അതിരപ്പിള്ളിയെ ചൊല്ലി മുന്നണികളില്‍ ഭിന്നത
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ ചൊല്ലി ഭരണപക്ഷത്തിനു പിന്നാലെ പ്രതിപക്ഷത്തും ഭിന്നത. പദ്ധതി വേണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം തള്ളി മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതോടെയാണ് അതിരപ്പിള്ളിയെ ചൊല്ലി കോണ്‍ഗ്രസിലും ഭിന്നത മറനീക്കിയത്. അതിരപ്പിള്ളി പദ്ധതിയില്‍ നിര്‍മാണം തുടങ്ങിയെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെ എതിര്‍പ്പ് പരസ്യമാക്കി വി.എസ് അച്യുതാനന്ദനും സി.പി.ഐയും രംഗത്തെത്തിയിരുന്നു.
ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് മുന്‍ വൈദ്യുതി മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും കെ. മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ നിലപാടിനോട് ശക്തമായ എതിര്‍പ്പാണ് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ ഉയര്‍ത്തിയത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ അതിരപ്പിള്ളി പദ്ധതി സംസ്ഥാനത്തിനു ഗുണകരമാകുമെന്ന നിലപാടിലായിരുന്നു യു.ഡി.എഫ്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതോടെയാണു വിരുദ്ധ നിലപാടിലേക്ക് യു.ഡി.എഫ് ചുവടുമാറ്റിയത്. വികസനത്തിന് ഊന്നല്‍ നല്‍കി അഭിപ്രായ സമന്വയമെന്ന ഇടതു മുന്നണിയിലെ അതിരപ്പിള്ളി അനുകൂലികളുടെ സമാന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി.
അതിരപ്പിള്ളിയില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടെ പദ്ധതിക്ക് അനുകൂലമായ നിലപാടുമായി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത് പ്രതിപക്ഷത്തെയും കെ.പി.സി.സി നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. പ്രതിപക്ഷത്ത് ഭിന്നത പരസ്യമായതോടെ പ്രശ്‌നം ലഘൂകരിക്കാന്‍ ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. താനും ഉമ്മന്‍ചാണ്ടിയും പറഞ്ഞത് ഒന്നാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കും മുന്‍പ് പൊതുചര്‍ച്ച വേണമെന്നും അഭിപ്രായ സമന്വയത്തോടെ പദ്ധതി നടപ്പാക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും അതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതിരപ്പിള്ളി വൈദ്യുത പദ്ധതി വേണ്ടെന്ന കാര്യത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും ഈ തീരുമാനം യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്തതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ലെന്നു വ്യക്തമാക്കിയ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന മുന്നറിയിപ്പും നല്‍കി.
പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അനുമതിക്കായി വീണ്ടും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് നേരത്തെ കത്ത് നല്‍കിയിരുന്നു.
പ്രകൃതിക്കും പരിസ്ഥിതിക്കും കനത്ത ദോഷം വരുത്തുന്ന ഈ പദ്ധതി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ നാശത്തിനു വഴിവയ്ക്കുമെന്നും 140 ഹെക്ടറോളം വനത്തെ വെള്ളത്തില്‍ മുക്കുന്ന പദ്ധതി അത്യപൂര്‍വമായ സസ്യ, ജന്തു സമ്പത്തിനു നാശമുണ്ടാക്കുമെന്നും കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി. അതിരപ്പിള്ളി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വി.എസും സി.പി.ഐയും ഉയര്‍ത്തിയ എതിര്‍പ്പ് നിയമസഭയിലും പുറത്തും രാഷ്ട്രീയമായി മുതലെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു പ്രതിപക്ഷം. എന്നാല്‍, സ്വന്തം ചേരിയില്‍ തന്നെ ഭിന്നത രൂക്ഷമായതോടെ പദ്ധതി കീറാമുട്ടിയായി മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."