ചികിത്സ കിട്ടാതെ മരണം: ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായി
കൊല്ലം: ആശുപത്രികളില്‍ ചികിത്സ കിട്ടാതെ തിരുനെല്‍വേലി സ്വദേശി മുരുകന്‍ ആംബുലന്‍സില്‍ കിടന്നുമരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായി. ചികിത്സ നിഷേധിച്ചതുകൊണ്ടാണ് മുരുകന്‍ മരിച്ചതെന്ന ആരോപണത്തില്‍ തെളിവ് കണ്ടെത്താനുള്ള തീവ്ര അന്വേഷണത്തിലാണ് പൊലിസ്. ഇതുവരെ ലഭിച്ച ശാസ്ത്രീയ തെളിവുകളും മുരുകനെ ആശുപത്രികളില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ മൊഴികളും മുന്‍ ഹൈക്കോടതി വിധികളുമാണ് പൊലിസ് പരിശോധിക്കുന്നത്.
ഐ.പി.സി 304 പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പായതിനാല്‍ അന്വേഷണം അറസ്റ്റിലേക്ക് നീങ്ങുന്നതിന് കുറ്റകൃത്യം തെളിയിക്കുന്ന കൃത്യമായ തെളിവ് ലഭിക്കേണ്ടതുണ്ടെന്ന് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.സി.പി അശോകനും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ അജയനാഥും പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ മുരുകനെ കൊണ്ടുവരുന്ന സമയം രണ്ട് വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം ശസ്ത്രക്രിയ കഴിഞ്ഞു വരേണ്ട ഒരു രോഗിക്കായി മാറ്റിവച്ചിരുന്നതാണെന്ന ഡോക്ടര്‍മാരുടെ വാദത്തില്‍ കൂടുതല്‍ പരിശോധന നടത്തും. ഒഴിവുണ്ടായിരുന്ന രണ്ടാമത്തെ വെന്റിലേറ്റര്‍ കേടാണെന്ന ഡോക്ടര്‍മാരുടെ മൊഴി ശരിയാണോ എന്ന് അറിയാന്‍ വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കും. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ വിഭാഗത്തിനെതിരേയും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ ഡോക്ടര്‍മാരുടെ സ്വകാര്യ ചികിത്സയ്‌ക്കെത്തുന്ന രോഗികളെ മാത്രമേ ന്യൂറോവിഭാഗം പരിശോധിക്കുകയുള്ളൂവെന്നാണു പരാതി. മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിനു കൈമാറും. മുരുകന് ചികിത്സ നിഷേധിച്ചതില്‍ അഞ്ച് ആശുപത്രികള്‍ക്കും തുല്യ പങ്കുണ്ടെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. കൊല്ലം സിറ്റി പൊലിസ് കമ്മിഷണറുടെ സാന്നിധ്യത്തില്‍ ഡി.ജി.പി കേസിന്റെ പുരോഗതി വിലയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."