ശബരിമല മാസ്റ്റര്‍ പ്ലാന്‍: എരുമേലി പദ്ധതികള്‍ക്ക് തുടക്കമായി
എരുമേലി: കേന്ദ്രസര്‍ക്കാരിന്റെ സ്വദര്‍ശന്‍ പദ്ധതിപ്രകാരം ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായുള്ള 1.50 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എരുമേലിയില്‍ തുടക്കമായി. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, അയുര്‍വേദ-അലോപ്പതി ആശുപത്രികള്‍, കുടിവെള്ള വിതരണം, കുളിക്കടവിലെ പടികളുടെ നവീകരണം എന്നിവയാണ് ആദ്യഘട്ട പദ്ധതികളില്‍ നടപ്പാക്കുന്നത്.
വലിയമ്പലത്തിന് സമീപം 46 ലക്ഷം രൂപ ചെലവില്‍ നാലുക്കെട്ട് മാതൃകയില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിര്‍മിക്കും. ആശുപത്രികളുടെ നിര്‍മാണത്തിനായി 44 ലക്ഷം രൂപ ചെലവഴിക്കും. ആശുപത്രി ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കും. ഇവിടെ ഓക്‌സിജന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടാവും. മുപ്പതുലക്ഷം രൂപയുടെ കുടിവെള്ള വിതരണം പദ്ധതി നടപ്പിലാക്കും. ക്ഷേത്ര കുളിക്കടവിന്റെ പടികള്‍ നവീകരിച്ച് പൂനര്‍നിര്‍മിക്കും. കേന്ദ്ര ടൂറിസം വകുപ്പാണ് പദ്ധതിക്കായി തുക അനുവദിച്ചിരിക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രഘുരാമന്‍ അസോസിയേറ്റ് ആണ് പദ്ധതി രൂപരേഖ തയ്യാറാക്കുന്നത്. പുതിയ ടൊയ്‌ലെറ്റ് ബ്ലോക്കുകള്‍, പാര്‍ക്കിംഗ് മൈതാനങ്ങളുടെ നവീകരണം, വലിയ നടപ്പന്തലിന്റെ തറയില്‍ ഗ്രാനൈറ്റ് പാകി നവീകരിക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും. ദേവസ്വം മരാമത്ത് ഉദോഗ്യസ്ഥര്‍ എരുമേലിയില്‍ എത്തിയാണ് പദ്ധതികള്‍ വിലയിരുത്തിയത്.
ദേവസ്വം പ്രതിനിധികളായ എ.ഇ. അജിത് കുമാര്‍, രഘു, പി.ഡി ഷാജി, വിവിധ സംഘടനാ പ്രതിനിധികളായ അനിയന്‍ എരുമേലി, എസ്. മനോജ് എന്നിവരും സംഘത്തോടൊപ്പം എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."