തൊടുപുഴയാറ്റിലും റോഡരികിലും മാലിന്യം തള്ളിയവരെ പിടികൂടി 14,500 രൂപ പിഴ ഈടാക്കി
തൊടുപുഴ: തൊടുപുഴയാറ്റിലും വെങ്ങല്ലൂര്‍- കോലാനി ബൈപാസ് അരികിലും രാത്രിയിലെത്തി അറവുമാലിന്യമടക്കം തള്ളിയവരെ നഗരസഭാ വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ നഗരസഭാ ജീവനക്കാര്‍ പതിയിരുന്ന് പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ഇവരില്‍ നിന്നും 14,500 രൂപ പിഴയും ഈടാക്കി.
വെങ്ങല്ലൂരില്‍ കശാപ്പുശാല നടത്തുന്ന കപ്രാട്ടില്‍ ജാഫര്‍, ആശിര്‍വാദ് സിനി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ചിക്കിങ് റസ്റ്റോറന്റ് ഔട്ട്‌ലെറ്റ് അധികൃതര്‍ എന്നിവരില്‍ നിന്നാണ് പിഴ ഈടാക്കിയത്. വെങ്ങല്ലൂര്‍- കോലാനി ബൈപാസിലും തൊടുപുഴയാറ്റിലും പതിവായി മാലിന്യം തള്ളുന്നത് പരിസരവാസികള്‍ നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ പുലര്‍ച്ചെ രണ്ടു മുതല്‍ വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായരുടെ നേതൃത്വത്തില്‍ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയത്.
പുലര്‍ച്ചെ മൂന്നോടെയാണ് ചിക്കിങ്ങിലെ ജീവനക്കാര്‍ ബൈക്കിലെത്തി തൊടുപുഴയാറിന്റെ കരയില്‍ മാലിന്യം തള്ളിയത്. ഇവരെ കൈയോടെ പിടികൂടി. ഇതിനു ശേഷം നാലോടെയാണ് ജാഫറിന്റെ വാഹനത്തില്‍ രണ്ട് മറുനാടന്‍ തൊഴിലാളികള്‍ ബക്കറ്റില്‍ നിറയെ അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങളുമായെത്തിയത്. ഇവര്‍ മാലിന്യം പുഴയില്‍ തള്ളിയ ശേഷമാണ് പിടികൂടാന്‍ കഴിഞ്ഞത്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് നഗരസഭാ അധികൃതര്‍ നോട്ടീസ് നല്‍കി. ജാഫറില്‍ നിന്ന് 12,500 രൂപയും ചിക്കിങ് അധികൃതരില്‍ നിന്ന് രണ്ടായിരം രൂപയും പിഴ ഈടാക്കി.നഗരസഭാ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജിന്‍സ് സിറിയക്, അന്‍ജു .കെ. തമ്പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്മിരീഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."