രക്ഷാബന്ധന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമമെന്ന് ആരോപണം
തൃക്കരിപ്പൂര്‍: വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര് സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ഏതാനും വര്‍ഷങ്ങളായി കുഴപ്പങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണെന്ന് ആരോപണം. രക്ഷാബന്ധന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ പി.ടി.എ അംഗം ശ്രമിക്കുന്നുവെന്ന് എം.എസ്.എഫ് ആരോപിച്ചു. 'രക്ഷാബന്ധന്' പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു കൈയില്‍ രാഖി ധരിക്കുന്നതിന് സ്കൂളില്‍ യാതൊരു വിലക്കും നിലവിലില്ലായിരിക്കെ വിവിധ മത വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ ചില വിദ്യാര്‍ഥികളെ ഉപയോഗിച്ചു രാഖി പൊട്ടിച്ചു പ്രകോപനങ്ങള്‍ ഉണ്ടാക്കി കുഴപ്പങ്ങളുണ്ടാക്കുകയാണു പുറമെ നിന്നുള്ള ആര്.എസ്.എസും ബി.ജെ.പിയും ചെയ്തു കൊണ്ടിരിക്കുന്നതെന്നാണ് ആരോപണം.
സ്കൂള്‍ പി.ടി.എയില്‍ കയറിക്കൂടിയ മുന്‍ 'കര്‍സേവ' അംഗം കൂടിയായ ഒരു രക്ഷിതാവാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും എം.എസ്.എഫ് ആരോപിച്ചു. ഇദ്ദേഹത്തെ പി.ടി.എയില്‍ നിന്നു നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നും എം.എസ്.എഫ് മുന്നറിയിപ്പു നല്കി. സ്കൂള്‍ പൂട്ടിക്കുമെന്ന ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹിയുടെ ഭീഷണി ഈ വര്‍ഷത്തെ മികച്ച തമാശയായെ കാണാനാവൂവെന്നും സ്കൂളിന്റെ സംരക്ഷണത്തിനും സല്പേര് നിലനിര്‍ത്തുന്നതിനും എം.എസ്.എഫ് പ്രതിജ്ഞബദ്ധമാണെന്നും ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുല്ല ബീരിച്ചേരി, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ കടവില്‍, ജനറല്‍ സെക്രട്ടറി അക്ബര്‍ സാദത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."