യാത്രാപ്രശ്‌നത്തിനൊപ്പം ജലക്ഷാമത്തിനും പരിഹാരം പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയായി
ബോവിക്കാനം: ബേഡഡുക്ക-മുളിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയായി. 106.75 മീറ്റര്‍ നീളത്തിലും ഒരേ സമയം രണ്ടു വാഹനങ്ങള്‍ പോകാന്‍ സാധ്യമാകും വിധം 4.27 മീറ്റര്‍ വീതിയിലും പയസ്വിനി പുഴയ്ക്കു കുറുകെ പാണ്ടിക്കണ്ടത്താണു പാലവും അനുബന്ധ തടയണയും നിര്‍മിച്ചത്.
മലയോര മേഖലയിലെ യാത്രാപ്രശ്‌നത്തിനൊപ്പം ജലക്ഷാമം പരിഹരിക്കാനും കൂടിയാണു പദ്ധതി നടപ്പിലാക്കിയത്. ബേഡഡുക്ക പഞ്ചായത്തിലെ പാണ്ടിക്കണ്ടം പ്രദേശത്തെയും മുളിയാറിലെ അരിയില്‍ പ്രദേശത്തേയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പാലത്തിന്റെ പണി പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് നിര്‍മിക്കാത്തതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്.
മുളിയാര്‍ പഞ്ചായത്തില്‍ നിര്‍മിക്കുന്ന 130 മീറ്റര്‍ റോഡ് കുട്ടിയാനം മുതല്‍ വനം വകുപ്പിന്റെ സ്ഥലത്തു കൂടിയാണു കടന്നു പോകുന്നത്. റോഡ് വീതി കൂട്ടി ടാര്‍ ചെയ്യാന്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലം വിട്ടു നല്‍കുന്നില്ലെന്നാണ് ആരോപണം. തകര്‍ന്ന റോഡിലൂടെ വാഹനങ്ങള്‍ക്കു പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ചെറുകിട ജലസേചന വകുപ്പിന്റെ പദ്ധതിക്കു നബാര്‍ഡിന്റെ അംഗീകാരവും സഹായധനവും ലഭിച്ചു.
പദ്ധതിയുടെ ആകെ ചെലവ് 20 കോടി 60 ലക്ഷം രൂപയാണ്. മൂന്നു മീറ്റര്‍ ഉയരത്തിലുള്ള തടയണയില്‍ രണ്ടു കിലോമീറ്റര്‍ വരെ പുഴയില്‍ വെള്ളം സംഭരിച്ചു നിര്‍ത്താനും ഇതിന്റെ ഷട്ടര്‍ തുറന്നാല്‍ അഞ്ചു കിലോമീറ്റര്‍ താഴെയുള്ള ബാവിക്കര ജലസംഭരണിയിലേക്കു വെള്ളം എത്തിക്കാനും സാധിക്കും. പദ്ധതി പൂര്‍ത്തിയായതോടെ മുളിയാര്‍, കൊളത്തൂര്‍, ബേഡഡുക്ക വില്ലേജുകളിലെ 2010 ഏക്കര്‍ ഭൂമിയില്‍ ജലസേചന നടത്താനും സമീപ പ്രദേശങ്ങളില്‍ ജലസാന്നിധ്യം ഉറപ്പു വരുത്താനും സാധിക്കുമെന്നാണു പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."