പയ്യോളി മനോജ് വധക്കേസ്: സി.പി.എം നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു
വടകര: വിവാദമായ പയ്യോളി മനോജ് വധവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു. ബി.എം.എസ് നേതാവ് പയ്യോളിയിലെ മനോജ് വധക്കേസില്‍ ലോക്കല്‍ പൊലിസ് നേരത്തേ പ്രതിചേര്‍ത്ത മുഴുവന്‍ ആളുകളെയും കേസന്വേഷണ ചുമതലയുണ്ടായിരുന്ന അന്നത്തെ പയ്യോളി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറിനെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ സി.പി.എം നേതാക്കളെ വിളിച്ചുവരുത്തിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സി.ബി.ഐ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും വടകരയിലെ ക്യാംപ് ഓഫിസിലുമാണ് ചോദ്യം ചെയ്യല്‍ നടന്നത്. സി.പി.എം നേതാക്കള്‍ക്കെതിരായ തെളിവുകളും മൊഴികളും ഇതിനോടകം സി.ബി.ഐ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. 2012 ഫെബ്രുവരി 12നാണ് പയ്യോളി ചൊറിയഞ്ചാല്‍ താരേമ്മല്‍ മനോജിനെ വീട്ടില്‍ കയറി ഒരു സംഘം കൊലപ്പെടുത്തിയത്. കേസില്‍ പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു പ്രതിചേര്‍ക്കപ്പെട്ടിരുന്നത്.
മനോജ് വധവുമായി ബന്ധപ്പെട്ട് സി.പി.എം നല്‍കിയ പ്രതിപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് ലോക്കല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന ആക്ഷേപം പ്രതികളാക്കപ്പെട്ടവര്‍ ഉന്നയിച്ചിരുന്നു. 15 പേരെ പ്രതികളാക്കിയാണ് ലോക്കല്‍ പൊലിസ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
എന്നാല്‍ വിചാരണ തുടങ്ങാനിരിക്കേ തങ്ങളല്ല യഥാര്‍ഥ പ്രതികളെന്നും പാര്‍ട്ടിയും പൊലിസും ചേര്‍ന്ന്് കുടുക്കിയതാണെന്നും ഇവര്‍ മൊഴി നല്‍കി.
തങ്ങളെ പാര്‍ട്ടി നേതൃത്വം പ്രതികളാക്കുകയായിരുന്നെന്നും ഇത് തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് തയാറാണെന്നും പ്രതിചേര്‍ക്കപ്പെട്ടവര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ യഥാര്‍ഥ പ്രതികളെ പൊലിസ് കണ്ടെത്തിയതിനു പിന്നാലെയാണ് മനോജ്് വധക്കേസിലെ പ്രതികളും സി.പി.എം നേതൃത്വത്തിനെതിരേ രംഗത്തെത്തിയത്.
അന്ന് പയ്യോളിയിലെ കടുത്ത വി.എസ് പക്ഷക്കാരായവരാണ് കേസില്‍ പ്രതികളാക്കപ്പെട്ടത്. പാര്‍ട്ടിയില്‍ ഉയരുന്ന വിമത ശബ്ദത്തെ ഇല്ലാതാക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ ശ്രമമാണ് തങ്ങളെ പ്രതിചേര്‍ക്കാനുള്ള കാരണമെന്നും ഇവര്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും സി.ബി.ഐക്ക് കേസ് വിടണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മനോജിന്റെ സുഹൃത്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐയെ ഏല്‍പിച്ചത്.
സി.പി.എം നേതൃത്വത്തെ ചോദ്യംചെയ്തതിലൂടെ കേസ് പുതിയ വഴിത്തിരിവിലാണ് എത്തിനില്‍ക്കുന്നത്. കേസില്‍ ഈ മാസംതന്നെ നിര്‍ണായക പുരോഗതിയുണ്ടാകുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."