പ്രണയസാഫല്യത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ യുവതി വഞ്ചിക്കപ്പെട്ടു
കോഴിക്കോട്: പ്രണയസാഫല്യത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ യുവതിയെ പങ്കാളി വഞ്ചിച്ചതായി ആരോപണം. പേരാമ്പ്ര സ്വദേശിനി അര്‍ച്ചനാ രാജ് എന്ന 23 കാരി ആണ് പങ്കാളിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്. പ്രണയഭ്യര്‍ഥന നടത്തുകയും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്ത സഹപ്രവര്‍ത്തകയ്ക്കു വേണ്ടിയാണ് പെണ്‍കുട്ടിയായ താന്‍ ദീപു ആര്‍ ദര്‍ശന്‍ എന്ന് പേരുമാറ്റുകയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി യുവാവാകുകയും ചെയ്തത്. ശസ്ത്രക്രിയ ചെയ്തു മടങ്ങിവന്നപ്പോള്‍ കൂട്ടുകാരി വിവാഹത്തില്‍ നിന്ന് പിന്മാറുകയും തന്നെ ഒഴിവാക്കി തന്റെ ജീവിതം തകര്‍ത്തെന്നും ദീപു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്നവരായിരുന്നു യുവതികള്‍. പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ച്ഛനാ രാജ് 2018 ഒക്ടോബര്‍ 19 ന് ചെന്നൈയില്‍ വച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി.
ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണോ പിന്മാറ്റമെന്നറിയാന്‍ കോടതില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. എന്നാല്‍ കോടതിയിലും യുവതി തള്ളിപറഞ്ഞു. അതോടെ തന്റെ ജീവിതം തകര്‍ത്തതിന് വഞ്ചനാ കുറ്റത്തിന് കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ദീപു.
ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീ ആയി ജീവിക്കാനായിരുന്നു ഇഷ്ടം. പക്ഷേ ഒരുമിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിച്ചുകളയും എന്നടക്കമുള്ള കൂട്ടുകാരിയുടെ പിടിവാശിയാണ് തന്നെ ലിംഗമാറ്റ ശസ്ത്രക്രിയയിലേയ്ക്ക് എത്തിച്ചതെന്ന് ദീപു ആരോപിച്ചു. ട്രാന്‍സ് ജെന്‍ഡറായി മാറ്റം സംഭവിച്ചതിനെ തുടര്‍ന്ന് താന്‍ പുരുഷനായി ശസ്ത്രക്രിയ നടത്തിയെന്നാണ് നാടും നാട്ടുകാരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നും മറ്റാര്‍ക്കും തന്റെ ഗതി ആവര്‍ത്തിക്കപ്പെടരുതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."