ജനങ്ങളെല്ലാം ക്രിമിനലുകളോ?
ഗിരീഷ് കെ. നായര്‍#
[email protected]
നാട്ടില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടാല്‍ അവരൊഴികെ മറ്റു പൗരന്‍മാരെല്ലാം ക്രിമിനലുകളാണെന്ന് തോന്നും. എനിക്കും നിങ്ങള്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം വച്ചുനീട്ടുന്നതാണ് ഈ നാട്. എന്റെ സ്വാതന്ത്ര്യത്തില്‍ കുതിരകയറാനുള്ള നിങ്ങളുടെ ശ്രമം ഈ നാടിന്റെ നിയമം അനുവദിക്കുന്നില്ല. ഇതു പകല്‍പോലെ വ്യക്തമായിരിക്കെയാണ് എന്റെയും നിങ്ങളുടെയും സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കാന്‍ രാജ്യത്തെ വിവിധ ഏജന്‍സികള്‍ക്ക് ഭരണാധികാരികള്‍ അനുമതി നല്‍കിയ വാര്‍ത്ത പുറത്തുവന്നത്. ജനതയെ ക്രിമിനലുകളായി സാമാന്യവല്‍കരിക്കാനുള്ള ശ്രമം, അത് എന്തിന്റെ പേരിലായാലും എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്.
പൗരാവകാശ ധ്വംസനം
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, രാജ്യത്തെ പൗരരുടെ സ്വകാര്യതകളില്‍ നുഴഞ്ഞുകയറാന്‍ ഒരു പറ്റം ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു. വ്യക്തമായി പറഞ്ഞാല്‍ നമ്മള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലെയോ ഫോണുകളിലേയോ ടാബുകളിലേയോ അത്തരം വസ്തുക്കളിലെയോ വിവരങ്ങള്‍ തടയുകയോ നിയന്ത്രിക്കുകയോ നിരീക്ഷിക്കുകയോ ലഭിച്ചതോ അയച്ചതോ സൂക്ഷിക്കുന്നതോ ആയ രഹസ്യ വിവരങ്ങള്‍ കണ്ടെത്തുകയോ പിടിച്ചെടുക്കുകയോ ചെയ്യാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നതാണ് വിജ്ഞാപനം.
ഇന്റലിജന്‍സ് ബ്യൂറോ, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് (റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്), ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ് (ജമ്മു കശ്മിര്‍, അസം മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങിലേക്ക്), ഡല്‍ഹി പൊലിസ് കമ്മിഷണറേറ്റ് എന്നീ ഏജന്‍സികള്‍ക്കാണ് ഉത്തരവിലൂടെ അനുമതി ലഭ്യമായിരിക്കുന്നത്. ഈ ഉത്തരവ് മേല്‍പറഞ്ഞ ഏജന്‍സികള്‍ക്ക് നമ്മുടെ ഫോണ്‍ ടാപ്പ് ചെയ്യുന്നതൊഴികെയുള്ള കാര്യങ്ങള്‍ രഹസ്യമായി ചെയ്യാന്‍ കഴിയും. (ഫോണ്‍ ടാപ്പിങ് സി.ബി.ഐ യാതൊരു ഉളുപ്പുമില്ലാതെ ഇപ്പോഴും തുടരുന്നതായി വാര്‍ത്തകളില്‍ നമ്മള്‍ അറിയുന്നുണ്ടല്ലോ. അതുകൊണ്ട് അത് ഇനി പറഞ്ഞിട്ട് കാര്യമില്ല, അപ്രസക്തമാണുതാനും.)
