സുനാമി; മുന്നറിയിപ്പില്ലാതെ ആഞ്ഞടിച്ച ദുരന്തം
ജക്കാര്‍ത്ത: ഇടവേളയ്ക്കുശേഷം ഇന്തോനേഷ്യയെ പിടിച്ചുകുലുക്കി വീണ്ടും പ്രകൃതിദുരന്തം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സാധാരണയുണ്ടാകാറുള്ള പ്രകൃതിദുരന്ത മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ഇല്ലായിരുന്നു.
ഇതോടെ, അപ്രതീക്ഷിതമായി ആഞ്ഞടിച്ച തിരമാലയില്‍നിന്ന് രക്ഷപ്പെടാനാകാതെ ജനങ്ങള്‍ പരക്കംപായുന്ന കാഴ്ചയായിരുന്നു. ഇന്തോനേഷ്യയിലെ ടൂറിസം മേഖലയിലുണ്ടായ സുനാമി രാജ്യത്തിനു കനത്ത നാശനഷ്ടമാണ് സമ്മാനിച്ചത്. 220ലേറെ ആളുകള്‍ മരിക്കുകയും 800ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ഒട്ടേറെ പേരെ കാണാതാകുകയും ചെയ്ത ദുരന്തത്തില്‍, വീടുകളും കടകളുമടക്കം നൂറുകണക്കിനു കെട്ടിടങ്ങളാണ് നിലംപൊത്തിയത്.
മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നാണ് അധികൃതര്‍ പറയുന്നത്. ദുരന്തത്തിലകപ്പെട്ടവരെ മുഴുവന്‍ രക്ഷിക്കാനായിട്ടില്ലെന്നും ആശുപത്രികള്‍ ഇനിയും കണക്കുകള്‍ നല്‍കാനുണ്ടെന്നും വ്യക്തമാക്കിയ ഇന്തോനേഷ്യന്‍ ദേശീയ ദുരന്തനിവാരണ ഏജന്‍സി വക്താവ്, ചില ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്തിപ്പെടാനായിട്ടില്ലെന്നും വ്യക്തമാക്കി.
സംഭവത്തില്‍ പാന്തഗ്ലാങ്, സെറങ്, ദക്ഷിണ ലാമ്പങ് എന്നീ പ്രവിശ്യകളിലാണ് കൂടുതല്‍ മരണവും നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാന്തഗ്ലാങ്ങില്‍ മാത്രം 160പേര്‍ മരിച്ചതായാണ് കണക്ക്. ജാവയിലെ പ്രധാന ടൂറിസം ഏരിയയായ ഇവിടെ വിനോദസഞ്ചാര ബീച്ചുകളും നിരവധി പാര്‍ക്കുകളുമുണ്ട്. സുമാത്രയിലെ ദക്ഷിണ ലാമ്പങ്ങില്‍ 48 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. സുമാത്രയിലെ തന്നെ സെറങ്ങിലും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്തോനേഷ്യയില്‍ ഈയിടെ നിരവധി പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ എണ്ണൂറിലധികം പേര്‍ മരിച്ചിരുന്നു. ബറോറോ, പെറ്റബോ എന്നീ നഗരങ്ങളിലുണ്ടായ ഭൂചലനത്തില്‍ രണ്ടായിരം പേരാണ് മരിച്ചത്. ഒക്ടോബറിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തര സുമാത്രയില്‍ ഇരുപതാളുകള്‍ മരിച്ചിരുന്നു.2004 ഡിസംബര്‍ 24നു ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ മാത്രം 1,20,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ദുരന്തശേഷം 'തെറ്റായ സൈറണ്‍'
ജക്കാര്‍ത്ത: രാത്രി ജനങ്ങള്‍ ഉറങ്ങാന്‍ നേരം, ടൂറിസം മേഖലയില്‍ ആഹ്ലാദങ്ങള്‍ നടക്കുന്ന സമയം, അപ്പോഴാണ് ഇന്തോനേഷ്യയെ ഞെട്ടിച്ച് സുനാമി ആഞ്ഞടിച്ചത്. ഇതില്‍ റിസോര്‍ട്ടുകളിലും പൊതുഇടങ്ങളിലും ബാന്റ് മേളവും ഗാനമേളയുമടക്കം നടന്നിരുന്ന സദസുകളിലേക്കു സുനാമി കയറിവരുന്ന ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. സാധാരണ ചെറിയ ദുരന്തങ്ങള്‍ക്കു മുന്‍പുപോലും മുന്നറിയിപ്പുകള്‍ ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം അതില്ലായിരുന്നു. എന്നാല്‍, ദുരന്തത്തിനുശേഷം സുനാമി മുന്നറിയിപ്പുണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി ദുരന്തമുണ്ടായ ശേഷം ഇന്നലെ രാവിലെയാണ് പാന്തഗ്ലാങ്ങില്‍ അധികൃതര്‍ സ്ഥാപിച്ച മുന്നറിയിപ്പ് കേന്ദ്രത്തില്‍നിന്ന് അപായ സൈറണ്‍ മുഴങ്ങിയത്. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി പരക്കംപാഞ്ഞു. എന്നാല്‍, ഇത് അധികൃതര്‍ നടത്തിയ മുന്നറിയിപ്പല്ലെന്നും ടെക്‌നിക്കല്‍ മിസ്റ്റേക്കാണെന്നും വിശദീകരിച്ച് ദുരന്തനിവാരണ ഏജന്‍സി പിന്നീട് രംഗത്തെത്തുകയായിരുന്നു. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ഏജന്‍സി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."