കരിമ്പുക തുപ്പി വാഹനങ്ങള്‍; പരിശോധനകള്‍ പ്രഹസനം
കോഴിക്കോട്: വാഹനങ്ങളുടെ പുക കൊണ്ടുള്ള അന്തരീക്ഷ മലിനീകരണം നിയന്ത്രണങ്ങളില്ലാതെ തുടരുന്നു. കോടതി ഉത്തരവുകളും നിയമങ്ങളും കാറ്റില്‍ പറത്തി റോഡുകളില്‍ കരിമ്പുക തുപ്പി അധികാരികളുടെ മൂക്കിന് മുന്നിലൂടെ വാഹനങ്ങള്‍ ഇരമ്പിപ്പായുകയാണ്.
പുക പരിശോധനാ കേന്ദ്രങ്ങളെന്ന പേരിലുള്ള സ്ഥാപനങ്ങളില്‍നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കടലാസിന്റെ വില പോലുമില്ല. വാഹനപരിശോധകര്‍ക്ക് കാണിച്ച് തടിതപ്പാനുള്ള ഉപാധി മാത്രമായി ഈ കടലാസുകള്‍ മാറുന്നു.
നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വായുമലിനീകരണത്തിന് ഏറ്റവും പ്രധാന കാരണമാകുന്നത് വാഹനങ്ങളുടെ പുകയാണ്. കേരളത്തില്‍ വ്യാവസായിക മേഖലകളിലുള്ളതിനേക്കാള്‍ വായുമലിനീകരണം നടക്കുന്നത് നഗരങ്ങളിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മുച്ചക്ര വാഹനങ്ങളും ബസ്, ലോറി, ജീപ്പ് തുടങ്ങിയ വാഹനങ്ങളുമാണ് മലിനീകരണത്തിന് പ്രധാന കാരണമാവുന്നത്.
ചില വാഹനങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ അമിതമായ തോതില്‍ കറുത്ത പുക പുറത്തു വരികയും അന്തരീക്ഷത്തില്‍ അത് വ്യാപിക്കുകയും ചെയ്യുകയാണ്. പലപ്പോഴും പിറകില്‍ വരുന്നവര്‍ക്ക് റോഡു പോലും കാണാന്‍ കഴിയാത്ത തരത്തില്‍ പുക വ്യാപിക്കും. ഇത്തരം വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാനോ പരിശോധിക്കാനോ അധികൃതര്‍ തയാറാവാറില്ല.
അമിതമായി പുക തള്ളുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് ആയിരം രൂപവരെ പിഴയീടാക്കാന്‍ വകുപ്പുണ്ട്. വാഹനപരിശോധന നടത്തുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ മോട്ടോര്‍ ബൈക്കുകാരോടു പോലും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് നിര്‍ബന്ധം പിടിക്കാറുണ്ട്. എന്നാല്‍ കൊടിയ തോതില്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കി പോകുന്ന വലിയ വാഹനങ്ങള്‍ കണ്ടാല്‍ പോലും ഇവര്‍ ശ്രദ്ധിക്കാറില്ല.
സര്‍ക്കാര്‍ അംഗീകൃത പുക പരിശോധനാ കേന്ദ്രങ്ങളെന്ന പേരില്‍ പലയിടത്തും കാണുന്ന സംവിധാനങ്ങളില്‍ പലതും തട്ടിപ്പു കേന്ദ്രങ്ങളാണ്. അനുവദനീയ അളവില്‍ക്കൂടുതലുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ വാഹനങ്ങളില്‍നിന്നു പുറന്തള്ളുന്നത് അതീവഗുരുതരമാണ്. പുക പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുള്ള വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാവൂയെന്നാണ് ചട്ടം.
പല വാഹനങ്ങളുടെയും നില പരിതാപകരമാണെങ്കിലും കൂടുതല്‍ പണം കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ദുരവസ്ഥയാണുള്ളത്.
സോഫ്റ്റ്‌വെയറില്‍ പുകയുടെ അളവ് കൃത്രിമമായി അടിച്ചുചേര്‍ത്താണ് ചിലര്‍ തട്ടിപ്പ് നടത്തുന്നത്.
ഡീസല്‍ മോക് ടെസ്റ്റ് മെഷീനും ഫോര്‍ഗ്യാസ് അനലൈസര്‍ മെഷീനുമാണ് പുകപരിശോധന നടത്താന്‍ ഉപയോഗിക്കുന്നത്. നേരത്തെ പുക പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ജില്ലയിലും ചിലയിടങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവൃത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്വകാര്യ വാഹനങ്ങളുടെ മാത്രമല്ല സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വാഹനങ്ങളും പലപ്പോഴും കൃത്യമായ പരിശോധനകളോ പരിചരണമോ നടക്കാത്തതിനാല്‍ വന്‍ തോതില്‍ മലിനീകരണം ഉണ്ടാക്കുകയാണ്.
അതിനിടെ ഇന്‍ഷുറന്‍സ് നല്‍കുന്നതിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയ വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. വായു മലിനീകരണം കുറക്കുന്നതിനായാണ് കോടതിയുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."