സ്‌കോള്‍ കേരള ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനം
ഫസല്‍ മറ്റത്തൂര്‍
മലപ്പുറം: ഹയര്‍സെക്കന്‍ഡറി മേഖലയില്‍ സമാന്തര വിദ്യാഭ്യാസം സാധ്യമാക്കുന്ന സ്‌കോള്‍ കേരള ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനം.
ഓപണ്‍ സ്‌കൂള്‍ സംവിധാനം ശാസ്ത്രീയമാക്കുന്നത് സംബന്ധിച്ച ഡോ. എ. അച്യുതന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കോള്‍ കേരളയുടെ പ്രഥമ ജനറല്‍ കൗണ്‍സിലും എടുത്ത തീരുമാനം മറികടന്നാണ് കുറഞ്ഞ അപേക്ഷകര്‍ മാത്രമുള്ള തിരുവനന്തപുരം ജില്ലയിലേക്ക് ആസ്ഥാനം മാറ്റാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.
ഓപണ്‍ സ്‌കൂളിനെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളില്‍ 70 ശതമാനത്തിലധികവും മലപ്പുറം ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരായതിനാല്‍ ആസ്ഥാനം മലബാറില്‍ ആക്കണമെന്നതായിരുന്നു 2009 ആഗസ്റ്റ് 19ന് വിദഗ്ധ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ആസ്ഥാനം സംബന്ധിച്ച് പ്രഥമ ജനറല്‍ കൗണ്‍സില്‍ തീരുമാനിക്കണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. വിദഗ്ധ സമിതിയുടെ തീരുമാനത്തിനു വിരുദ്ധമായാണ് ഇപ്പോള്‍ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്‌കോള്‍ കേരളയിലെ നിയമനം, മാനദണ്ഡം, നയപരമായ തീരുമാനങ്ങള്‍ എന്നിവ കൈക്കൊള്ളാന്‍ വര്‍ഷത്തില്‍ രണ്ടുതവണ ജനറല്‍ കൗണ്‍സില്‍ ചേരണമെന്നാണ് ചട്ടം. എന്നാല്‍ പുതിയ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതാദ്യമായാണ് കഴിഞ്ഞ ദിവസം ജനറല്‍ കൗണ്‍സില്‍ ചേരുന്നത്. നേരത്തെ ഓപ്പണ്‍ സ്‌കൂളില്‍ താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്യുകയും കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പുറത്താവുകയും ചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.
നിയമന മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ഈ നിയമന നീക്കങ്ങളെന്ന് നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ മൂന്നുവര്‍ഷത്തോളം പുറത്തുനില്‍ക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തവര്‍ സര്‍വിസിലില്ലാത്ത കാലഘട്ടം റെഗുലറൈസ് ചെയ്യുന്നതിനായി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനുള്ള വിവാദ തീരുമാനവും ജനറല്‍ കൗണ്‍സില്‍ എടുത്തിട്ടുണ്ട്. അഴിമതി നടത്തിയെന്ന് നേരത്തേ പൊലിസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ള ആള്‍ ഉള്‍പ്പെടെ ഇടത് അനുഭാവികളെയാണ് ഇത്തരത്തില്‍ ആനുകൂല്യം കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്്. ഒരുനിലക്കും ജോലിയില്ലാതിരുന്ന കാലഘട്ടം റഗുലറൈസ് ചെയ്യുന്നതോടെ ഈ സമയത്തെ ലക്ഷങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് സ്‌കോള്‍ കേരളയില്‍ നിന്ന് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."