ഉപഭോക്താക്കളെ വലച്ച് ബാങ്ക് ജീവനക്കാരുടെ സമരം: വാളാട് ടൗണില്‍ ഇടപാടുകാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു
മാനന്തവാടി: ബാങ്ക് തുറന്ന് പ്രവൃത്തിക്കാത്തതില് പ്രതിഷേധിച്ച് ഇടപാടുകാരുടെ നടുറോഡില്‍ കിടന്ന് പ്രതിഷേധം. വാളാട് ടൗണില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയുടെ മുന്നിലെ റോഡില്‍ ഇന്നലെ രാവിലെ പത്തോടെയാണ് പ്രതിഷേധവുമായെത്തിയത്.
സംസ്ഥാന തലത്തിലുള്ള കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി വാളാട് പ്രവര്‍ത്തിക്കുന്ന ശാഖയും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇന്നലെ രാവിലെ ബാങ്ക് തുറക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പേര് എത്തിയിരുന്നു. എന്നാല്‍ ബാങ്ക് തുറക്കില്ലെന്ന് അറിഞ്ഞപ്പോള്‍ ചിലര്‍ നടുറോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും തടിച്ചുകൂടി. ഇതോടെ ഒരു മണിക്കൂറിലേറെ വാളാട് റോഡില്‍ ഗതാഗതം സ്തംഭിച്ചു. പിന്നീട് തലപ്പുഴ എസ്.ഐ സി.ആര് അനില്‍കുമാര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
ബാങ്ക് സമരം കാരണം വാളാട് പ്രദേശത്തുള്ള നിരവധി പേരാണ് ഇടപാട് നടത്താന്‍ കഴിയാതെ വലഞ്ഞത്. വാളാട് ടൗണില്‍ ഗ്രാമീണ്‍ ബാങ്ക് മാത്രമാണുള്ളത്. വാളാട് എ.ടി.എം സംവിധാനം ഇല്ലാത്തത് മൂലം പണം പിന്‍വലിക്കാന്‍ ബാങ്ക് ഇടപാടുകാര്‍ക്ക് തലപ്പുഴയിലോ മാനന്തവാടിയോ എത്തേണ്ട സാഹചര്യമാണുള്ളത്. ഇതാണ് ഇടപാടുകാരുടെ പ്രതിഷേധത്തിന് കാരണം. ജില്ലയിലെ മറ്റിടങ്ങളിലും സമരം ഇടപാടുകാരെ വലച്ചിരിക്കുകയാണ്.
മേപ്പാടി-ചൂരല്‍മലയില്‍ എ.ടി.എം സംവിധാനമുള്ളത് ഗ്രാമീണ്‍ ബാങ്ക് ബാങ്കിന് മാത്രമാണ്. ദിവങ്ങളായി ബാങ്ക് തുറക്കാത്തതിനാല്‍ എ.ടി.എം കാലിയായ സ്ഥിതിയാണ്. പണം പിന്‍വലിക്കാന്‍ ഇടപാടുകാര്‍ 15 കിലോമീറ്റര്‍ സഞ്ചരിച്ച് മേപ്പാടിയിലെത്തേണ്ട സ്ഥിതിയാണ്. ബാങ്ക് സേവനങ്ങള്‍ കുറവായ ഗ്രാമീണ മേഖലയിലുള്ളവരേയാണ് സമരം കാര്യമായി ബാധിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."