ദലിത് സ്ത്രീക്കു കിട്ടിയ കരണത്തടിയും വാസ്തവ വിരുദ്ധ വാര്‍ത്തയും
അടിച്ചതും അടികൊണ്ടതും സ്വന്തം പാര്‍ട്ടിക്കാര്‍. വേദനിച്ചത് പ്രതിപക്ഷത്തിന്. ദലിത് വിഭാഗത്തില്‍പ്പെട്ട ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവാണ് കരണത്തടിച്ചത്. പ്രശ്‌നം കരണത്തടിച്ചതല്ല, ദലിത് യുവതിയെ മര്‍ദിച്ചുവെന്നതാണ് ഏറെ പ്രസക്തമെന്ന് പ്രതിപക്ഷം.
എന്നാല്‍, വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും മറുപടിയൊതുക്കി മഖ്യമന്ത്രി സഭയില്‍ നിശബ്ദത പരത്തി. പൊലിസിന് പരാതിയൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര കമ്മിറ്റിക്കു ലഭിക്കുന്ന പരാതി ആദ്യം നല്‍കുന്നത് മാധ്യമങ്ങള്‍ക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷത്തിന് ഉള്‍ക്കൊള്ളാനായില്ല. പിന്നെ വാക്കേറ്റവും, വെല്ലുവിളികളുമായി സഭയില്‍ സജീവമായത് ഇരു പക്ഷത്തെയും യുവ എം.എല്‍.എമാര്‍. പ്രതിപക്ഷ നേതാവാണ് സബ്മിഷനായി വിഷയം ഉന്നയിച്ചത്.
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കശപിശ അടിയില്‍ കലാശിച്ചെന്നാണ് സബ്മിഷനിലൂടെ ചുരുക്കിപ്പറഞ്ഞത്. അടികിട്ടിയ വനിതാ നേതാവ് നീതിക്കായ് സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ പരാതി നല്‍കിയെന്നാണ് വാര്‍ത്തകളെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സബ്മിഷന്‍ അവതരിപ്പിച്ചെങ്കിലും പിന്നീടുണ്ടായ വാക്കേറ്റങ്ങള്‍ക്കൊന്നും പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ലെന്നതാണ് കഷ്ടം. പാവം, മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ ഘോരഘോരം വാദിക്കുകയായിരുന്നു സഭയില്‍.
അല്ലെങ്കിലും പട്ടിക ജാതി-വര്‍ഗ വിഭാഗത്തിലെ ആര്‍ക്കും എന്തും ഇവിടെ സംഭവിക്കും. അങ്ങനെ സംഭവിച്ചാല്‍ ഇങ്ങനെയൊക്കെ ആയിത്തീരുമെന്നത് ഒരു സത്യം മാത്രം. നാലുകൊല്ലം ഭക്ഷ്യവകുപ്പ് ഭരിച്ച് തഴക്കം വന്നയാളാണ് അനൂപ് ജേക്കബ്. അന്നൊന്നും റേഷന്‍കാര്‍ഡ് കൊടുക്കാനോ റേഷന്‍ വിതരണത്തിലെ അപാകത തീര്‍ക്കാനോ കഴിഞ്ഞില്ലെന്നു മാത്രമല്ല, കേന്ദ്രവിഹിതം വാങ്ങിയെടുക്കാനും കഴിഞ്ഞില്ല. എങ്കിലും ഇരിപ്പിടം പ്രതിപക്ഷത്തായപ്പോള്‍ അടിയന്തരമായി ചോദിക്കാന്‍ റേഷന്‍കാര്‍ഡ് വിതരണത്തെ കുറിച്ചു മാത്രമായിപ്പോയത് ഒരു തെറ്റല്ല.
അങ്ങനെ, മുന്‍ ഭക്ഷ്യമന്ത്രി ഇപ്പോഴത്തെ ഭക്ഷ്യമന്ത്രിയെ നിലംപരിശാക്കാന്‍ തുറുപ്പു കാര്‍ഡായ റേഷന്‍കാര്‍ഡ് വിതരണത്തിലെ അപാകത അടിയന്തരപ്രമേയമാക്കി.
