നിങ്ങളുടെ ശരീരം നിലവിളിക്കുന്നുണ്ടോ?
നിങ്ങളുടെ ശരീരം നിലവിളിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയും. എന്തിനുവേണ്ടിയായിരിക്കുമത്. ശരീരത്തിനെ രോഗകാരികളായ വൈറസുകളും ബാക്ടീരിയകളും മറ്റും ആക്രമിക്കുമ്പോള്‍ ശരീരം നിലവിളിക്കുന്നുണ്ട്. ആ നിലവിളി കേള്‍ക്കുമ്പോഴാണ് നാം ശാരീരികാവസ്ഥയെ ശ്രദ്ധിക്കുന്നത്. ഈ നിലവിളികള്‍ അല്ലെങ്കില്‍ അപകട സൂചനകള്‍ തിരിച്ചറിയാതാവുമ്പോഴാണ് രോഗാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും തള്ളിയിടപ്പെടുന്നത്.
ശരീരത്തിന്റെ പ്രവര്‍ത്തനം ഏത് അത്യന്താധുനിക യന്ത്രങ്ങളെയും സൂപ്പര്‍കംപ്യൂട്ടറുകളെയും തോല്‍പിക്കുന്നതാണ്. ശരീരത്തിന് അതിനാവശ്യമുള്ളത് ചോദിച്ചുവാങ്ങാന്‍ കഴിയുന്നത് തലച്ചോറിന്റെ സംജ്ഞകളിലൂടെയാണ്. ശരീരത്തിന്റെ ആവശ്യം മനസിലാകാതെ വരികയും ശ്രദ്ധിക്കാതിരിക്കുകയും അവഗണിക്കുകയും ചെയ്യുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുന്നു.
ശരീരം സഹായം തേടുന്നുണ്ടോ എന്നറിയാന്‍ മാര്‍ഗങ്ങളുണ്ട്. സ്വയം അതറിയുകയാണ് വേണ്ടത്. ഇനി പറയുന്ന സാഹചര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. അത് ശരീരം നല്‍കുന്ന ആപല്‍സൂചനകളാണ്.
ചര്‍മത്തില്‍ ചിരങ്ങുകള്‍
ചര്‍മത്തില്‍ ചിരങ്ങുകള്‍ പ്രത്യക്ഷപ്പെടുന്നത് നിസാരമായി തള്ളിക്കളയരുത്. വിറ്റാമിന്‍ ഇയുടെ കുറവിലേക്കാവും ഇത് വിരല്‍ചൂണ്ടൂന്നത്. ചര്‍മ ശുശ്രൂഷയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഓര്‍ക്കേണ്ടതുണ്ട്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായാണ് ചര്‍മം ഗണിക്കപ്പെടുന്നത്. ചര്‍മത്തെ സംരക്ഷിക്കുന്നതും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നതും വിറ്റാമിന്‍ ഇ ആണ്. വിറ്റാമിന്‍ ഇയുടെ കുറവ് ഉണ്ടാവുന്നതോടെ ചര്‍മത്തില്‍ പൊട്ടലുകളും ചിരങ്ങുകളും വരള്‍ച്ചയും ചൊറിച്ചിലും മറ്റും ഉണ്ടാകുന്നു.
മത്സ്യ എണ്ണകളും കടല വര്‍ഗങ്ങളും വിറ്റാമിന്‍ ഇയുടെ കലവറകളാണ്. അതുപോലെ വെളിച്ചെണ്ണയും ചര്‍മ സംരക്ഷണത്തിന് ഉത്തമമാണ്.
മധുരം വിഷാദം
മധുരവും ചവര്‍പ്പും പുളിപ്പും ഉപ്പും എരിവും തുടങ്ങി രുചികള്‍ എല്ലാം ഒരുപോലെ സേവിക്കുകയാണ് ആരോഗ്യമുള്ളവര്‍ ചെയ്യുക. എന്നാല്‍ മധുരത്തിനോട് പ്രത്യേക പ്രതിപത്തി തോന്നുന്നുവെങ്കില്‍ ശരീരം നല്‍കുന്ന ഒരു മുന്നറിയിപ്പായി അത് കാണണം. മാനസിക പിരിമുറുക്കം, വിഷാദം, തളര്‍ച്ച തുടങ്ങിയവയാണ് ഇതിനുകാരണമെന്നാണ് ശരീരം പഠിപ്പിക്കുന്നത്. ശരീരത്തിന് ഗ്ലൂക്കോസ് ആവശ്യമുണ്ടെന്നുവേണം ഗണിക്കാന്‍.
അതനുസരിച്ച് ശരീരത്തിന് ആവശ്യമുള്ളതെത്തിക്കാന്‍ ശ്രമിക്കുക. എന്നാല്‍ ഗ്ലൂക്കോസ് കഴിക്കുന്നത് ശരീരത്തിന് ദോഷകരമാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടുതാനും. അങ്ങനെവരുമ്പോള്‍ ശരീരത്തിന് ഭാരം കൂടുന്നതായിരിക്കും അനന്തരഫലം. അതുകൊണ്ട് ഡാര്‍ക്ക് ചോക്കലേറ്റുകളോ തേനോ കഴിച്ച് മധുരാവശ്യത്തിന് പരിഹാരം കാണാവുന്നതാണ്.
