റാഗിങ്: സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു
തളിപ്പറമ്പ്: കോളജ് വിദ്യാര്‍ഥിയെ ബലമായി പിടിച്ചു കൊണ്ടുപോയി മീശയുടെ പകുതി ഭാഗം മുറിച്ചു കളഞ്ഞ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. തളിപ്പറമ്പ് സര് സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്നാം വര്‍ഷം ഇക്കണോമിക്സ് വിദ്യാര്‍ഥി കാര്യാമ്പലം ബിക്കിരി ഹൗസില്‍ മുഹമ്മദ് അസ്ലമിനെയാണ്(18) സീനിയര്‍ വിദ്യാര്‍ഥികളായ ഏഴംഗ സംഘം ക്രൂരമായി റാഗിങ് നടത്തിയത്.
ഇന്നലെ ഉച്ചക്ക് 12.30ന് പള്ളിയിലേക്ക് പോകാനായി കോളജില്‍ നിന്ന് പുറത്തിറങ്ങവേ സീനിയര്‍ വിദ്യാര്‍ഥികള്‍ ബലമായി ബൈക്കില്‍ പിടിച്ചു കയറ്റി കോളജില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലേക്ക് കൊണ്ടുപോയി മീശയുടെ പകുതി ഭാഗം വടിച്ചുകളയുകയും കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. രണ്ട് ദിവസം മുന്‍പും ഇതേ സംഘം അസ്ലമിനെ റാഗിങ് നടത്തുകയും മീശ വടിക്കാതെ കോളജില്‍ കയറാന്‍ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
റാഗിങ് നടത്തിയ സംഘത്തിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും ആവശ്യപ്പെട്ടു.
കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് റാഗിങ് ് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കുറ്റാരോപിതരായ സീനിയര്‍ വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."