തെങ്ങില്‍ കയറുന്നവനേ വീഴൂ, താഴെ നില്‍ക്കുന്നവന് ഉപദേശിയാകാമെന്ന മന്ത്രി തിലോത്തമന്റെ മറുപടിയില്‍ എല്ലാമുണ്ട്. നിങ്ങള്‍ ചെയ്യാതിരുന്നത് ഞങ്ങള്‍ ചെയ്യുമ്പോള്‍ ഇങ്ങനെ കുറ്റപ്പെടുത്തണോ എന്ന് മുന്‍ മന്ത്രിക്ക് ഇപ്പോഴത്തെ മന്ത്രി ശാസനയും നല്‍കിയതോടെ പ്രതിപക്ഷം ഡീസന്റായി ഇറങ്ങിപ്പോയി. കിഫ്ബി....കിഫ്ബിയെന്ന് എല്‍.ഡി.എഫ് അധികാരത്തിലേറിയപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. അത് സ്വപ്‌നമല്ല, യാഥാര്‍ഥ്യമാണെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് സഭയില്‍ വിളിച്ചു പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിനാണ് ആദ്യത്തെ കിഫ്ബി ലോട്ടറി അടിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി തുറന്നുപറഞ്ഞു. അതിന്റെ ആദ്യ ഗഡു വരുന്ന 14ന് വിതരണം ചെയ്യുമെന്ന പ്രഖ്യാപനവുമുണ്ടായി. സര്‍ക്കാരിന്റെ നിധികാക്കുന്ന ഭൂതത്തിന്റേതാണീ കിഫ്ബി സൂത്രം. പാചക തൊഴിലാളികളുടെ ദൈന്യത നേരിട്ടു കണ്ട് മനസ്സിലാക്കിയതിന്റെ വെളിച്ചത്തില്‍ അവരുടെ ഉന്നമനം മാത്രം ലക്ഷ്യം വച്ച് എന്‍.എ നെല്ലിക്കുന്ന് പാചക തൊഴിലാളി ക്ഷേമനിധി പദ്ധതി രൂപീകരണത്തിനായി ഒരു സ്വകാര്യ ബില്‍ അവതരിപ്പിച്ചു. വലിയ വലിയ കല്യാണങ്ങള്‍ കേമമാക്കുന്നതും ആഘോഷങ്ങളും ആര്‍ഭാഡങ്ങളും രുചികരമാക്കുന്നതും പാചക തൊഴിലാളികളാണെന്നാണ് നെല്ലിക്കുന്നിന്റെ പക്ഷം.
എന്നാല്‍, അവര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വിഷമതകള്‍ ആരും കാണുന്നില്ല. അതിനാല്‍ ഈ ബില്‍ ഔദ്യോഗിക ബില്ലായി സര്‍ക്കാര്‍ കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എം.എല്‍.എയുടെ വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നത് ഭാര്യയോ വേലക്കാരിയോ എന്ന സംശയമായി പ്രതിഭ ഹരിക്ക്.
ഭാര്യതന്നെയാണ് പാകം ചെയ്യുന്നതെന്ന് പറഞ്ഞ നെല്ലിക്കുന്ന് അവര്‍ക്കും ക്ഷേമനിധി ആനുകൂല്യം കിട്ടുമെങ്കില്‍ നല്ലതെന്നു പറഞ്ഞതില്‍ ഒരു സ്ത്രീ ശാക്തീകരണ സ്വഭാവമുണ്ട്. മൊത്തത്തില്‍ ബില്ലിന്‍മേല്‍ ചര്‍ച്ചയ്‌ക്കോ, ചര്‍ച്ച കേള്‍ക്കാനോ ആര്‍ക്കും മനസ്സില്ലാത്തതിനാല്‍ ബില്ല് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പിന്‍വലിച്ചു. പിന്നീട് മൂന്നു സ്വകാര്യ ബില്ലുകള്‍ തുടര്‍ ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്തു. ജെയിംസ് മാത്യു അവതരിപ്പിച്ച കണ്ടല്‍വനം സംരക്ഷണം-വികസന ബില്ലും, വി.ടി. ബല്‍റാം കൊണ്ടുവന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹന യാത്രക്കാരുടെ അവകാശ സംരക്ഷണ അതോറിറ്റി ബില്ലും പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ കൊണ്ടുവന്ന ചികിത്സാവകാശമിഷന്‍ ബില്ലുമായിരുന്നു ഇവ.
ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ ഗുണഭോക്തക്കളുടെ അന്തിമ പട്ടിക സെപ്റ്റംബര്‍ 24ന് പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. തോട്ടം തൊഴിലാളികളുടെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും മുഖ്യമന്ത്രി.
വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരുദിവസം ആര്‍ത്തവ അവധി അനുവദിക്കണമെന്ന കെ.എസ് ശബരീനാഥന്റെ ശ്രദ്ധക്ഷണിക്കല്‍. എന്നാല്‍, തൊഴില്‍ മേഖലയിലെ വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന വിഷയത്തില്‍ എല്ലാവശങ്ങളെയും സംബന്ധിച്ച് പരിശോധന നടത്തി പൊതുനിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബൗദ്ധികപരമായി ഉത്തരം പറഞ്ഞവസാനിപ്പിച്ചതോടെ ഇനി 16-ാം തീയതി കാണാമെന്ന് വിടപറച്ചിലായിരുന്നു എം.എല്‍.എമാര്‍ തമ്മില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."