നന്മകൊണ്ട് നാടൊരുക്കാം വിദ്യകൊണ്ട് കൂടുതീര്‍ക്കാം
മുദ്രാവാക്യങ്ങളും പ്രമേയങ്ങളും അരങ്ങുതകര്‍ക്കുന്ന പുതിയകാല ലോകത്ത് ഈ മുദ്രാവാക്യം കേരളീയ മുസ്‌ലിം പരിസരത്ത് ചര്‍ച്ച ചെയ്യപ്പെടുകയാണ്. എല്ലാ കാലത്തും ഒട്ടേറെ മുദ്രാവാക്യങ്ങളും പ്രമേയങ്ങളും നമുക്കിടയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. എന്നാല്‍ എത്രമാത്രം സമൂഹത്തിന്റെ ഹൃദയങ്ങളില്‍ അവ ആഴത്തില്‍ പതിഞ്ഞു എന്നതും അവ സാമൂഹിക ചുറ്റുപാടില്‍ ഉണ്ടാക്കിയ പുരോഗതി എന്താണെന്നും നാം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
പുതിയ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ ശ്രമിക്കുതോടൊപ്പം പഴമയുടെ ദാര്‍ശനിക മൂല്യം ഉയര്‍ത്തിപ്പിടിക്കാനും നമുക്ക് സാധിക്കണം. 'നന്മകൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടുതീര്‍ക്കാം' എന്ന ഈ ആപ്തവാക്യത്തെ നാം ചേര്‍ത്തുവയ്ക്കുന്നത് കൈരളിയുടെ കുരുന്ന് മാനസങ്ങളിലേക്കാണ്.
ഇത് കേവലം പ്രഘോഷങ്ങളുടെ പെരുമ്പറ ശബ്ദമായി മാത്രം വിളംബരം ചെയ്യപ്പെടുകയല്ല. വാക്കുകള്‍ക്കിടയിലെയും വാക്കുകള്‍ക്കകത്തെയും അര്‍ഥവും സ്വഭാവവും തനിമ ചോരാതെ വിദ്യാര്‍ഥി മാനസങ്ങളിലേക്ക് പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ. സമസ്ത കേരള സുന്നി ബാലവേദി ജ്ഞാന വീഥിയിലെ കൈരളിയുടെ കുരുന്നു ഭാവനകളെ അര്‍ഥമുള്ളതും നിറമുള്ളതുമാക്കിയ ബാലകൂട്ടായ്മയാണ്. കുരുന്നു മനസുകള്‍ക്ക് നേരിന്റെ നേര്‍വെട്ടം കാട്ടിയ പകരം വയ്ക്കാനില്ലാത്ത ഈ ബാല വിദ്യാര്‍ഥി പടയണി കേരളക്കരയില്‍ നാം ചര്‍ച്ചചെയ്യുകയും പൊതുജനമധ്യത്തില്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത മുദ്രാവാക്യങ്ങളില്‍ പ്രൗഢമായതും പ്രോജ്വലിച്ചു നില്‍ക്കുന്നതുമായ വാക്യമാണ് സില്‍വര്‍ ജൂബിലി സമ്മേളന ഭാഗമായി ഒരു വര്‍ഷക്കാലം വിദ്യാര്‍ഥി മനസുകള്‍ക്കിടയിലും ജനമധ്യത്തിലും ചര്‍ച്ച ചെയ്തിട്ടുള്ളത്.
1993ല്‍ രൂപീകൃതമായ ഈ ധാര്‍മിക വിദ്യാര്‍ഥി സംഘം ഇന്ന് അഭിമാനം തുളുമ്പുന്ന ഇരുപത്തിയഞ്ചിന്റെ നിറവിലാണ് നിലകൊള്ളുത്. മദ്‌റസാ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു രൂപം കൊണ്ട സംഘത്തിന്റെ നാമം ഇന്ന് സമൂഹത്തിന്റെ ധാര്‍മിക ചുവരുകളില്‍ മായ്ച്ചുകളയാനാവാത്തവിധം രേഖപ്പെടുത്തിയിരിക്കുന്നു.
ക്രിയാത്മകമായ സംഘടനാ ശേഷിയും ചടുലമായ പ്രവര്‍ത്തനപാതയും ചുരുങ്ങിയ കാലയളവിനിടയില്‍ നടത്തിയ സാമൂഹിക ഇടപെടലുകളും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനവും സുന്നി ബാലവേദിയെ ജനകീയമാക്കിത്തീര്‍ത്തിരിക്കുന്നു. സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങള്‍ മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നിര്‍വഹിച്ച് പോരുന്ന സുന്നി ബാലവേദി മദ്‌റസാ വിദ്യാര്‍ഥികളുടെ ധാര്‍മികവും വൈജ്ഞാനികവുമായ പുരോഗതിയാണ് ലക്ഷ്യം വയ്ക്കുന്നത്.
വിദ്യാര്‍ഥി നന്മയെ പ്രോജ്വലിപ്പിക്കുതില്‍ മത വിദ്യാഭാസത്തിനും ലൗകിക വിദ്യാഭ്യാസത്തിനും വലിയ പങ്കാണുള്ളത്. അറിവ് മനുഷ്യന്റെ തമസകറ്റി പ്രകാശത്തെ, അഥവാ നന്മയെ പ്രചാരണം ചെയ്യുകയും അറിവുള്ളവനും ഇല്ലാത്തവനും ഒരിക്കലും സമന്‍മാരാകുകയില്ല എന്ന അധ്യാപനം ഇവിടെ സ്മരിക്കപ്പെടുകയുമാണ്.
സഹപാഠികളുടെ ദുഃഖം കണ്ട് പൊട്ടിച്ചിരിക്കുകയും അവന്റെ ബലഹീനതകളെ പരിഹസിക്കുകയും കഴിവുകളെ നിസാരവല്‍കരിക്കുകയുമല്ല നാം ചെയ്യേണ്ടത്. പരിസ്ഥിതിയെയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ച് സാമൂഹിക ബോധവല്‍കരണത്തിനു വേണ്ടിയാണ് സില്‍വര്‍ ജൂബിലി കാലയളവില്‍ ചിട്ടപ്പെടുത്തിയെടുത്ത 'ഖിദ്മ' സേവന സന്നദ്ധ സംഘം കര്‍മരംഗത്ത് ഇറങ്ങാന്‍ പോകുന്നത്. ഉടപ്പിറപ്പിന്റെ വേദനയറിയാത്തവരും അറിഞ്ഞിട്ടും അറിഞ്ഞ ഭാവം കാട്ടാത്തവരും സദാസമയം വിഹരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഖിദ്മയുടെ പ്രവര്‍ത്തനം കൊണ്ട് ചെറുതായെങ്കിലും മാറ്റത്തിന്റെ നാദം മുഴങ്ങുമെന്ന് നമുക്കു പ്രതീക്ഷിക്കാം.
കെ.ടി മാനു മുസ്‌ലിയാരും ഉമറലി തങ്ങളും വെട്ടിത്തെളിയിച്ച പാതയില്‍ അവരും സഞ്ചരിക്കട്ടെ, അറിവും നന്മയും സമന്വയിച്ച സംഗമിച്ച പുതുതലമുറയുടെ നിര്‍മിതിക്കായി നമുക്ക് വഴിയൊരുക്കാം. ഹൃദയം കൊണ്ട് പിന്തുണ നല്‍കാം...
'നന്മകൊണ്ട് നാടൊരുക്കാം വിദ്യകൊണ്ട് കൂടുതീര്‍ക്കാം'
(സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി
പ്രഥമ അധ്യക്ഷനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."