി വീടിനുവേണ്ടി ജാനു മുട്ടാത്ത വാതിലുകളില്ല. ഐ.ടി.ഡി.പി ഉദ്യോഗസ്ഥരെയും വില്ലേജ് അധികൃതരെയും പലവട്ടം സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സ്വന്തമായി സ്ഥലമില്ലാത്തിനാല്‍ മുനിസിപ്പാലിറ്റിയുടെ വീടിന് അപേക്ഷിക്കാനും കഴിഞ്ഞില്ല. ഷൗക്കത്ത് ഏനാന്തി ചക്കപ്പാലിയിലെ സ്വന്തം സ്ഥലത്തുനിന്നും രണ്ടര സെന്റ് ഭൂമി ജാനുവിനും കുടുംബത്തിനും വീടുവെക്കാന്‍ സൗജന്യമായി നല്‍കുകയായിരുന്നു.
ഐ.ടി.ഡി.പി വീടും ഒരുക്കി. അമ്മ മരിച്ചതിനെ തുടര്‍ന്ന് കൈക്കുഞ്ഞായ ജാനു ചുങ്കത്തറ തലഞ്ഞിയിലെ കുടിലില്‍ നിന്നും അച്ഛന്‍ കുഞ്ഞാടിയുടെ കൈപിടിച്ച് നിലമ്പൂര്‍ വല്ലപ്പുഴയിലെ സഹോദരി ലീലയുടെ വീട്ടില്‍ അഭയംതേടി എത്തുകയായിരുന്നു. പിന്നെ ജാനുവിന്റെ ജീവിതം വല്ലപ്പുഴ കോളനിയിലായി. അച്ഛനും മരിച്ചതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു. കൂലിവേല ചെയ്ത് അടുത്ത വീടുകളില്‍ മാറിമാറിയായിരുന്നു താമസം.
എടക്കരയിലെ ബാലന്‍ വിവാഹം ചെയ്തു. കുടുംബമായിട്ടും വീടെന്ന സ്വപ്‌നം ബാക്കിയായി. ജാനു അഞ്ചു കുട്ടികള്‍ക്കും ജന്‍മം നല്‍കിയത് കോളനിയിലെ അഞ്ചു വ്യത്യസ്ഥ വീടുകളില്‍ താമസിക്കുമ്പോഴാണ്. സഹോദരി ലീലയുടെ വീട്ടില്‍ എല്ലാവര്‍ക്കും കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ അഞ്ചു വീടുകളില്‍ പിറന്ന അഞ്ചു മക്കളും കോളനികളിലെ വെവ്വേറെ വീടുകളിലാണ് അന്തിയുറങ്ങിയിരുന്നത്. ചെറിയ കുട്ടികളായ സന്ധ്യയും യദുകൃഷ്ണയും അമ്മക്കൊപ്പം കിടക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ കൃഷ്ണകുമാറും കൃഷ്ണപ്രിയയും ബബിതയും കോളനിയിലെ കൂട്ടുകാരുടെ വീടുകളില്‍ അന്തിയുറങ്ങും. ബാലന് വാഹനാപകടത്തെ തുടര്‍ന്ന് സ്ഥിരമായി ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അടുത്തുള്ള കരിമ്പുഴയില്‍പോയി മീന്‍പിടിച്ച് അത് വിറ്റാണ് ബാലന്‍ കുംടുംബം നോക്കാന്‍ പണംകണ്ടെത്തുന്നത്.
ജാനുവിന്റെ വീടുതാമസത്തിന് വല്ലപ്പുഴയിലെയും ചക്കപ്പാലി കോളനിയിലെയും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെത്തിയിരുന്നു. ആര്യാടന്‍ ഷൗക്കത്ത്, കെ.പി.സി.സി സെക്രട്ടറി വി.എ കരീം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ്, മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."