സഊദിയിലേക്ക് വിദേശികള്‍ക്ക് ഇ-വിസ അനുവദിക്കും
ലക്ഷ്യം കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കല്‍
റിയാദ്: സഊദിയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി വിസ സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ ആലോചന. അതിവേഗത്തില്‍ ലഭിക്കുന്ന ഇ- വിസകള്‍ വിദേശികള്‍ക്ക് അനുവദിക്കാനാണ് നീക്കം. നിലവില്‍ വിസിറ്റ് വിസ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ ഏറ്റവും മുന്നിലാണ് സഊദി അറേബ്യ. എണ്ണയിതര വരുമാനം ലക്ഷ്യമാക്കി ആവിഷ്‌കരിക്കുന്ന ടൂറിസം പദ്ധതികള്‍ വിജയിക്കണമെങ്കില്‍ അതിവേഗ വിസകള്‍ കൂടി ലഭ്യമാക്കുന്നത് ഏറെ ഗുണകരമാകുമെന്ന വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നില്‍. ഏറെ വൈകാതെ തന്നെ വിദേശ സന്ദര്‍ശകര്‍ക്ക് ഇ- വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇ- വിസ അനുവദിക്കുന്ന രാജ്യക്കാരുടെ പട്ടികക്ക് അന്തിമ രൂപമായിട്ടില്ല.
വിമാന ടിക്കറ്റിനൊപ്പം അപേക്ഷിച്ച് മിനുട്ടുകള്‍ക്കകം വിസ ലഭ്യമാകുന്നതാണ് ഇ- വിസകള്‍. ഇവയാണ് ഷെന്‍ഗണ്‍ ഉള്‍പ്പെടെ 34 രാജ്യങ്ങള്‍ക്ക് അനുവദിക്കാന്‍ പോകുന്നത്. പാസ്‌പോര്‍ട്ടില്ലാതെ പരസ്പരം സഞ്ചരിക്കാവുന്ന യൂറോപ്പിലെ 26 രാജ്യങ്ങളാണ് ഷെന്‍ഗണ്‍ രാജ്യങ്ങള്‍. ഇവക്ക് പുറമെ, യു.എസ്, ആസ്‌ത്രേലിയ, ജപ്പാന്‍, സൗത്ത് കൊറിയ, സൗത്ത് ആഫ്രിക്ക, ബ്രൂണെ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കും ഇ- വിസ അനുവദിക്കാനാണ് പദ്ധതി. ഏഷ്യയില്‍ രണ്ട് രാജ്യങ്ങള്‍ക്കനുവദിച്ച സൗകര്യം പിന്നീട് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും.
കഴിഞ്ഞയാഴ്ച അവസാനിച്ച ദിര്‍ഇയ്യ ഫോര്‍മുല ഇപ്രിക്‌സ് കാറോട്ട മത്സരം വീക്ഷിക്കാന്‍ വിദേശികള്‍ക്ക് ഇ- വിസ അനുവദിച്ചിരുന്നു. ഇത് വന്‍ വിജയമായതായാണ് വിലയിരുത്തല്‍. 80 രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തോളം പേര്‍ ഇത് പ്രയോജനപ്പെടുത്തി മത്സരം വീക്ഷിക്കാനെത്തി. 14 ദിവസത്തേക്ക് അനുവദിച്ച ഇ- വിസകള്‍ക്ക് 640 റിയാലായിരുന്നു ഈടാക്കിയിരുന്നത്. അവസരം പ്രയോജനപ്പെടുത്തി പൈതൃകകേന്ദ്രങ്ങളും മരുഭൂമിയും ഇവര്‍ സന്ദര്‍ശിച്ചു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം കുത്തനെ ഉയര്‍ത്താനുള്ള വിവിധ പദ്ധതികള്‍ അടുത്ത കാലത്തായി സഊദി ആവിഷ്‌കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."