സുപ്രിംകോടതി ഉത്തരവിന്റെ ലംഘനം
രാജ്യത്തെ പൗരര്‍ക്ക് സ്വകാര്യത മൗലികാവ കാശമാണെന്ന സുപ്രിംകോടതി വിധിയുടെ നഗ്നമായ ലംഘനമാണിത്. ഭരണഘടനാ വിരുദ്ധമാണ് ഈ ഉത്തരവ്. സര്‍ക്കാരിന്റെ പുതിയ ഉത്തരവിലൂടെ ആകെയുണ്ടായ നേട്ടം 2009ലെ ഉത്തരവിനു സമാനമായി ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാമെന്ന രീതിയിലുള്ള അഴകൊഴമ്പന്‍ നിലപാട് മാറിയെന്നാശ്വസിക്കാം. തെറ്റാണെങ്കിലും ആ തെറ്റ് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായല്ലോ. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. അതു ഭരണഘടനയുടെ 21ാം വകുപ്പില്‍ ചേര്‍ത്തിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണെന്നും ഒന്‍പതംഗ സുപ്രിംകോടതി ബഞ്ച് ഈ വര്‍ഷം ഓഗസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇതിനെ വെല്ലുവിളിക്കുന്ന തരത്തില്‍ ഭരണാധികാരിക്കു നീങ്ങാന്‍ സാധിക്കില്ലെന്ന വ്യക്തമായി ബോധ്യമാണ് നിയമത്തില്‍ തിരുത്തുമായി വരാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത് എന്നു വ്യക്തം.
പഴയ വീഞ്ഞെന്ന് കേന്ദ്രം
ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ പുറപ്പെടുവിച്ച ഈ വിജ്ഞാപനം പുതിയതല്ലെന്നാണ് കേന്ദ്ര നിലപാട്. 2009ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിനു കീഴില്‍ പ്രഖ്യാപിച്ച ഉത്തരവാണിത്. അത് പുതുക്കി വിജ്ഞാപനം നല്‍കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് വിശദീകരണം. 2009ലെ സാഹചര്യമല്ലല്ലോ ഇപ്പോഴുള്ളത്. മാത്രമല്ല, അന്നത്തെ ഉത്തരവ് നില നില്‍ക്കുമ്പോള്‍ അത് പുതുക്കുന്നതെന്തിനാണ്. കാലഹരണപ്പെട്ട ഉത്തരവുകള്‍ പിന്‍വലിക്കുമ്പോഴാണ് സാധാരണ വാര്‍ത്തയാവാറ്. ഇവിടെ, ഈ ഉത്തരവ് പൊടിതട്ടി കൊണ്ടുവന്നതൊന്നുമല്ല. ക്രിമിനലുകളെയും ഭീകരരെയും നിരീക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കുന്ന പരിമിതമായ അധികാരം എല്ലാ ജനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമമാണ് കണ്ടത്. മാത്രമോ, മുന്‍പ് ഇതൊക്കെ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതി വേണമെന്ന ഒരു വ്യവസ്ഥകൂടിയുണ്ടായിരുന്നു എന്നകാര്യം വിശദീകരണവുമായി രംഗത്തെത്തിയ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്തേ മറന്നുപോയി? ഏജന്‍സികള്‍ക്ക് ഏതെങ്കിലും വ്യക്തികളേയോ കംപ്യൂട്ടറുകളെയോ നിരീക്ഷിക്കണമെങ്കില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി തേടേണ്ടിയിരുന്നു. പുതിയ ഉത്തരവില്‍ ഈ അനുമതിക്ക് കാത്തുനില്‍ക്കേണ്ടതില്ല. യു.പി.എ സര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാനാവില്ല. സദുദ്ദേശത്തോടെ കൊണ്ടുവന്ന നിയമം, വളച്ചൊടിച്ച് പൗരര്‍ക്കെതിരേ വാളായി ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഉത്തരവ് ആരുടേതായാലും
പൗരരെ നിരീക്ഷിക്കാന്‍ ഏതു ഭരണകക്ഷിയായാലും ഉത്തരവുമായി രംഗത്തുവരുന്നത് ആശാസ്യമല്ല. മാത്രമല്ല, ഇത്തരം ഉത്തരവുകളുടെ വിശാലാര്‍ത്ഥത്തില്‍ ആര്‍ക്കും അസ്വസ്ഥത തോന്നുക സ്വാഭാവികമാണുതാനും. രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് പൗരരുടെ സ്വകാര്യതയിലേക്ക് നീട്ടാന്‍ കരം നല്‍കുന്നതും അവരുടെ ഏതു തരത്തിലുള്ള വിവരങ്ങളും (സ്വകാര്യമായാലും അല്ലെങ്കിലും) പിടിച്ചെടുക്കുന്നതും തെറ്റായ നടപടിയാണ്. രാജ്യത്തെ ഏതു കംപ്യൂട്ടറുകളിലും ഏത് ഫോണുകളിലും കടന്നു ചെന്ന് ഇത്തരം വിവരങ്ങള്‍ ശേഖരിക്കാന്‍ ഏജന്‍സികളെ പ്രാപ്തമാക്കുന്നത് അവരതു ദുരുപയോഗം ചെയ്യുന്നതിന് കാരണമാകും എന്ന മറുവാദമുണ്ട്. ഈ വാദം തള്ളിക്കളയുമ്പോഴും ഒരുകാര്യം അസന്ദിഗ്ധമാണ്. രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യ ജീവിതം എപ്പോഴും ഏതുസമയവും ഈ ഏജന്‍സികളുടെ മുന്നില്‍ തുറന്നിട്ട ജാലകത്തിനു സമാനമായിരിക്കും.