പുളിരുചി ആഗ്രഹിക്കുമ്പോള്‍
പുളിരുചി അധികമാരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ശരീരം ഹോര്‍മോണ്‍ മാറ്റത്തിലേക്ക് കടക്കുമ്പോള്‍ പുളിരുചിക്കായി ആഗ്രഹം തോന്നുന്നത് സ്വാഭാവികമാണ്. അതുകാരണമാണ് കൗമാരക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും പുളിയോടു പ്രതിപത്തി തോന്നുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എന്നാല്‍ കൂടുതല്‍ ഗുരുതരമായതെന്തോ ഉണ്ടെന്നാണ് മറ്റുള്ളവര്‍ പുളിരുചി ആഗ്രഹിക്കുമ്പോള്‍ മനസിലാക്കേണ്ടതെന്നാണ് ശരീരം പഠിപ്പിക്കുന്നത്. കരളിനോ പിത്താശയത്തിനോ ശരീരത്തിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനാവാതെ വരുന്ന ഒരവസ്ഥയെന്നുവേണമെങ്കില്‍ ഇതിനെ പറയാം.
പുളിരുചിയിലേക്ക് പെട്ടെന്ന് മാറാനാഗ്രഹം തോന്നുന്നുണ്ടെങ്കില്‍ അടിയന്തരമായി ഡോക്ടറുടെ അടുത്തുപോകേണ്ടതുണ്ട്. കരളിന്റെയും പിത്താശയത്തിന്റെയും പ്രവര്‍ത്തനം വിലയിരുത്തുകയും വേണം.
ഐസ് തിന്നുന്നതും ലക്ഷണം
ഐസ് തിന്നാല്‍ കൊള്ളാമെന്ന ആഗ്രഹം തോന്നുന്നുവെങ്കില്‍ അതും ശരീരം പറയുന്ന രോഗസൂചനയാണ്. രക്തക്കുറവും വിളര്‍ച്ചയും ശരീരത്തെ ബാധിക്കുമ്പോഴാണ് ഐസ് തിന്നാന്‍ ശരീരം ആഗ്രഹം പ്രകടിപ്പിക്കുന്നത്. ശാസ്ത്രീയമായി അപഗ്രഥിച്ചാല്‍ ഇരുമ്പിന്റെ കുറവാണ് ഇതിനുകാരണമെന്നു കണ്ടെത്താം.
ബീഫ്, മുട്ട, കല്ലുമ്മക്കായ്, കക്കയിറച്ചി ഇതെല്ലാംതന്നെ ഇരുമ്പു സമ്പുഷ്ടമാണ്.
എങ്കിലും ഐസ് തിന്നാന്‍ ആഗ്രഹം തോന്നിയാല്‍, സ്വാഭാവികമായും ഊര്‍ജനഷ്ടം അനുഭവപ്പെടുന്നുണ്ടാവും. ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സ തേടുകയാണ് ഉചിതം.
മോണയില്‍ നിന്ന് രക്തം
മോണയില്‍ നിന്ന് രക്തം വരുന്നതായി പരാതിപറയുന്നവരേറെയുണ്ട്. പ്രത്യേകിച്ച് പല്ലുതേയ്ക്കുമ്പോള്‍. ഇത് വിറ്റാമിന്‍ സിയുടെ കുറവുമൂലമാണ് സാധാരണ സംഭവിക്കാറെന്നാണ് പഠനങ്ങള്‍ പറയുന്നത്. അപ്പോള്‍ ആഹാരത്തില്‍ വിറ്റാമിന്‍ സി ലഭിക്കുന്ന പദാര്‍ഥങ്ങള്‍ ഉള്‍പ്പെടുത്തി ഇത് പരിഹരിക്കാമെന്നാണ് നിര്‍ദേശം.
പുളിയുള്ള പഴങ്ങള്‍, ചീര, ചുവന്ന കാപ്‌സിക്കവും പച്ച കാപ്‌സിക്കവും, തക്കാളി, കാബേജ്, കോളിഫഌവര്‍, ബ്രോക്കോളി എന്നിവയെല്ലാം വിറ്റാമിന്‍ സി ആവശ്യം പോലെ നല്‍കുന്നതാണ്.
നഖവും മുടിയും പൊട്ടുക
നഖം അറ്റത്തുപൊട്ടുകയും മുടിയിഴകള്‍ മുറിഞ്ഞ് പൊഴിയുന്നതും ശരീരം നിങ്ങളോടു പറയുന്ന ആപത് സൂചനയാണ്. വിറ്റാമിന്‍ ബി ആവശ്യാനുസരം ശരീരത്തിനു ലഭിക്കാതെ വരുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.
