'യു.എസിനെ ആദ്യം ആക്രമിച്ചാല്‍ ചൈന ഉ.കൊറിയയെ സഹായിക്കില്ല'
ബെയ്ജിങ്: ഉത്തര കൊറിയ ആദ്യം യു.എസിനെ ആക്രമിച്ചാല്‍ ചൈന നിഷ്പക്ഷത പാലിക്കുമെന്ന് ചൈനീസ് മാധ്യമം. നേരത്തെ മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് ഉത്തര കൊറിയ പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. അമേരിക്കയും ഉത്തര കൊറിയയും നടത്തുന്ന പ്രകോപനം വീണ്ടുവിചാരമില്ലാത്ത കളിയാണെന്ന് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ പറഞ്ഞു.
ഇത്തരം പ്രകോപനങ്ങള്‍ കടുത്ത വിപത്തുണ്ടാക്കുന്ന യുദ്ധത്തിലേക്ക് നയിക്കും. അമേരിക്കയുടെ മണ്ണിലേക്ക് ഉത്തര കൊറിയ ആദ്യം ആക്രമണം നടത്തിയാല്‍ ചൈന നിഷ്പക്ഷമായാകും നിലകൊള്ളുകയെന്നാണ് എഡിറ്റോറിയല്‍ പറയുന്നത്.
അതേസമയം ഉത്തര കൊറിയയെ അമേരിക്ക ആക്രമിച്ചാല്‍ എന്താകും ചൈനയുടെ നിലപാടെന്ന് വിശദീകരണമില്ല. ഈ സാഹചര്യത്തില്‍ ചൈന തങ്ങളുടെ സഖ്യരാജ്യമായ ഉത്തര കൊറിയക്ക് സഹായവുമായി രംഗത്തെത്തുമെന്ന ധ്വനിയും എഡിറ്റോറിയയിലൂടെ അമേരിക്കക്ക് ഗ്ലോബല്‍ ടൈംസ് നല്‍കുന്നുണ്ട്.
കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയവും പരമാധികാരവുമായ തല്‍സ്ഥിതി അട്ടിമറിച്ചാല്‍ അത് ചൈന തടയും. കിം ജോങ് ഉന്നിന്റെ ഭരണത്തെ അട്ടിമറിക്കാനുള്ള ട്രംപിന്റെ ഭീഷണിയെ ലക്ഷ്യം വച്ചാണ് ഈ നിലപാട്.
അതിനിടെ, മേഖലയിലെ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി റഷ്യ രംഗത്തെത്തി. ഗുവാം ആക്രമിക്കാന്‍ 30 മിനുട്ട് സമയം മതിയെന്ന ഉത്തര കൊറിയയുടെ പ്രസ്താവനയോട് റഷ്യ അസന്തുഷ്ടി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും നിലപാട് കടുത്ത അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ റഷ്യയും ചൈനയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."