മുക്കം ലിറ്ററേച്ചര്‍ ഫെസ്റ്റിന് നാളെ തുടക്കം
മുക്കം: ഒരു ഗ്രാമത്തെ വായനയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന മുക്കം ലിറ്ററേച്ചര്‍ ഫെസ്റ്റിന് നാളെ തുടക്കമാവും.
മണാശ്ശേരി ഗവ. യു.പി സ്‌കൂളിന്റെ 111ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മുക്കം പ്രസ് ഫോറം, മാനവം സാംസ്‌കാരിക സംഘടന, ഒയിസ്‌ക ഇന്റര്‍നാഷനല്‍, ലയണ്‍സ് ക്ലബ്, ജെ.സി.ഐ മണാശ്ശേരി കമേലിയ, റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24, 25, 26, 27 തിയ്യതികളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് ആറിന് സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും. ജോര്‍ജ് എം. തോമസ് എം.എല്‍.എ മുഖ്യാഥിതിയാവും. തുടര്‍ന്ന് 'മാധ്യമങ്ങള്‍: കുറ്റവും വിചാരണയും' എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, മുഹമ്മദ് ഷഹീദ്, ബൈജു ബാപ്പുട്ടി, എ. അലവിക്കുട്ടി, ബഷീര്‍ കൊടിയത്തൂര്‍, പ്രബല്‍ ഭരതന്‍, ബച്ചു ചെറുവാടി തുടങ്ങിയവര്‍ പങ്കെടുക്കും.
രണ്ടാം ദിവസമായ ചൊവ്വാഴ്ച ജെ.സി.ഐ മണാശ്ശേരി കമേലിയയുടെ നേതൃത്വത്തില്‍ സയന്‍സ് മിറാക്കിള്‍ ഷോ, പെണ്‍ പ്രയാസങ്ങള്‍ എന്ന വിഷയത്തില്‍ സംവാദം, ചേതന ഒറ്റപ്പാലത്തിന്റെ നാടന്‍ പാട്ട്, മറ്റു കലാപരിപാടികള്‍ എന്നിവ നടക്കും. ബുധനാഴ്ച നടക്കുന്ന പരിപാടികള്‍ക്ക് മുക്കം ലയണ്‍സ് ക്ലബ്ബാണ് നേതൃത്വം നല്‍കുക. എ.എം ഷിനാസിന്റ പ്രഭാഷണം, ഊശാന്താടി രാജാവ് നാടകം തുടങ്ങിയവ നടക്കും.
അവസാന ദിവസം മാനവം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ സിനിമ പ്രദര്‍ശനം, സലാം കാരശ്ശേരി അനുസ്മരണം, ജയപ്രകാശ് കൂളൂരിന്റെ നാടകം എന്നിവയും അരങ്ങേറും. നടന്‍ മാമുക്കോയ മുഖ്യാഥിതിയാവും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ പി. ഗിരീഷ് കുമാര്‍, കെ. വാസു, എം.പി രവീന്ദ്രനാഥ്, രാജു കുന്നത്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."