കൗതുക കാഴ്ചയൊരുക്കി കാലംതെറ്റി പൂത്ത കണിക്കൊന്ന
അന്തിക്കാട്: കാലം തെറ്റി പൂത്ത കര്‍ണികാരം നിറകണ്‍ കാഴ്ചയായി. മലയാളത്തിന്റെ പുതുവര്‍ഷ പിറവിയുടെ വരവു വിളംബരപ്പെടുത്തിയാണ് നാടെങ്ങും കണിക്കൊന്നകള്‍ പൂക്കുന്നത്.
എന്നാല്‍ പതിവിനു വിപരീതമായി ധനുമാസത്തിലും കര്‍ണികാരം പൂത്തുലഞ്ഞത് നാട്ടുകാരില്‍ കൗതുക കാഴ്ചയൊരുക്കി. കുട്ടികള്‍ക്ക് ഒഴിവുകാലത്തിന്റെ വരവു വിളിച്ചറിയിക്കുന്ന, നന്മയുടെയും ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പ്രതീകമാണ് പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നകള്‍.
മണ്ണിനെ മറന്ന മലയാളിയുടെ നാട്ടില്‍ പ്രകൃതിയുടെയും കാലചക്രത്തിന്റെയും തകിടം മറിച്ചിലാണ് കണിക്കൊന്ന നേരത്തെ പൂത്തതെന്ന് പഴമക്കാര്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കര്‍ണികാരം നേരത്തെ പൂക്കുന്നത് ഭയപ്പാടോടെയാണ് ജനങ്ങള്‍ നോക്കി കാണുന്നത്.
മാങ്ങാട്ടുകരയിലാണ് കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നത്. വേനല്‍ ചൂടില്‍ ഭൂമിയുടെ നെഞ്ചകം ചുട്ടുപൊള്ളുന്ന കാലത്താണു മറ്റു വൃക്ഷലതാദികളെ അതിശയിപ്പിച്ചും അസൂയപ്പെടുത്തിയും കണിക്കൊന്ന പൂത്തുലയുന്നത്. തീയില്‍ കുരുത്ത തു വെയിലത്ത് വാടില്ലെന്ന പഴഞ്ചൊല്ലിലെ പതിരില്ലായ്മയുടെ പ്രതീകക്കാഴ്ചയാണ് കര്‍ണികാരം പൂക്കുന്നത്. എന്നാല്‍ ഇതെല്ലാം തെറ്റിച്ചുകൊണ്ടാണ് മാങ്ങാട്ടുകരയില്‍ കണിക്കൊന്ന പൂത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."