പാലില്‍ ധാരാളം വിറ്റാമിന്‍ ബി അടങ്ങിയിരിക്കുന്നു. അതിനാല്‍ പാല്‍ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം. അതുപോലെ കടല്‍ സസ്യങ്ങളും കൂണ്‍ വര്‍ഗങ്ങളും വിറ്റാമിന്‍ ബി സമ്പുഷ്ടങ്ങളാണ്.
നേത്രപടലത്തില്‍ വൃത്തം
മിഴിപടലം, കൃഷ്ണപടലം എന്നൊക്കെ അറിയപ്പെടുന്ന നേത്രകാചത്തിനു മുന്നിലുള്ള വൃത്താകാരമായ മൂടല്‍പാളിയില്‍ വൃത്താകൃതിയില്‍ നിറം പ്രത്യക്ഷപ്പെടുന്നത് സൂക്ഷിക്കണം. കണ്ണിലേക്കുള്ള പ്രകാശത്തെ ക്രമീകരിച്ച് വ്യക്തമായ ദൃശ്യം സാധ്യമാക്കുകയും അമിതമായ പ്രകാശരശ്മികളില്‍ നിന്നു നേത്രപടലത്തെ സംരക്ഷിക്കുകയും ചെയ്യുന്ന കണ്ണിന്റെ ഒരു പ്രധാന ഭാഗമാണിത്. ഇതില്‍ വൃത്താകാരത്തില്‍ നിറം കാണപ്പെട്ടാല്‍ അത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവിലേക്ക് ശരീരം നല്‍കുന്ന സൂചകമാണ്.
50 വയസിനു മുകളില്‍ പ്രായമുള്ളവരുടെ കണ്ണില്‍ ഇത്തരം വൃത്തങ്ങള്‍ കാണുക സ്വാഭാവികമാണ്. ചെറുപ്പക്കാരില്‍ ഇത്തരത്തില്‍ കാണപ്പെട്ടാല്‍ അടിയന്തരമായി ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഗ്രീക്ക് ഫൂട്ട്
മോര്‍ട്ടന്‍സ് ടൂ എന്നും ഗ്രീക്ക് ഫൂട്ട് എന്നും അറിയപ്പെടുന്ന പ്രശ്‌നം നിങ്ങളുടെ പാദങ്ങള്‍ക്കുണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കില്‍ സാധാരണ പാദരക്ഷകള്‍, പ്രത്യേകിച്ച് ഷൂ, ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് തടസമുണ്ടാകുന്നതായി കാണാം.
ചെറുവിരലിനേക്കാള്‍ നീളമേറെ കൂടിയ തൊട്ടടുത്ത വിലരാണ് ഗ്രീക്ക് ഫൂട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമൂലം പാകമില്ലാത്ത പാദരക്ഷകള്‍ ഉപയോഗിക്കുന്നത് നീളം കൂടിയ രണ്ടാംവിരലിന് ക്ലേശമുണ്ടാക്കുന്നു. ധരിക്കുന്ന പാദരക്ഷയും പ്രയാസകരമായി തോന്നും. അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥയുള്ളവര്‍ പ്രത്യേക അളവിലും നിര്‍മിതിയിലും ആകൃതിയിലുമുള്ള പാദരക്ഷകള്‍ ആണ് തെരഞ്ഞെടുക്കേണ്ടത്.
കോച്ചിപ്പിടിത്തവും നിദ്രാഹാനിയും
പലരുടെയും പരാതിയാണ് ഉറക്കത്തില്‍ പേശികള്‍ കോച്ചിപ്പിടിക്കുന്നതും ഉറക്കമില്ലായ്മയും. ഇവയ്ക്ക് നിരവധി കാരണങ്ങളുണ്ടാവാം. പല സമയത്തും പലര്‍ക്കും ഇത് അനുഭവപ്പെട്ടേക്കാം. ഇത് ശരീരം നല്‍കുന്ന ഒരു സൂചനയാണ്. ഉറക്കമില്ലായ്മയും കോച്ചിപ്പിടിത്തവും തുടരുന്നുവെങ്കില്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് ശരീരം വിരല്‍ ചൂണ്ടുന്നതെന്ന് മനസിലാക്കണം.
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവില്‍ കുറവുണ്ടാകുന്നതുകൊണ്ടാണ് ഇത്തരത്തില്‍ കോച്ചിപ്പിടിത്തവും നിദ്രാഹാനിയും ഉണ്ടാവുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. തലച്ചോറിനും പേശികള്‍ക്കും ഹൃദയാരോഗ്യത്തിനും അത്യന്താപേക്ഷിതമായിട്ടുള്ള പോഷകമാണ് മഗ്നീഷ്യം.കോച്ചിപ്പിടിത്തവും നിദ്രാഹാനിയും തുടരുന്നുവെങ്കില്‍ അടിയന്തരമായി ഡോക്ടറെ സന്ദര്‍ശിക്കുക. ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തി മഗ്നീഷ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാം. കടല, പച്ചിലകള്‍, വാഴപ്പഴവും മറ്റ് പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."