മെല്‍ബണില്‍ തീപാറും
മെല്‍ബണ്‍: ഇന്ത്യയും ആസ്‌ത്രേലിയയും മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായി കളത്തിലിറങ്ങുമ്പോള്‍ മെല്‍ബണില്‍ പോരാട്ടത്തിന് തീപാറും. നാല് ടെസ്റ്റുകളുടെ പരമ്പര 1-1 എന്ന നിലയിലാണ്. അഡലയ്ഡില്‍ ഇന്ത്യ ജയിച്ചപ്പോള്‍ പെര്‍ത്തില്‍ കനത്ത തിരിച്ചടി നല്‍കിയാണ് ഓസീസ് തിരിച്ചു വന്നത്. അഡലയ്ഡില്‍ ഇന്ത്യ ചരിത്രം കുറിച്ചെങ്കില്‍ പെര്‍ത്തില്‍ വന്‍ മാര്‍ജിനിലായിരുന്നു ഓസീസ് വിജയം. മുന്നിലെത്താന്‍ ഓസീസ് ഇറങ്ങുമ്പോള്‍ പാഠം ഉള്‍ക്കൊണ്ടു തിരിച്ചടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ചിനാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുന്നത്.
തോല്‍വികളായ
ഓപ്പണര്‍മാര്‍
ഇന്ത്യയുടെ തലവേദന ഓപ്പണര്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്. ചുവടുറപ്പിക്കും മുന്‍പേ പവലിയനില്‍ കയറുന്ന ഓപ്പണര്‍മാരായ മുരളി വിജയും ലോകേഷ് രാഹുലും ഓസീസ് മണ്ണില്‍ പരാജിതരാവുകയാണ്. മികച്ച തുടക്കം നല്‍കാന്‍ ഇരുവര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. അഡലയ്ഡില്‍ ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട തുടക്കം നല്‍കിയത് ഒഴിച്ചാല്‍ ഇരുവരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. മെല്‍ബണില്‍ ഒരാളുടെ സ്ഥാനം തെറിച്ചേക്കും. രണ്ടു പേരും പുറത്തേക്ക് പോകാനും സാധ്യതയേറെയാണ്. പുതുമുഖ ഓപ്പണര്‍ മയാങ്ക് അഗര്‍വാള്‍ ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയേറെയാണ്.
മികവായി പേസര്‍മാര്‍
പേസര്‍മാരെല്ലാം മികച്ച ഫോമിലായത് ഇന്ത്യക്ക് അനുകൂല ഘടകമാണ്. എന്നാല്‍, പരുക്കിനെ തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍നിന്ന് വിട്ടുനിന്ന പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍. അശ്വിന്‍ നാളെ കളിക്കാന്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ അശ്വിന്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാവു. അശ്വിന്റെ മടങ്ങി വരവില്‍ പേസര്‍ ഉമേഷ് യാദവ് പുറത്തു പോകേണ്ടി വരും. പെര്‍ത്ത് ടെസ്റ്റില്‍ ഉമേഷിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംമ്രയും മികച്ച ഫോമിലാണ്. വിക്കറ്റുകള്‍ വീഴ്ത്തുന്നതിലും റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കു കാട്ടുന്ന മൂവരും കഴിഞ്ഞ രണ്ടു ടെസ്റ്റിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടു സ്പിന്നര്‍മാരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
വിന്നിങ് ഇലവനുമായി ഓസീസ്
മെല്‍ബണിലും ഓസീസ് ടീമില്‍ മാറ്റം ഉണ്ടാവില്ല. ആദ്യ രണ്ടു ടെസ്റ്റുകളിലും കളിച്ച അതേ ഇലവന്‍ തന്നെ മൂന്നാം ടെസ്റ്റിനും ഇറങ്ങും. ആദ്യ ടെസ്റ്റില്‍ താളം തെറ്റിയ ബാറ്റിങ്‌നിര പെര്‍ത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. പെര്‍ത്തിലെ വിന്നിങ് ഇലവന്‍ തന്നെ ശേഷിക്കുന്ന ടെസ്റ്റുകളിലും കളിക്കുമെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്.
സാധ്യതാ ടീം
ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മയാങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംമ്ര.
ആസ്‌ത്രേലിയ: ടിം പെയ്ന്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍സ്‌കോംബ്, ട്രാവിസ് ഹെഡ്ഡ്, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്.
പരുക്ക് മാറി രവീന്ദ്ര ജഡേജ
മെല്‍ബണ്‍: ശാരീരിക ക്ഷമത വീണ്ടെടുത്ത രവീന്ദ്ര ജഡേജ പെര്‍ത്തില്‍ കളിച്ചേക്കും. തോളിന് പരുക്കേറ്റ ജഡേജ ശാരീരികക്ഷമത വീണ്ടെടുത്തതായി ബി.സി.സി.ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജഡേജ പരുക്കിന്റെ പിടിയിലാണെന്ന് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി വെളിപ്പെടുത്തിയിരുന്നു.
പരുക്കിന്റെ പിടിയിലായ താരങ്ങള്‍ക്ക് വിശ്രമം നല്‍കാതെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ വിശദീകരണവുമായി രംഗത്തെത്തിയത്. ആര്‍. അശ്വിന്‍, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ പരുക്കില്‍നിന്ന് പൂര്‍ണമായും മുക്തരായിട്ടില്ല. അഗര്‍വാള്‍ മെല്‍ബണില്‍ ഓപ്പണ്‍ ചെയ്യണമോയെന്ന തീരുമാനം ഇന്നുണ്ടായേക്കും. ജഡേജ മടങ്ങി വന്നാല്‍ ഹനുമാ വിഹാരി പുറത്താകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."