പ്രവൃത്തി പൂര്‍ത്തിയായി അഞ്ചു മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു
പന്തല്ലൂര്‍: പ്രവൃത്തി പൂര്‍ത്തിയായി അഞ്ചു മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു. പന്തല്ലൂര്‍ താലൂക്കിലെ ഉപ്പട്ടിക്ക് സമീപത്തുള്ള ഭൂധാനംകുന്നിലേക്കുള്ള കോണ്‍ക്രീറ്റ് റോഡാണ് തകര്‍ന്നത്.
വര്‍ഷങ്ങളായി ടാറിങ് നടത്താത്ത മണ് റോഡായിരുന്നു നാട്ടുകാര്‍ ആശ്രയിച്ചിരുന്നത്. ഗ്രാമത്തിലേക്കുള്ള റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാല്‍ രോഗികളെയും മറ്റും കൊണ്ടുപോകുന്നതിനും പ്രത്യേകിച്ച് മഴക്കാലത്ത് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യവും നിലനിന്നിരുന്നു. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നെല്ലിയാളം നഗരസഭയുടെ വികസന ഫണ്ടില്‍ നിന്ന് എട്ടു ലക്ഷം മുടക്കിയാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചത്.
എന്നാല്‍ റോഡ് പണി പൂര്‍ത്തിയാക്കി അഞ്ചു മാസം പിന്നിട്ടപ്പോഴേക്കും റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്ന് കുണ്ടും കുഴിയുമായി തീര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. അശാസ്ത്രീയ നിര്‍മാണമാണ് റോഡ് തകരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് അടിയന്തരമായി നന്നാക്കണമെന്നും നിര്‍മാണത്തില്‍ അപാകത വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."