ഓളപ്പരപ്പിലെ ശബ്ദസാന്നിദ്ധ്യമാകാന്‍ കണ്ണൂരുകാരന്‍
തളിപ്പറമ്പ്: ജലമേളകളുടെ ആവേശം കാണികളിലും മത്സരാര്‍ഥികളിലും ഒരുപോലെയെത്തിക്കുന്നത് ദൃക്‌സാക്ഷി വിവരണമാണ്. ഇത്തവണ നെഹ്‌റുട്രോഫി ജലമേളുടെ ആവേശം ആലപ്പുഴ പുന്നമടക്കായലില്‍ അലതല്ലുമ്പോള്‍ ദൃക്‌സാക്ഷി വിവരണം നല്‍കുന്നവരുടെ കൂട്ടത്തില്‍ ഒരു മലബാറുകാരനുമുണ്ടാകും. പരിയാരം ഏമ്പേറ്റ് സ്വദേശിയായ ലക്ഷ്മണന്‍ പവിഴക്കുന്നിലാണു വള്ളംകളിയുടെ ദൃക്‌സാക്ഷി വിവരണവുമായി ബന്ധപ്പെട്ട് ഗാലറിയിലുണ്ടാകുക. വടക്കേ മലബാറിലെ പ്രസിദ്ധമായ ജലമേളകളില്‍ ദൃക്‌സാക്ഷി വിവരണം നല്‍കുന്നതിനായി എത്തിയ പ്രശസ്ത വള്ളംകളി കമന്റേറ്ററും തുഴച്ചില്‍ പരിശീലകനുമായ ജോസഫ് ഇളംകുളത്തെ പരിചയപ്പെട്ടതാണ് ലക്ഷ്മണനു പുന്നമടയിലെത്താനുള്ള അവസരമുണ്ടാക്കിയത്. കുപ്പം ജലമേള, മലബാര്‍ ജലോത്സവം, പഴയങ്ങാടി ജലോത്സവം, ചെറുവത്തൂരിലെ മഹാത്മാഗാന്ധി ട്രോഫി ജലോത്സവം എന്നിവിടങ്ങളിലെ പതിവുസാന്നിധ്യമാണ് ജോസഫ് ഇളംകുളം. മലബാര്‍ ജലോത്സവത്തിന്റെ ചെയര്‍മാനായ ഹരിദാസ് മംഗലശ്ശേരിയാണ് ജോസഫ് ഇളംകുളത്തിന് ലക്ഷ്മണനെ പരിചയപ്പെടുത്തിയത്. മലബാറിലെ നിരവധി വള്ളംകളി ക്ലബുകളുടെ തുഴച്ചില്‍കാരാണ് ആലപ്പുഴയിലെ വിവിധ ക്ലബുകള്‍ക്കു വേണ്ടി തുഴയെറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."