ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഹൃദയഭേദക കാഴ്ച പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു
ഗൊരഖ്പൂര്‍: കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ മുത്തം കൊടുത്ത് മരുന്ന് വാങ്ങിക്കാന്‍ പോയ തനിക്ക് തിരിച്ചു വന്നപ്പോള്‍ അവന്റെ ജീവനറ്റ ശരീരമാണ് കാണാനായതെന്ന് പിതാവ് ദീപ് ചന്ദ്. ഗൊരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 10 ദിവസം മാത്രം പ്രായമുള്ള ഇയാളുടെ കുഞ്ഞ്. ആശുപത്രിക്ക് പുറത്ത് നിന്ന് മരുന്ന് വാങ്ങിച്ച് അരമണിക്കൂറിനകം തിരിച്ചുവന്നപ്പോഴേക്കാണ് ദുരന്തമുണ്ടായതെന്ന് ദീപ് ചന്ദ് പറയുന്നു.
ദീപ് ചന്ദ് മാത്രമല്ല, കുട്ടികള്‍ മരിച്ച രക്ഷിതാക്കള്‍ അലമുറയിട്ട് കരയുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. ഇതിന് കാരണക്കാരായ സംസ്ഥാന സര്‍ക്കാരാകാട്ടെ ജീവനക്കാരുടെ മേല്‍ കുറ്റം കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.
മരിച്ച കുട്ടികളുടെ രക്ഷിതാക്കളും ദൃക്‌സാക്ഷികളും ഓക്‌സിജന്റെ ലഭ്യതയില്ലാത്തതാണ് ദുരന്തത്തിന് കാരണമെന്ന് പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകയാണ്. കുട്ടികളുടെ മരണത്തിനിടയില്‍ പ്രതിഷേധം രൂക്ഷമായതോടെ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും ഇത് ശരിയല്ലെന്ന് മരിച്ച ഏഴുവയസുകാരിയുടെ മാതാവ് സരോജ് ദേവി പറഞ്ഞു. ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലെന്ന വിവരം വ്യാഴാഴ്ച രാവിലെതന്നെ അറിഞ്ഞിരുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞു. കുട്ടികള്‍ മരിക്കാനിടയായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാരും ഡോക്ടര്‍മാരും തയാറാകുന്നില്ലെന്നും സരോജ് ദേവി ആരോപിച്ചു.
ദുരന്തത്തെ അതിജീവിച്ചെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുമാസം പ്രായമുള്ള മകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് മുഹമ്മദ് സാഹിദും ഭാര്യ അമൈറയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ സ്ഥിതി വഷളായിട്ടും മാതാപിതാക്കളായ ഞങ്ങളെ കാണിക്കാന്‍ ഇതുവരെ ഡോക്ടര്‍മാര്‍ അനുവദിച്ചിട്ടില്ല.
മരിച്ച കുട്ടികളുടെ മൃതദേഹവും കൈയിലെടുത്ത് വിലപിക്കുന്ന രക്ഷിതാക്കള്‍ക്ക് മുന്നില്‍ ആശുപത്രി അധികൃതരും കൈമലര്‍ത്തുകയാണ്. ഇനിയെന്ത് ചെയ്യുമെന്നറിയാതെ രക്ഷിതാക്കള്‍ തങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയിട്ടും സര്‍ക്കാര്‍ തലത്തില്‍ അനുഭാവ പൂര്‍വമായ നടപടികളുണ്ടായിട്ടില്ല. ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ സ്ഥിതിയറിയാന്‍ രക്ഷിതാക്കള്‍ ഡോക്ടര്‍മാരെ കാണാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വാര്‍ഡുകളുടെ അടുത്തേക്ക് വരാന്‍പോലും അനുവദിക്കുന്നില്ല.
ചികിത്സക്കായി ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നില്‍ 90 ശതമാനവും പുറത്തു നിന്നാണ് വാങ്ങിക്കുന്നത്.
ആശുപത്രിയില്‍ മരുന്ന് ലഭ്യമല്ലാത്തതു സംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. പാവപ്പെട്ട രോഗികള്‍ മരുന്ന് വാങ്ങിക്കാന്‍ കഷ്ടപ്പെടുന്ന കാര്യം അറിയിക്കാറുണ്ടെങ്കിലും ആശുപത്രി അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കാറില്ലെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."