നഗരത്തില്‍ വ്യാപക ഗതാഗത പരിഷ്‌കാരങ്ങള്‍
ഇരിങ്ങാലക്കുട: നഗരത്തില്‍ ഗതാഗത പരിഷ്‌ക്കരണത്തിനായി ചേര്‍ന്ന ഗതാഗത വികസനസമിതി യോഗത്തില്‍ അന്‍പതോളം തീരുമാനങ്ങള്‍. കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന ഗതാഗത ക്രമീകരണ യോഗങ്ങളില്‍ പൊലിസ് സി.ഐ എം.കെ സുരേഷ് കുമാറും എസ്.ഐ സി.വി ബിബിനും പൊതുമരാമത്ത് വകുപ്പിന്റെയും താലൂക്കാഫിസറുടെയും നേതൃത്വത്തില്‍ നടത്തിയ പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗത്തില്‍ തീരുമാനങ്ങള്‍ കൈകൊണ്ടത്. നഗരത്തില്‍ അടിയന്തരമായി നടത്താന്‍ ഉദേശിക്കുന്ന തീരുമാനങ്ങള്‍ താഴെ പറയുന്നവയാണ്. ബൈപാസ് റോഡില്‍ കേശവന്‍ വൈദ്യര്‍ സ്‌ക്വയറില്‍ വന്ന് ചേരുന്ന മാസ് തിയറ്റര്‍ റോഡിലും ഞവരികുളം റോഡിലും ട്രീപ്പിള്‍ ഹംബ്, ബൈപാസില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് കാടുകള്‍ വെട്ടി വെടുപ്പാക്കല്‍, കൈസ്റ്റ് കോളജ് ജങ്ഷനില്‍ ഓട്ടോസ്റ്റാന്‍ഡ് മാറ്റി സ്ഥാപിച്ച് റോഡിന് വീതി വര്‍ദ്ധിപ്പിക്കും, ബസ് സ്റ്റോപ്പുകള്‍ പുനര്‍ക്രമീകരണം നടത്തുകയും ചെയ്യും. ബൈപ്പാസ് റോഡില്‍ കാട്ടൂര്‍ റോഡ് ജങ്ഷനിലെ കുപ്പിക്കഴുത്ത് ഒഴിവാക്കി ട്രാഫിക് ഐലന്റ് സ്ഥാപിക്കാനും ബൈപ്പാസ് റോഡിന്റെ തെക്കുവശത്തെ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടനും തീരുമാനമുണ്ട്.
ഠാണവില്‍ കൊടുങ്ങല്ലുര്‍ ബസ് സ്റ്റോപ്പ് ഐ.ടി.യു ബാങ്കിന് മുന്നിലേയ്ക്ക് മാറ്റി റോഡിന് കിഴക്ക് വശത്തെ പാര്‍ക്കിങ്ങ് ഒഴിവാക്കുവാനും തീരുമാനമുണ്ട്. ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ അനാവശ്യമായി പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഠാണ മുതല്‍ ബസ്സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വണ്‍വെ സമ്പ്രദായം നടപ്പിലാക്കാന്‍ ആലോചനയുണ്ട്. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ജോളി ബാറിന് സമീപത്തെ നഗരസഭയുടെ റോഡ് ഉപയോഗ്യമാക്കി ടൗണ്‍ ഹാളില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേയ്ക്ക് വണ്‍വേ സമ്പ്രദായം ഒരുക്കണമെന്നു യോഗത്തില്‍ നിര്‍ദേശമായി വന്നു. ബസുകള്‍ സ്‌റ്റോപ്പുകളില്‍ ഇറക്കി നിര്‍ത്താതെ റോഡില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നത് ഒഴിവാക്കുവാന്‍ ബസ് ബേകള്‍ നിര്‍മിക്കുന്ന കാര്യവും ചര്‍ച്ച ചെയ്തു. നഗരത്തിലെ പ്രധാന പ്രശ്‌നമായ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ കൈകെള്ളുന്നതിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലവും പരിഗണിച്ച് പോ ആന്‍ഡ് പാര്‍ക്ക് സംവിധാനം ആവിഷ്‌കരിക്കണമെന്ന് നിര്‍ദേശമുയര്‍ന്നു. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ബസുകളുടെ റൂട്ട് മാറ്റം വരുത്തുന്നതിനെ ബസുടമകള്‍ എതിര്‍ത്തു. ഈ കാര്യത്തില്‍ പെര്‍മിറ്റില്‍ പറഞ്ഞിരിക്കുന്ന റൂട്ടിലൂടെ മാത്രമെ യാത്ര ചെയ്യാവു എന്ന നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ എതിര്‍പ്പുന്നയിച്ചത്. നഗരത്തില്‍ വണ്‍വേ ഏര്‍പെടുത്തുന്ന കാര്യം കൂടുതല്‍ പഠനങ്ങള്‍ നടത്തിയ ശേഷം നടപ്പിലാക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ ട്രാഫിക് എസ്.ഐ യുടെ പോസ്റ്റ് ഒഴിഞ്ഞ് കിടക്കുന്നതിനാലും എസ്.ഐ യ്ക്കും സി.ഐയ്ക്കും മറ്റ് അടിയന്തിര പരിപാടികള്‍ ഉണ്ടായതിനാലും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നഗരസഭാ ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജി. മധുസൂദനന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ പി.വി. ബിജു, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എ. അബ്ദുല്‍ ബഷീര്‍, കുരിയന്‍ ജോസഫ്, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, എം.സി. രമണന്‍, സന്തോഷ് ബോബന്‍, റോക്കി ആളൂക്കാരന്‍ ബസ് അസോസിയേഷന്‍ പ്രതിനിധികളായ എം.എസ്. പ്രേംകുമാര്‍, അനില്‍കുമാര്‍, സെബി വര്‍ഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.വി. ആന്റോ, നഗരസഭ സെക്രട്ടറി കെ.എസ്. അരുണ്‍, റവന്യൂ,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."