ദുരുപയോഗം
ഈ വിജ്ഞാപനം ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. ഇതിന്റെ സദുദ്ദേശ്യത്തെ ന്യായീകരിക്കാം. പ്രത്യേകിച്ച് രാജ്യത്തെ നികുതി വെട്ടിക്കുന്നവനും ക്രിമിനലുകളും തീവ്രവാദികളും മറ്റും ഈ ഉത്തരവിന്‍ കീഴില്‍ വരുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും പോലുള്ള ഏജന്‍സികളെ എത്രമാത്രം സഹായിക്കുമെന്ന് ഊഹിക്കുകയും ചെയ്യാം. അമേരിക്കയിലെ നിയമം ഇതിനു സമാനമായി ചിന്തിക്കാവുന്നതാണ്. രാജ്യത്തെ പൗരരുടെ ഇ മെയിലുകള്‍ തുറന്നു പരിശോധിക്കണമെങ്കില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കോടതി ഉത്തരവ് വേണമെന്ന് നിയമമുണ്ട്. വിദേശികളുടെ ഇ മെയിലുകള്‍ പരിശോധിക്കാന്‍ ഈ നിയമം നോക്കേണ്ടതുമില്ല.
എന്നാല്‍ 2011 സെപ്തംബറിലെ ആക്രമണത്തോടെ സ്വന്തം പൗരരെ ഒളിഞ്ഞുനോക്കാന്‍ അമേരിക്കയിലെ സുരക്ഷാ ഏജന്‍സികള്‍ ചില തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കി. ഇതിനേതിരേ പ്രതികരിച്ച യു.എസ് കോണ്‍ഗ്രസ്, പൗരരുടെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്നത് കോടതി ഉത്തരവോടെയായിരിക്കണമെന്ന് കഴിഞ്ഞ വര്‍ഷം നിര്‍ദേശം നില്‍കി.
ഇവിടെ, ഒടുവില്‍, പുതിയ ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ വിവാദം ഉണ്ടാവുകയും കേന്ദ്രം പിന്നോട്ടുപോവുകയും ചെയ്തിട്ടുണ്ട്. പൗരരുടെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കാനുള്ള ഓരോ അനുമതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ അതത് സംസ്ഥാനങ്ങളിലെ സമാന അധികാരമുള്ളവരോ നല്‍കേണ്ടതുണ്ട്. മാത്രമല്ല, ക്യാബിനറ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍, ഇങ്ങനെ നല്‍കിയ അനുമതികളെപ്പറ്റി പുനപ്പരിശോധനയും നടത്തും.
എങ്കിലും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ച ചോദ്യം തലക്കെട്ടില്‍ ഇപ്പോഴും പ്രസക്തമാണ്. ഇന്ത്യയിലെ പൗരരെയെല്ലാം ക്രിമിനലുകളെപ്പോലെ കാണുന്നതെന്തുകൊണ്ടാണ്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."