കനകദുര്‍ഗയ്ക്ക് അടുപ്പം വിപ്ലവ ആശയങ്ങളോട്
എന്‍.സി ഷെരീഫ് കിഴിശേരി#
ശബരിമല ദര്‍ശനത്തിന് പോയത് തിരുവനന്തപുരത്ത് മീറ്റിങ് ഉണ്ടെ ന്ന് പറഞ്ഞ്
അരീക്കോട് (മലപ്പുറം): ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ കനകദുര്‍ഗ കമ്മ്യൂണിസ്റ്റ് പോരാളി. എഴുത്തിന്റെ മേഖലയില്‍ താല്പര്യമുള്ളതിനാല് പാര്‍ട്ടി വേദികളിലെ സാഹിത്യ ക്യാംപിലും കവിയരങ്ങിലും പങ്കെടുത്തും മത്സരിച്ചും പതുക്കെ ഇടതുപക്ഷ വിപ്ലവ ആദര്‍ശങ്ങളോട് അടുക്കുകയായിരുന്നു ഈ 39കാരി.
മലപ്പുറം അരീക്കോടിനടുത്ത കൊഴക്കോട്ടൂരാണ് ദുര്‍ഗയുടെ തറവാട് വീട്. 12വര്‍ഷം മുന്‍പാണ് അങ്ങാടിപ്പുറം സ്വദേശിയെ വിവാഹം ചെയ്തത്. സിവില്‍ സപ്ലൈസ് വകുപ്പ് ജീവനക്കാരിയായ കനകദുര്‍ഗ തിരുവനന്തപുരത്ത് മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് ശനിയാഴ്ചയാണ് വീട്ടില്‍നിന്ന് പോയതെന്ന് സഹോദരന് പൂത്തൊടിക ഭരതന് സുപ്രഭാതത്തോട് പറഞ്ഞു. ശബരിമല ദര്‍ശനത്തിനാണ് ഇവര്‍ പോയതെന്ന് മാധ്യമങ്ങളിലൂടെയാണ് വീട്ടുകാര്‍ അറിയുന്നത്. പലപ്പോഴും ഇടത് സംഘടനകളുടെയും സിവില്‍ സപ്ലൈസ് വകുപ്പിന്റെയും പരിപാടികള്‍ക്ക് പോകാറുള്ളതിനാല്‍ ദുര്‍ഗ മീറ്റിങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുകയും ചെയ്തു.
കനകദുര്‍ഗയുടെ കുടുബാംഗങ്ങള്‍ തികഞ്ഞ ഈശ്വര വിശ്വാസികളാണ്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കനകദുര്‍ഗ ആചാര ലംഘനത്തിന് പുറപ്പെട്ടതെന്ന് സഹോദരന് ഭരതന് പറഞ്ഞു. പോകുന്നതിന് മുന്‍പ് വിദ്യാര്‍ഥികളായ രണ്ട് കുട്ടികളെയും ഇരുമ്പുഴിയിലെ സഹോദരിയുടെ വീട്ടിലാക്കുകയും ചെയ്തു.
ആചാര ലംഘനത്തോട് യോജിക്കുന്നില്ലെന്നും മാധ്യമങ്ങളെ കണ്ട് കുടുംബത്തിന്റെ ഭാഗം വിശദീകരിക്കുമെന്നും ഭരതന് പറഞ്ഞു. പു.ക.സയിലും പെരിന്തല്‍മണ്ണ വള്ളുവനാടന്‍ സാംസ്കാരിക വേദിയിലും കനകദുര്‍ഗക്ക് ഭാരവാഹിത്വം ഉണ്ടെന്നും വിവരമുണ്ട്. ശബരിമല ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയെയും കോഴിക്കോട് സ്വദേശി ബിന്ദുവിനെയും തിരിച്ചിറക്കാന്‍ ശ്രമിച്ചെങ്കിലും ബിന്ദു തിരിച്ചിറങ്ങാന്‍ തയാറായില്ല. എന്നാല്‍ സ്പെഷല്‍ ഓഫിസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലിസ് യുവതികളുമായി പമ്പയിലേക്ക് തിരിച്ചിറങ്ങി. ക്രമസമാധാന പ്രശ്നമുള്ളതു കൊണ്ട് യുവതികളുമായി തിരിച്ചിറങ്ങുന്നുവെന്നാണ് പൊലിസ് മാധ്യമങ്ങളെ അറിയിച്ചത്.
അരീക്കോട്ടെ
വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച്
അരീക്കോട് (മലപ്പുറം): ആചാരലംഘനം നടത്തിയെന്നാരോപിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയുടെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
കനകദുര്‍ഗയുടെ മലപ്പുറം അരീക്കോട്ടെ കൊഴക്കോട്ടുരിലെ പൂത്തൊടിക വീട്ടിലേക്കാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബി.ജെ.പി, ആര്.എസ്.എസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ചും നാമജപയാത്രയും നടത്തിയത്. കനകദുര്‍ഗയുടെ തറവാട് വീടാണ് കൊഴക്കോട്ടുരിലേത്.
സംഭവം അറിഞ്ഞതോടെ അരീക്കോട്, ഊര്‍ങ്ങാട്ടിരി പ്രദേശങ്ങളിലെ അന്‍പതോളം ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ 10ന് മാര്‍ച്ചുമായി എത്തുകയായിരുന്നു.
പ്രവര്‍ത്തകരെ വീടിന്റെ പരിസരത്ത് അരീക്കോട് പൊലിസ് തടഞ്ഞു. തുടര്‍ന്ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ കൊഴക്കോട്ടുര്‍ അങ്ങാടിയില്‍ നാമജപവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."